20 കോടി തട്ടിയെടുത്ത് മുങ്ങിയ ജീവനക്കാരി പൊലീസില്‍ കീഴടങ്ങി

തൃശൂര്‍: തൃശൂരിലെ സ്വകാര്യ ധനസ്ഥാപന ത്തില്‍നിന്ന് 20 കോടി രൂപ തട്ടിയെടുത്ത് മുങ്ങിയ ജീവനക്കാരി പൊലീസില്‍ കീഴടങ്ങി. നെല്ലിമുക്ക് പൊന്നമ്മ വിഹാറില്‍ ധന്യ മോഹന്‍ (40) ആണ് കൊല്ലം ഈസ്റ്റ് പൊലിസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. തൃപ്രയാര്‍ വലപ്പാട് മണപ്പുറം കോംപ്ലെക് ആന്‍ഡ് കണ്‍സള്‍ട്ടന്റ് ലിമിറ്റഡ് കമ്പനി അസിസ്റ്റന്റ്‌റ് ജനറല്‍ മാനേജരാണിവര്‍. മണപ്പുറം ഫിനാന്‍സിന്റെ ഐടി വിഭാഗം കൈകാര്യം ചെയ്യുന്ന കമ്പനിയാണിത്. കമ്പനിയുടെ പരാതിയെത്തുടര്‍ന്ന് തൃശുരില്‍നിന്നുള്ള പൊലീസ് സംഘം രണ്ടുദിവസമായി കൊല്ലത്ത് അന്വേഷണം നടത്തിവരിക
യായിരുന്നു. പ്രതിയെ കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് മെഡിക്കല്‍ പരിശോധനയ്ക്കുശേഷം കൊല്ലത്തെ വനിതാ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. വലപ്പാട് പൊലീസ് എത്തി പ്രതിയെ തൃശുരിലേക്ക് കൊണ്ടുപോയി. ഏപ്രില്‍ മുതലാണ് ഇവര്‍ വിവിധ അക്കൗണ്ടുകളിലേക്ക് പണം മാറ്റി തട്ടിപ്പുനടത്തിയത്.

ധനകാര്യ സ്ഥാപനത്തില്‍നിന്ന് പണം തട്ടി മുങ്ങിയ ധന്യയെ കുരുക്കിയത് പൊലീസിന്റെ ജാഗ്രതയോടെയുള്ള ഇടപെടല്‍. തട്ടിപ്പ് സംബന്ധിച്ച് പരാതി കിട്ടിയ ഉടന്‍ ധന്യയുടെ സ്വദേശമായ കൊല്ലം കേന്ദ്രീകരിച്ച് വ്യാപക തിരച്ചില്‍ ആരംഭിച്ചു. ഇതോടെ ഗത്യന്തരമില്ലാതെ ഇവര്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു. തൃശൂരില്‍നിന്നുള്ള സംഘം യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കാന്‍ ഡിവൈഎസ്പി വി കെ രാജുവിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു.

ഏപ്രില്‍ മുതല്‍ സ്ഥാപനത്തില്‍നിന്ന് വ്യാജ ലോണുകള്‍ ഉണ്ടാക്കി കമ്പനിയുടെ ഡിജിറ്റല്‍ പേഴ്‌സണല്‍ ലോണ്‍ അക്കൗണ്ടില്‍നിന്ന് ധന്യ 80 ലക്ഷം രൂപ തട്ടിയെടുത്തതായാണ് ആദ്യം കണ്ടെത്തിയത്. വിശദമായ പരിശോധനയില്‍ 19.94 കോടി തട്ടിയെടുത്തതായി കണ്ടെത്തി. ബന്ധുക്കളുടെ വിവിധ അക്കൗണ്ടുകളിലേക്ക് പണം അയച്ചതായാണ് വിവരം. പിടിയിലാവുമെന്ന് മനസ്സിലാക്കി ശാരീരിക ബുദ്ധിമുട്ടെന്നു പറഞ്ഞ് ഓഫീസില്‍നിന്ന് മുങ്ങുകയായിരുന്നു. ധന്യ ഒരു വര്‍ഷമായി വലപ്പാട് തിരുപഴഞ്ചേരി ക്ഷേത്രത്തിനു വടക്കുഭാഗത്ത് പുതിയ വീടുവച്ച് താമസിക്കുകയാണ്. തട്ടിയെടുത്ത പണം ആഡംബര ജീവിതത്തിനായാണ് ഉപയോഗിച്ചത്. നെല്ലിമുക്കില്‍ കുടുംബവീടിനോട് ചേര്‍ന്ന് ഇരുനില വീട് നിര്‍മിച്ചു. തൃശൂരില്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട് വാങ്ങി. തിരുവനന്തപുരത്തും വീട് വാങ്ങി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top