Section

malabari-logo-mobile

ഷമീര്‍ വധം: മേഖലയില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചതായി പരാതി

HIGHLIGHTS : ദോഹ: കഴിഞ്ഞ ദിവസം മലയാളി യുവാവ് കുത്തേറ്റു മരിച്ച

ദോഹ: കഴിഞ്ഞ ദിവസം മലയാളി യുവാവ് കുത്തേറ്റു മരിച്ച മേഖലയില്‍ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായി പരാതി.  അനധികൃത മദ്യപാനവും പരസ്പരമുള്ള കയ്യേറ്റങ്ങളും ഇവിടെ അരങ്ങേറാറുണ്ടെന്നാണ് പറയപ്പെടുന്നത്.
ഏഷ്യന്‍-ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള ചെറിയ വരുമാനക്കാരായ തൊഴിലാളികള്‍ അധിക വരുമാനമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ നിയമവിരുദ്ധമായ മറ്റു പല പ്രവര്‍ത്തികളിലേക്കും തിരിയുന്നുണ്ടെന്നും സൂചനകളുണ്ട്.  ക്യാംപുകള്‍ക്കകത്തും അടച്ചിട്ട മുറികളിലുമാണ് സാമൂഹ്യ-നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇതു മൂലം സുരക്ഷാ വിഭാഗങ്ങളുടെ കണ്ണില്‍പ്പെടാതെയുള്ള ഇടപാടുകളാണിവിടെയുള്ളത്. വിവിധ ബ്രാന്റ് വിദേശ മദ്യം മൂന്നും നാലും ഇരട്ടി വിലക്ക് മേഖലയിലെ ലേബര്‍ ക്യാംപുകളില്‍ വില്പനക്കെത്തുന്നുണ്ടെന്ന് പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത തൊഴിലാളികള്‍ പറഞ്ഞു.
പൊലീസും സുരക്ഷാ വിഭാഗങ്ങളും ഇടക്കിടെ പെട്രോളിംഗ് നടത്താറുണ്ടെങ്കിലും സ്വകാര്യമായി മുറികള്‍ക്കകത്ത് വെച്ച് നടക്കുന്ന ഇടപാടുകള്‍ പിടിക്കപ്പെടാറില്ല. സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിര്‍ത്തലാക്കാന്‍ മുറികള്‍ കയറിയുള്ള പരിശോധന വേണമെന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്. വിവിധ ലേബര്‍ ക്യാംപുകളിലായി ആയിരക്കണക്കിന് വിദേശ തൊഴിലാളികളാണ് പ്രദേശത്ത് കഴിയുന്നത്.  കഴിഞ്ഞ ദിവസം ബന്ധു ഉള്‍പ്പെട്ട പ്രശ്‌നത്തെക്കുറിച്ചറിയാന്‍ ഒരു ലേബര്‍ ക്യാംപിലെത്തിയ കോഴിക്കോട് ഓമ്മശ്ശേരി സ്വദേശി ഷമീറാണ് നേപ്പാളില്‍ നിന്നുള്ള ഒരു സംഘത്തിന്റെ ആക്രമണത്തിന് ഇരയായി മരിച്ചത്. ഉളി പോലുള്ള ആയുധത്തില്‍ നിന്നുള്ള കുത്തേറ്റ് ചോര വാര്‍ന്നാണ് ശമീര്‍ ആശുപത്രിയിലേക്കുള്ള വഴി മധ്യേ മരിച്ചത്. ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഈ സംഭവത്തിന് ശേഷം മേഖലയിലെ മുഴുവന്‍ ലേബര്‍ ക്യാംപുകളും പൊലീസ് നിരീക്ഷണത്തിലാണ്. സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെയും നിയമവിരുദ്ധമായി കഴിയുന്നവര്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുന്നതിന് പൊലീസ് പെട്രോളിംഗ് ശക്തിപ്പെടുത്തിയിട്ടുണ്ട്.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!