തിരുവനന്തപുരം:വിനോദസഞ്ചാരത്തിന്റെ അനന്തസാധ്യതകളിലേക്കുള്ള ചര്‍ച്ചകളുമായി സംസ്ഥാന വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും ലോക സഞ്ചാരി സന്തോഷ് ജോര്‍ജ് കുളങ്ങരയും പുസ്തകോത്സവത്തില്‍ ഒരേ വേദിയില്‍ എത്തും. നിയമസഭയുടെ ആഭിമുഖ്യത്തില്‍ വായനയാണ് ലഹരി എന്ന പ്രമേയത്തില്‍ ജനുവരി 7 മുതല്‍ 13 വരെ നിയമസഭാ സമുച്ചയത്തില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഡയലോഗ് സെഷനിലാണ് ഇരുവരും വേദി പങ്കിടുക. പ്രമുഖ രാഷ്ട്രീയ നേതാവായ മൂഹമ്മദ് യൂസഫ് തരിഗാമിയുമായി മന്ത്രി എം ബി രാജേഷും സംവദിക്കാനെത്തുന്നുണ്ട്. ശ്രീലങ്കന്‍ എഴുത്തുകാരി വി വി പത്മസീലി ഉള്‍പ്പെടെയുള്ള പ്രശസ്ത സാഹിത്യകാരും വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകളും ഡയലോഗ് സെഷനില്‍ അതിഥികളാകും.
ഉദ്ഘാടന ദിനമായ ചൊവ്വാഴ്ച മേതില്‍ ദേവികയും ശ്രീജ ശ്യാമും സെഷന് തുടക്കമിടും. നോവലും ദേശചരിത്രവും എന്ന വിഷയത്തില്‍ വി കെ ശ്രീരാമനും റ്റി ഡി രാമകൃഷ്ണനും പിന്നാലെ സംവദിക്കും. രണ്ടാം ദിവസമാണ് മന്ത്രി പി എ മുഹമ്മദ് റിയാസും സന്തോഷ് ജോര്‍ജ് കുളങ്ങരയും പങ്കെടുക്കുന്നത്. വായനയുടെ രാഷ്ട്രീയത്തെക്കുറിച്ച് എം സ്വരാജും കെ എസ് ശബരീനാഥനും മൂന്നാം ദിനത്തില്‍ മനസ്സുതുറക്കും.
നാലാം ദിനത്തില്‍ രഞ്ജു രഞ്ചിമാറും അനസ് എന്‍ എസും ഷാഹിന കെ റഫീഖും ഡോ. പ്രിയ കെ നായരും അതിഥികളാകും. ജനാധിപത്യം വിചാരണയില്‍ : ഇന്ത്യയിലെ ആധിപത്യവും വിയോജിപ്പും എന്ന വിഷയത്തില്‍ സോയ ഹസനും സുധീര്‍ ദേവദാസും ഫിക്ഷന്റെ നിര്‍മാണ കലയെക്കുറിച്ച് ജി ആര്‍ ഇന്ദുഗോപനും ഇ സന്തോഷ് കുമാറും അഞ്ചാം ദിവസം ആശയവിനിമയം നടത്തും. അന്നേദിവസം രമേഷ് പിഷാരടിയും ബാബു രാമചന്ദ്രനും എത്തുന്നുണ്ട്.
ആറാം ദിനം ചരിത്രത്തിലെ ഹിന്ദു എന്ന വിഷയത്തില്‍ മനു എസ് പിള്ളയും എന്‍ ഇ സുധീറും പെരുകുന്ന പുസ്തകങ്ങള്‍- മാറുന്ന വായനയെക്കുറിച്ച് അശോകന്‍ ചാരുവിലും അഷ്ടമൂര്‍ത്തിയും സംസാരിക്കും. സമാപന ദിനത്തിലാണ് മുഹമ്മദ് യൂസഫ് തരിഗാമിയും മന്ത്രി എം ബി രാജേഷും പങ്കെടുക്കുക. അന്നേദിവസം കുട്ടികളുടെ വായനാശീലവും ആജീവനാന്ത പഠനങ്ങളും എന്ന വിഷയത്തില്‍ പ്രശസ്ത ശ്രീലങ്കന്‍ സാഹിത്യകാരി വി വി പത്മസീലിയും പുഷ്പാ കുറുപ്പും സംവദിക്കും.
മുന്നൂറിലധികം പുസ്തക പ്രകാശനങ്ങളും അറുപതിലധികം പുസ്തക ചര്‍ച്ചകളും വിവിധ വേദികളിലായി നടക്കും. ടോക്ക്, പാനല്‍ചര്‍ച്ച മീറ്റ് ദ ഓതര്‍, സ്മൃതിസന്ധ്യ, കവിയരങ്ങ്, കഥാപ്രസംഗം, കവിയും കവിതയും, കഥയരങ്ങ്, ഏകാംഗനാടകം, സിനിമയും ജീവിതവും തുടങ്ങി വിവിധ വിഭാഗങ്ങളില്‍ 70ലധികം പരിപാടികള്‍ക്ക് പുസ്തകോത്സവം വേദിയാകും. ദിവസവും വൈകിട്ട് 7 മുതല്‍ വിവിധ മാധ്യമങ്ങളുടെ നേതൃത്വത്തിലുള്ള മെഗാ ഷോയുമുണ്ടാവും. പുസ്തകോത്സവത്തില്‍ പങ്കെടുക്കുന്നതിനും നിയമസഭ കാണുന്നതിനും പൊതുജനങ്ങള്‍ക്ക് അവസരമുണ്ട്.



