Section

malabari-logo-mobile

ഷേര്‍ളിയുടെ അവയവങ്ങള്‍ ആറുപേര്‍ക്ക് പുതുജീവനേകി

HIGHLIGHTS : തിരു: സുഡാനില്‍ കൊള്ളക്കാര്‍ വെടിവെച്ചുകൊന്ന

തിരു: സഹോദരന്റെ മൃതദേഹം ഏറ്റുവാങ്ങാനെത്തിയ സഹോദരിയും മരിച്ചു. സുഡാനില്‍ കൊള്ളക്കാര്‍ വെടിവെച്ചുകൊന്ന എറണാകുളം ലോഡ്‌സ് ഷിപ്പിങ് കമ്പനി സിഇഒ രഞ്ജിത്തിന്റെ സഹോദരി കോഴിക്കോട് സ്വദേശി ഷേര്‍ളിയാണ് (49) തിരുവന്തപുരത്തെ വീട്ടില്‍ വഴുതി വീണ് മരിച്ചത്. ഷേര്‍ളിയുടെ അവയവങ്ങള്‍ ആറുപേര്‍ക്ക് പുതുജീവന്‍ നല്‍കി.

സഹോദരന്റെ മരണത്തില്‍ തളര്‍ന്ന ഷേര്‍ളി മകനോട് ഫോണില്‍ സംസാരിക്കുന്നതിനിടെ സ്റ്റെയര്‍കേസില്‍ നിന്ന് കാല്‍ തെറ്റി വീഴുകയായിരുന്നു.തിങ്കളാഴ്ച രാത്രി തിരുവനന്തപുരം പേരൂര്‍ക്കട കൃഷ്ണനഗറിലെ മുത്തൂറ്റ് ഗ്രീന്‍വാലിയിലെ രഞ്ജിത്തിന്റെ വീട്ടിലായിരുന്നു അപകടം.
ഉടന്‍ ഇടപ്പഴിഞ്ഞി എസ്‌കെ ആശുപത്രിയിലും തുടര്‍ന്ന് പട്ടം എസ് യു ടിയിലും എത്തിച്ചു. വീഴ്ചയില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനാല്‍ ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നോടെ രക്ഷപ്പെടുത്താനാകാത്ത വിധം അബോധാവസ്ഥയിലായി. വിവരമറിഞ്ഞ് കോഴിക്കോട് നിന്നെത്തിയ മൂത്ത മകന്‍ ജിതിനുമായി സംസാരിച്ച ഡോക്ടര്‍മാര്‍ അവയവദാനത്തിന് താല്‍പ്പര്യമുണ്ടോയെന്ന് ആരാഞ്ഞു. മരണശേഷം അവയവങ്ങള്‍ ദാനം നല്‍കുന്നതിനെ കുറിച്ച് മുമ്പ് ഷേര്‍ളി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ജിതിന്‍ ഇക്കാര്യം കുടുംബാംഗങ്ങളുമായി സംസാരിച്ച് സമ്മതം നല്‍കി.

sameeksha-malabarinews

ഉടന്‍ എറണാകുളം അമൃതാ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ സംഘമെത്തി ഷേര്‍ളിയുടെ ഹൃദയവും കരളും വൃക്കകളും കണ്ണുകളും സ്വീകരിച്ചു. ആറുപേര്‍ക്ക് ഇതു പ്രയോജനപ്പെടും. ഷേര്‍ളിയുടെ മൃതദേഹം ബുധനാഴ്ച കോഴിക്കോട്ടേക്ക് കൊണ്ടു പോകും. ബേബി മെമ്മോറിആന്റ ഹോസ്പിറ്റലിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച ശേഷം വെള്ളിയാഴ്ച പകല്‍ രണ്ടിന് മാവൂര്‍ റോഡിലെ സെമിത്തേരിയില്‍ സംസ്‌കരിക്കും. കോഴിക്കോട് എരഞ്ഞിപ്പാലം മുണ്ടാങ്കല്‍ കാപ്പില്‍ വീട്ടില്‍ സെബാസ്റ്റ്യനാണ് ഭര്‍ത്താവ്. എന്‍ജിനിയറിങ് വിദ്യാര്‍ത്ഥി ടോം ഇളയ മകന്‍. പയ്യനൂര്‍ ചെറുപുഴ സ്വദേശി തോമസ് നെല്ലുവേലിയുടെയും പരേതയായ ചിന്നമ്മയുടേയും മകളാണ്. രഞ്ജിത്തിന്റെ മൃതദേഹം സുഡാനില്‍ നിന്ന് മുംബൈ വഴി വിമാനമാര്‍ഗം ബുധനാഴ്ച വൈകിട്ട് നാലിന് തിരുവനന്തപുരത്തെത്തിക്കും. വ്യാഴാഴ്ച രാവിലെ 10.30 ന് സീറോ മലബാര്‍ സഭയുടെ തിരുവനന്തപുരം നാലാഞ്ചിറ മാര്‍ ഇവാനിയോസ് നമറിലെ സെമിത്തേരിയില്‍ സംസ്‌കരിക്കും.

സുഡാനിലെ ജോലിസ്ഥലത്തു നിന്നും താമസസ്ഥലത്തേയ്ക്ക് പോകുമ്പോള്‍ കാര്‍ തടഞ്ഞുനിര്‍ത്തിയാണ് രഞ്ജിത്തിനെ കൊള്ളക്കാര്‍ വെടിവെച്ചുകൊന്നത്. ശനിയാഴ്ച രാത്രിയാണ് സംഭവം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!