സര്‍വകലാശാലയെ ലീഗ് കറവപ്പശുവാക്കുന്നു: സിപിഐ എം

മലപ്പുറം: കലിക്കറ്റ് യൂണിവേഴ്‌സിറ്റിയെ കറവപ്പശുവാക്കാനാണ് മുസ്ലിംലീഗ് ശ്രമമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍.
യൂണിവേഴ്‌സിറ്റി ഭൂമി ഇഷ്ടക്കാരും സ്വന്തക്കാരുമായ ലീഗ് പ്രമാണിമാര്‍ക്ക് ചാര്‍ത്തിക്കൊടുക്കാന്‍ നടന്ന ശ്രമം അപലപനീയമാണ്. ഭൂമിദാനം വിവാദമായപ്പോള്‍ ‘ഞാനൊന്നുമറിഞ്ഞില്ല’ എന്ന മട്ടില്‍ കൈകഴുകി രക്ഷപ്പെടാനാണ് ലീഗ് നേതൃത്വം ശ്രമിക്കുന്നത്. പൊതുമുതല്‍ കൊള്ളചെയ്ത് സ്വന്തമാക്കാന്‍ ശ്രമിച്ചവരെയും അതിന് കൂട്ടുനിന്നവരെയും പിടികൂടണം.

കോടികള്‍ വിലമതിക്കുന്ന ഭൂമി ഇവര്‍ക്ക് ദാനം നല്‍കാന്‍ തീരുമാനിച്ച വി സിയെയും സിന്‍ഡിക്കേറ്റിനെയും പുറത്താക്കണം.

വൈസ് ചാന്‍സലറായി അബ്ദുള്‍ സലാമിനെ അവരോധിച്ചത് ബോധപൂര്‍വമാണ്. സര്‍വകലാശാലയില്‍ അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യം സൃഷ്ടിച്ച് അഴിമതിയും അധികാര ദുര്‍വിനിയോഗവും നടത്താനാണ് വി സി ശ്രമിച്ചത്.
സംസ്ഥാന പ്രസിഡന്റിന്റെ ‘തറവാട്ടുമഹിമയും’ ആത്മീയ നേതൃസ്ഥാനവും ഉപയോഗപ്പെടുത്തി ലീഗിന് എന്തും നേടാമെന്ന അവസ്ഥയാണ്. ഏതുസാഹചര്യത്തിലും ലീഗിന് മുന്നില്‍ മുട്ടുമടക്കുന്ന നാണംകെട്ട മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. കോണ്‍ഗ്രസുകാരുടെ പ്രതിഷേധത്തിനുപോലും വിലയില്ലാതായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Share news
error: Content is protected !!
Scroll to Top