രാജ്യാന്തരവിദ്യാര്‍ഥികള്‍ തെരഞ്ഞെടുക്കുന്ന പഠനകേന്ദ്രമായി കേരളം മാറി:മുഖ്യമന്ത്രി, 41 രാജ്യങ്ങളില്‍ നിന്ന് 162 വിദ്യാര്‍ഥികള്‍; കനകക്കുന്നില്‍ ലോക വിദ്യാര്‍ഥി സംഗമമൊരുക്കി കേരളീയം

രാജ്യാന്തരവിദ്യാര്‍ഥികള്‍ തെരഞ്ഞെടുക്കുന്ന പ്രധാന പഠന കേന്ദ്രങ്ങളിലൊന്നായി കേരളം മാറിയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ നേട്ടങ്ങളുടെ പ്രദര്‍ശനവുമായി നവംബര്‍ ഒന്നുമുതല്‍ ഏഴുവരെ തിരുവനന്തപുരത്തു നടക്കുന്ന കേരളീയത്തിനു മുന്നോടിയായി കനകക്കുന്ന് പാലസ് ഹാളില്‍ നടന്ന രാജ്യാന്തര വിദ്യാര്‍ഥി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.കേരള സര്‍വകലാശാലയ്ക്കു കീഴിലുള്ള പഠനവകുപ്പുകളിലും കോളജുകളിലും പഠിക്കുന്ന 41 രാജ്യങ്ങളിലെ 162 വിദേശവിദ്യാര്‍ഥികളാണ് സംഗമത്തില്‍ പങ്കെടുത്തത്.

43,500 ചതുരശ്ര അടിയുള്ള ഹോസ്റ്റല്‍ സമുച്ചയമടക്കമുള്ളവ കേരളത്തില്‍ ഉപരിപഠനത്തിനെത്തുന്ന രാജ്യാന്തരവിദ്യാര്‍ഥികള്‍ക്കായി ഒരുക്കിക്കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇന്ത്യയിലെ മറ്റുസംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികളെയും കേരളം ആകര്‍ഷിക്കുകയാണ്. നാല്‍പതിലേറെ രാജ്യങ്ങളില്‍ നിന്നുള്ള 450 വിദ്യാര്‍ഥികള്‍ കേരളത്തിലെ ക്യാമ്പസുകളില്‍ പഠിക്കുന്നുണ്ട്.ബഹുസ്വരതയും വൈവിധ്യമാര്‍ന്ന സാംസ്‌കാരികതയും കേരളത്തിന്റെ ഭാഗമാണെന്നതിന്റെ സാക്ഷ്യപത്രം കൂടിയാണിത്.കേരളത്തെ അറിവിന്റെ സമ്പദ്വ്യവസ്ഥയും നൂതനസമൂഹവുമായി പരിവര്‍ത്തനപ്പെടുത്തുന്ന പ്രക്രിയയിലാണ് നമ്മള്‍. നവകേരളം സാക്ഷാത്കരിക്കുന്നതിനായി കേരളത്തെ പുതുതായി നിര്‍മിച്ചുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ വിദേശവിദ്യാര്‍ഥികള്‍ക്കുള്ള സ്‌നോഹോപഹാരവും മുഖ്യമന്ത്രി സമ്മാനിച്ചു.
ഉന്നതവിദ്യാഭ്യാസ ഗുണനിലവാരം ഉയര്‍ത്തുന്നതിനാണ് സര്‍ക്കാര്‍ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ളതെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍.ബിന്ദു പറഞ്ഞു. ലോകോത്തരനിലവാരം പുലര്‍ത്തുന്ന ഉന്നതവിദ്യാഭ്യാസത്തിന്റെ ഹബ്ബായി കേരളത്തെ മാറ്റാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു.

ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി.കേരളീയം സംഘാടകസമിതി ചെയര്‍മാനും പൊതുവിദ്യാഭ്യാസ,തൊഴില്‍വകുപ്പു മന്ത്രി വി.ശിവന്‍കുട്ടി,മേയര്‍ ആര്യാ രാജേന്ദ്രന്‍, എം എല്‍ എ മാരായ സി.കെ. ഹരീന്ദ്രന്‍,ഐ.ബി.സതീഷ്,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാര്‍,മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു,കേരളീയം സ്വാഗത സംഘം കണ്‍വീനര്‍ എസ്.ഹരികിഷോര്‍, ഐ പി ആര്‍ ഡി ഡയറക്ടര്‍ ടി.വി.സുഭാഷ്,കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഡോ.കെ.എസ്. അനില്‍കുമാര്‍ എന്നിവരും പരിപാടിയില്‍ പങ്കാളികളായി. തുടര്‍ന്ന് കനകക്കുന്നു പാലസ് ഹാളില്‍ വിദേശവിദ്യാര്‍ഥികളുടെ കലാപരിപാടികളും അരങ്ങേറി.

രാജ്യാന്തരവിദ്യാര്‍ഥി സംഗമത്തിനു വേദിയായി കനകക്കുന്ന് കൊട്ടാരവളപ്പ്.കേരളത്തിന്റെ നേട്ടങ്ങളുടെ പ്രദര്‍ശനവുമായി നവംബര്‍ ഒന്നുമുതല്‍ ഏഴുവരെ തിരുവനന്തപുരത്തു നടക്കുന്ന കേരളീയത്തിനു മുന്നോടിയായാണ് കേരള സര്‍വകലാശാലയില്‍ ഉന്നത വിദ്യാഭ്യാസത്തിനെത്തിയ രാജ്യാന്തര വിദ്യാര്‍ഥികളുടെ സംഗമവും സാംസ്‌കാരികആഘോഷവും സംഘടിപ്പിച്ചത്. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ബെനിന്‍, ബോട്ട്സാന, കാമറൂണ്‍, ചാഡ്, കൊളംബിയ, കൊമോറോസ്, എത്യോപ്യ, ഇന്തോനേഷ്യ, ഇറാന്‍, ഇറാഖ്, ജോര്‍ദാന്‍, കെനിയ, ലാവോസ്, ലെസോത്തോ, മലാവി, മലേഷ്യ, മാലി, മൗറീഷ്യസ്, കമൊസാംബിക്യൂ, നമീബിയ, നേപ്പാള്‍, നൈജീരിയ,പലസ്തീന്‍, റുവാന്‍ഡ, സിയറാ ലിയോണ്‍, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, സുഡാന്‍, സിറിയ, താജിക്കിസ്ഥാന്‍, താന്‍സാനിയ, ഗാംബിയ, ട്രിനിഡാഡ്  ആന്‍ഡ്ടുബാഗോ, തുര്‍ക്ക്മെനിസ്ഥാന്‍, ഉഗാണ്ട, വിയറ്റ്നാം, യെമന്‍, സാംബിയ, സിംബാബ്വെ എന്നീ 41 രാജ്യങ്ങളില്‍ നിന്നെത്തിയ 162 വിദ്യാര്‍ഥികളാണ് സംഗമത്തില്‍ പങ്കെടുത്തത്. കേരള സര്‍വകലാശാലയിലെ വിവിധ പഠനവകുപ്പുകളില്‍ ബിരുദ, ബിരുദാനന്തര, ഗവേഷണ കോഴ്സുകളില്‍ പഠിക്കുന്നവരാണ് തങ്ങളുടെ രാജ്യത്തെ പ്രതിനിധീകരിച്ചു കേരളീയത്തിന്റെ സംഘാടസമിതി ഓഫീസ് കൂടിയായ കനകക്കുന്ന് പാലസില്‍ നിറഞ്ഞുനിന്നത്.ബിരുദതലത്തില്‍ പഠിക്കുന്ന 28 വിദ്യാര്‍ഥികള്‍,ബിരുദാനന്തരബിരുദത്തിന് പഠിക്കുന്ന 62 വിദ്യാര്‍ഥികള്‍,ഗവേഷകരായ 52 പേര്‍ എന്നിവരാണ് കേരളീയത്തിന്റെ ഭാഗമാകാന്‍ എത്തിയത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top