കോഴിക്കോട് ജില്ലയിൽ 1,78,457 കുട്ടികൾക്ക് തുള്ളി മരുന്ന് നൽകി

HIGHLIGHTS : 1,78,457 children were given drops of medicine in Kozhikode district

കോഴിക്കോട് :പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി ജില്ലയിലെ വിവിധ ബൂത്തുകളിലായി 1,78,457 കുട്ടികൾക്ക് തുള്ളി മരുന്ന് നൽകി. ജില്ലയിൽ അഞ്ച് വയസ്സിന് താഴെയുള്ള 2,06,363 കുട്ടികളാണ് ഉള്ളത്. അതിൽ 86.5 ശതമാനം പേർക്കാണ് ഒന്നാം ദിവസമായ ഞായാഴ്ച പോളിയോ തുള്ളിമരുന്ന് നൽകിയത്. ഇതര സംസ്ഥാന തൊഴിലാളികളുടെ 1117 കുട്ടികളാണ് വാക്സിൻ സ്വീകരിച്ചത്.

ജില്ലയിൽ സര്‍ക്കാര്‍ ആശുപത്രികള്‍, സ്വകാര്യ ആശുപത്രികള്‍, അങ്കണവാടികള്‍, ജനകീയാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലായി ഒരുക്കിയ 2,215 ബൂത്തുകള്‍ക്കു പുറമെ ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ 53 കേന്ദ്രങ്ങളില്‍ ട്രാന്‍സിറ്റ് ബൂത്തുകളും പ്രവര്‍ത്തിച്ചു. ബൂത്തുകളില്‍ എത്താന്‍ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലും ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകളിലും തുള്ളിമരുന്ന് എത്തിക്കാന്‍ 26 മൊബൈല്‍ ടീമുകളുമുണ്ടായിരുന്നു. തുള്ളിമരുന്ന് നൽകാൻ സാധിക്കാത്തവർക്ക് ഒക്ടോബർ 13,14  ആരോഗ്യ പ്രവർത്തകർ വീടുകളിലെത്തി വാക്സിൻ നൽകും.

പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും സർക്കാർ ആശുപത്രിയിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ കെ രാജാറാം നിർവഹിച്ചു. കോഴിക്കോട് നഗരസഭ ഡിവിഷൻ കൗൺസിലർ എസ് കെ അബൂബക്കർ അധ്യക്ഷത വഹിച്ച പരിപാടിയിൽ എൻഎച്ച്എം പ്രോഗ്രാം ഓഫീസർ ഡോ. സി കെ ഷാജി, സ്ത്രീകളുടെയും കുട്ടികളുടെയും സർക്കാർ ആശുപത്രി സൂപ്രണ്ട് ഡോ. എം സുജാത, ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ. നവ്യ ജെ തൈക്കാട്ടിൽ, മാസ് മീഡിയ ഓഫീസർ ഡോ. എൻ ഭവില, ആർഎംഒ ഡോ. ബിന്ദു, പി പി യൂണിറ്റ് മെഡിക്കൽ ഓഫീസർ ഡോ. സുജിത്ത്, എൻക്യുഎഎസ് നോഡൽ ഓഫീസർ ഡോ. അഫ്സൽ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്‌ഥർ എന്നിവർ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!