Section

malabari-logo-mobile

സംസ്ഥാനത്ത് ട്രോമകെയര്‍ സംവിധാനം ശക്തിപ്പെടുത്തും;കെ കെ ശൈലജ ടീച്ചര്‍

HIGHLIGHTS : സംസ്ഥാനത്ത് റോഡപകടങ്ങള്‍ മൂലമുള്ള മരണങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ അടിയന്തിര ശുശ്രൂഷകള്‍ക്കായി ആശുപത്രികളില്‍ എത്തുന്ന അപകടത്തില്‍ പെട്...

 

സംസ്ഥാനത്ത് റോഡപകടങ്ങള്‍ മൂലമുള്ള മരണങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ അടിയന്തിര ശുശ്രൂഷകള്‍ക്കായി ആശുപത്രികളില്‍ എത്തുന്ന അപകടത്തില്‍ പെട്ടവര്‍ക്ക് ജീവന്‍രക്ഷാ സംവിധാനങ്ങള്‍ സജ്ജീകരിക്കുന്നതിനായി സമ്പൂർണ ട്രോമകെയര്‍ സംവിധാനം ഏര്‍പ്പെടുത്തുവാന്‍ തീരുമാനിച്ചതായി ആരോഗ്യവകുപ്പു മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എയിംസ് നിലവാരത്തിലുള്ള ട്രോമ കെയര്‍ നടപ്പിലാക്കുന്നതിന് JPN ട്രോമാകെയര്‍(AIIMS)എയിംസുമായി ധാരണയിലെത്തി. കഴിഞ്ഞ മാസം 23 ന് ഡല്‍ഹിയില്‍ എയിംസ് സന്ദര്‍ശിച്ച മന്ത്രി ജയപ്രകാശ് നാരായണന്‍ അപ്പെക്സ് ട്രോമകെയര്‍ സെന്റര്‍ (JPNATC)സന്ദര്‍ശിക്കുകയും കേരളത്തില്‍ ട്രോമകെയര്‍ സംവിധാനം ശക്തിപ്പെടുത്തുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുകയുമുണ്ടായി. തുടര്‍ന്ന് സര്‍ക്കാറിന്റെ ആവശ്യപ്രകാരം എയിംസിലെ ട്രോമാകെയര്‍ സെന്റര്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ.സജീവ് ബോയ് ,ഡോ.തേജ് പ്രകാശ് എന്നിവര്‍ ഇന്ന് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. എയിംസ് മോഡല്‍ നഴ്സസ് ഓറിയന്റഡ് ട്രോമാകെയര്‍ രീതി കേരളത്തില്‍ നടപ്പിലാക്കാനും എയിംസ് മോഡല്‍ പ്രോട്ടോക്കോള്‍ രീതി അവലംബിക്കുവാനും ചര്‍ച്ചയില്‍ ധാരണയായി.

എയിംസ് നിലവാരത്തിലുള്ള ട്രോമാകെയര്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുവാനാണ് സര്‍ക്കാര്‍ ഉദ്ദേശിച്ചിട്ടുള്ളത്. അത്യാധുനിക നിലവാരത്തിലും ഏത് അടിയന്തിര സാഹചര്യത്തേയും നേരിടുവാന്‍ തക്കവിധമുള്ള നൂതനസംവിധാനങ്ങള്‍ അടങ്ങിയ ട്രോമാകെയര്‍ സംവിധാനമായിരിക്കും ആശുപത്രികളില്‍ സജ്ജീകരിക്കുക.

sameeksha-malabarinews

പ്രാരംഭ പ്രവര്‍ത്തനം എന്ന നിലയില്‍ സംസ്ഥാനത്തെ 7 മെഡിക്കല്‍ കോളേജുകളെ നോഡല്‍ സെന്ററുകളായി തെരഞ്ഞെടുത്തിരിക്കുകയാണ്. ട്രോമാകെയര്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിലേക്കായി അത്യാധുനിക സംവിധാനത്തിലുള്ള ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ഉറപ്പാക്കേണ്ടതുണ്ട്. തുടര്‍ന്ന് ജില്ലാ താലൂക്ക് ആശുപത്രികളിലെ കാഷ്വാലിറ്റികളില്‍ ട്രോമാകെയര്‍ സംവിധാനം വ്യാപിപ്പിക്കുവാനും ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്.

കോഴിക്കോട് മെഡിക്കല്‍ കോളേജിന് എയിംസ് മോഡല്‍ ലെവല്‍ 1 ട്രോമകെയര്‍ സംവിധാനം ആരംഭിക്കുന്നതിനുള്ള കേന്ദ്രഗവണ്‍മെന്റിന്റെ അനുമതി ലഭിച്ചു കഴിഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് അനുമതി ലഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. ഇന്ന് എയിംസ് സംഘം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തുടനീളമുള്ള ആശുപത്രികളില്‍ ട്രോമാകെയര്‍ ആരംഭിക്കുന്നതിലേക്കായി എയിംസുമായി എം.ഒ.യു ഒപ്പുവെക്കും. അടിസ്ഥാന സൗകര്യ വിപുലീകരണത്തോടൊപ്പം ജീവനക്കാരുടെ പ്രവര്‍ത്തന ഗുണനിലവാരവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ട്രോമാകെയര്‍ സംവിധാനത്തിലുള്‍പ്പെടുന്ന എല്ലാ വിഭാഗം ജീവനക്കാര്‍ക്കും എയിംസ് മോഡല്‍ ട്രെയിനിംഗ് നല്‍കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ സംവിധാനത്തില്‍ ഏറ്റവും പ്രധാന ഘടകം നഴ്സുമാരായതിനാല്‍ തെരഞ്ഞെടുക്കപ്പെട്ട നഴ്സുമാരേയും ഡോക്ടര്‍മാരേയും ആദ്യഘട്ടമെന്ന നിലയില്‍ എയിംസില്‍ അയച്ച് ട്രെയിനിംഗ് ലഭ്യമാക്കും.

റോഡ് സേഫ്റ്റി വാരാചരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ക്കും നേഴ്സുമാര്‍ക്കുമായി ഒരു ദിവസത്തെ വര്‍ക്ക് ഷോപ്പും ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ എയിംസ് പ്രതിനിധികളും പങ്കെടുക്കും. അടുത്ത 3 വര്‍ഷത്തിനുള്ളില്‍ റോഡപകടങ്ങള്‍ മൂലമുള്ള മരണങ്ങള്‍ പകുതിയായി കുറക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതെന്നും മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.

ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, ആരോഗ്യവകുപ്പു ഡയറക്ടര്‍ ഡോ.സരിത, ഡി.എം.ഇ ഡോ.റംലാബീവി , തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പള്‍ ഡോ.തോമസ് മാത്യു, സൂപ്രണ്ട് ഡോ. ഷര്‍മ്മദ്, സാമൂഹ്യ സുരക്ഷാ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.മുഹമ്മദ് അഷീല്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!