തിരൂരങ്ങാടി: കൊളപ്പുറം ഏആര്‍ നഗറില്‍ വീട്ടിലെ അലമാരയില്‍ നിന്ന് 12 പവന്‍ മോഷ്ടിച്ച സംഭവത്തില്‍ 16 കാരി പിടിയിലായി. തമിഴ്‌നാട് കോയമ്പത്തൂര്‍ സ്വദേശിനിയാണ് പിടിയിലായത്. കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ഏആര്‍നഗര്‍ സ്വദേശിയായ അബ്ദുള്‍ ഹമീദന്റെ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന മരുമകളുടെ 12 പവന്‍ ആഭരണങ്ങള്‍ കളവുപോയത്. തുടര്‍ന്ന് തിരൂരങ്ങാടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഡിവൈഎസ്‌പി എംഐ ഷാജിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് 16 കാരി പിടിയിലായത്.
കുറച്ച് ദിവസമായി അന്വേഷണ സംഘം വീട്ടില്‍ നേരത്തെ ജോലിചെയ്‌തിരുന്ന ഊട്ടി സ്വദേശിനിയെ കേന്ദ്രീകരിച്ചും അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണ്
പരാതിക്കാരന്റെ വീട്ടില്‍ നേരത്തെ ജോലി ചെയ്‌തിരുന്ന ഊട്ടി സ്വദേശിയായ യുവതിക്കൊപ്പം ഇടയ്‌ക്ക് വന്ന് പോയിരുന്ന 16 കാരിയാണ് സ്വര്‍ണം മോഷ്ടിച്ചതെന്ന് കണ്ടെത്താനായത്. ഇവരുടെ താമസ സ്ഥലത്ത് വസ്‌ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ 12 പവന്‍ സ്വര്‍ണാഭരണങ്ങളും പോലീസ് കണ്ടെത്തി. മുമ്പ് ജോലി ചെയ്‌തിരുന്ന ഊട്ടി സ്വദേശിനിയെയും അവരുമായി ബന്ധമുള്ള തമിഴ്‌നാട്ടില്‍ നിന്ന് വന്ന് വീടുകളില്‍ ജോലിക്ക് പോകുന്ന സ്‌ത്രീകളെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ വളരെ പെട്ടെന്ന് പിടികൂടാനായതെന്ന് പോലീസ് പറഞ്ഞു.
അന്വേഷണ സംഘത്തില്‍ താനൂര്‍ ഡിവൈഎസ്‌പി എംഐ ഷാജിക്ക് പുറമെ എസ്‌ഐ രതീഷ് പിഎം, എസ്‌ഐ പ്രമോദ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സലേഷ്, വനിത സിവില്‍ പോലീസ് ഓഫീസര്‍മാര ജിജി, സജിനി, സിപിഒമാരായ ജിനേഷ്,വിനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. പ്രതിയെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.




