Section

malabari-logo-mobile

ഹമദ് വിമാനത്താവളത്തിനെതിരെ നഷ്ടപരിഹാരത്തിനായി കേസ്

HIGHLIGHTS : ദോഹ: പുതിയ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിനെതിരെ

ദോഹ: പുതിയ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിനെതിരെ ജര്‍മ്മന്‍- യു എ ഇ സംയുക്ത കമ്പനിയായ ലിന്‍ഡ്‌നര്‍ ഡെപ ഇന്റീരിയേഴ്‌സ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് അന്താരാഷ്ട്ര അര്‍ബിട്രേഷന്‍ കേസ് കൊടുത്തു. 250 ദശലക്ഷം ഡോളര്‍ തങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടാണ് കമ്പനി അന്താരാഷ്ട്ര അര്‍ബിട്രേഷന്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. തങ്ങള്‍ക്കു നല്‍കിയ കരാര്‍ റദ്ദാക്കിയതിനെതിരെയാണ് കമ്പനി അര്‍ബിട്രേഷന്‍ കേസ് നല്‍ക്കിയിരിക്കുന്നത്. പുതിയ വിമാനത്താവളത്തിലെ അത്യാധുനിക സൗകര്യങ്ങളുള്ള 19 ലോഞ്ചുകളുടെ പൂര്‍ണ്ണമായ നിര്‍മാണക്കരാറാണ് ലിന്‍ഡ്‌നെര്‍ ഡെപ 250 ദശലക്ഷം ഡോളറിന് എടുത്തിരുന്നത്. 2012 ഡിസംബര്‍ 12ന് വിമാനത്താവളം ഉദ്ഘാടനം നടത്താന്‍ കഴിയുന്ന വിധത്തില്‍  ഈ കരാര്‍ കമ്പനി പൂര്‍ത്തിയാക്കേണ്ടതായിരുന്നു.
എന്നാല്‍ ലിന്‍ഡ്‌നെര്‍ ഡെപ വളരെയധികം താമസിച്ചാണ് ഈ ജോലി ചെയ്യാന്‍ തുടങ്ങിയത്. കരാര്‍ പ്രകാരം ജോലി പൂര്‍ത്തിയാക്കുന്നതില്‍ കമ്പനി തീര്‍ത്തും പരാജയപ്പെടുകയായിരുന്നു. ഇതേതുടര്‍ന്ന് വിമാനത്താവള നിര്‍മാണ സ്റ്റിയറിംഗ് കമ്മിറ്റി കരാര്‍ റദ്ദാക്കി.
ലിന്‍ഡര്‍ ഡെപ കമ്പനിയുടെ നിരുത്തരവാദിത്തപരമായ നടപടി കാരണം തങ്ങള്‍ക്ക് വന്‍ നഷ്ടമുണ്ടായതായി ചൂണ്ടിക്കാണിച്ച് 600 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് ഖത്തര്‍ എയര്‍വേയ്‌സ് കേസ് കൊടുത്തിരുന്നു. വിമാനത്താവളത്തിന്റെ ഉദ്ഘാടനം വൈകിയതിലൂടെ ഖത്തര്‍ എയര്‍വേയ്‌സിന്റെ വികസന പദ്ധതികളെ അത് സാരമായ ബാധിച്ചു. ഇത് കമ്പനിക്ക് വന്‍ നഷ്ടമാണുണ്ടാക്കിയത്. കൂടാതെ കാലതാമസം കാരണം നിര്‍മാണച്ചെലവ് കുതിച്ചുയര്‍ന്നു. പെനാള്‍ട്ടികള്‍ നല്‍കേണ്ട സാഹചര്യവുമുണ്ടായി. കൂടാതെ ദോഹ വിമാനത്താവളം ഉപയോഗിക്കുന്ന യാത്രക്കാര്‍ക്കുണ്ടായ അസൗകര്യങ്ങള്‍ ഇതിനു പുറമേയാണ്.
ഈ പ്രശ്‌നങ്ങള്‍ കാരണം 15.5 ബില്യണ്‍ ഡോളര്‍ ചെലവഴിച്ച അത്യാധുനിക സൗകര്യങ്ങളോടെ ലോകോത്തര നിലവാരത്തില്‍ നിര്‍മിക്കുന്ന വിമാനത്താവളത്തിന്റെ ഉദ്ഘാടനം 2014 ആദ്യ പകുതിയിലേക്ക് മാറ്റിവെച്ചിരിക്കയാണ്. ഈ വിമാനത്താവളത്തിന്റെ ഓപ്പറേറ്ററും പ്രഥമ ഉപഭോക്താവും ഖത്തര്‍ എയര്‍വേയ്‌സ് ആണ്.
ലിന്‍ഡ്‌നെര്‍ ഡെപയുടെ പ്രവര്‍ത്തനം അത്യധികം മോശമായിരുന്നുവെന്നും പറഞ്ഞ സമയത്തിന് ജോലി പൂര്‍ത്തിയാക്കാന്‍ അവര്‍ക്ക് കഴിയാത്ത കാരണം കരാര്‍ റദ്ദാക്കുകയും 600 ദശലക്ഷം ഡോളറിന്റെ നഷ്ടപരിഹാരം ആവശ്യപ്പെട്ടു കേസ് നല്‍കുന്നതിലേക്ക് കാര്യങ്ങള്‍ എത്തുകയുമായിരുന്നുവെന്ന് ഖത്തര്‍ എയര്‍വേയ്‌സ് സി ഇ ഒ അക്ബര്‍ ആല്‍ബാക്കര്‍ അന്ന് വ്യക്തമാക്കിയിരുന്നു. ഒരു വര്‍ഷമാണ് ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടത്. ഖത്തര്‍ എയര്‍വേയ്‌സിനു മാത്രമല്ല ഞങ്ങളുടെ സഹ സ്ഥാപനങ്ങളായ ഖത്തര്‍ ഡ്യൂട്ടി ഫ്രീ, ഫുഡ് ഔട്‌ലെറ്റുകള്‍, ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് സംവിധാനം എന്നിവയെ എല്ലാം ഇത് ബാധിച്ചതായി അദ്ദേഹം അന്ന് പറഞ്ഞിരുന്നു.
എന്നാല്‍ ലിന്‍ഡ്‌നെര്‍ ഡെപ നല്‍കിയ കേസില്‍ തങ്ങള്‍ കക്ഷികളല്ലെന്ന് ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചു. കേസിനെ കുറിച്ച് ഹമദ് അന്തരാഷ്ട്ര വിമാനത്താവള നിര്‍മാണ സ്റ്റിയറിംഗ് കമ്മിറ്റിയും പ്രതികരിച്ചിട്ടില്ല. വിദഗ്ദരുമായി ചര്‍ച്ച ചെയ്ത ശേഷം ഇക്കാര്യത്തില്‍ വിമാനത്താവളത്തിന്റെ പ്രതികരണം പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!