താനൂര്‍: വേനല്‍ കനത്തതോടെ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ജലക്ഷാമം രൂക്ഷമായി. മണല്‍ പ്രദേശങ്ങളില്‍ കിണറുകളില്‍ ജലത്തിന്റെ ലഭ്യത ഗണ്യമായി കുറയുകയും കുന്നിന്‍പ്രദേശങ്ങളില്‍ വറ്റിവരളുകയും ചെയ്തത് ആശങ്കയോടെയാണ് ജനങ്ങള്‍ കാണുന്നത്. നിത്യജീവിതത്തിന് പ്രധാന ആശ്രയമായിരുന്ന പുഴകളടക്കം പൂര്‍ണമായി വറ്റിയതോടെയാണ് ഇത്തവണ ശുദ്ധ ജലത്തിനായി ജനങ്ങള്‍ നെട്ടോട്ടമോടുന്നത്. അവധിക്കാലങ്ങളില്‍ കുട്ടികള്‍ നീന്തിക്കളിച്ചിരുന്ന കനോലി പുഴയിലടക്കം ജലദൗര്‍ലഭ്യം രൂക്ഷമായത് കാലാവസ്ഥാ വ്യതിയാനത്തിന്റെ കെടുതിയായി കണക്കാക്കമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. പ്രകൃതിയുടെ അഭിവാജ്യഘടകമായ പുഴകളും നീര്‍ച്ചാലുകളും വറ്റിവരളുന്നതോടെ ഇവ ആശ്രയിച്ച് ജീവിക്കുന്ന നിരവധി ജീവിവര്‍ഗങ്ങളും നാശത്തിലേക്ക് നീങ്ങും.
താനൂരിന്റെ വിവിധ പ്രദേശങ്ങളായ മോര്യ, കുന്നുംപുറം, നന്നമ്പ്രയില്‍ ചൂലന്‍കുന്ന്, ഒഴൂരില്‍ തലക്കട്ടൂര്‍, ചുരങ്ങര, വെള്ളച്ചാല്‍, പറപ്പാറപ്പുറം, കരിങ്കപ്പാറ, മണലിപ്പുഴ, എസ്റ്റേറ്റ് പടി, കുറുവട്ടിശ്ശേരി, താനാളൂരിലെ ഖുറൈഷിപാറ, പൊന്മുണ്ടത്ത് ഇട്ടിലാക്കല്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് പ്രധാനമായും ശുദ്ധജല ക്ഷാമം രൂക്ഷമായിരിക്കുന്നത്. കൂടാതെ താനൂരിന്റെ പടിഞ്ഞാറന്‍ മേഖലയായ ഒട്ടുംപുറം അടക്കമുള്ള തീരപ്രദേശങ്ങളില്‍ ഉപ്പുവെള്ളം കയറി കുടിവെള്ളം കിട്ടാക്കനിയായ കാഴ്ചയാണുള്ളത്. അവലോകന യോഗങ്ങളില്‍ തീരുമാനമെടുത്ത് അധികൃതര്‍ പിരിഞ്ഞുപോകുന്നത് മാത്രമേ കാണാറുള്ളുവെന്നാണ് നാട്ടുകാരുടെ പരിഭവം. ചില സ്ഥലങ്ങളില്‍ യുവജന പ്രസ്ഥാനങ്ങളും ക്ലബ് ഭാരവാഹികളും വെള്ളമെത്തിച്ച് നാട്ടുകാരെ സഹായിക്കുന്നുണ്ട്.
അധികൃതര്‍ വേണ്ടത്ര പരിഗണന നല്‍കാത്തതും ഈ പ്രദേശത്തുകാര്‍ക്ക് ദുരിതമിരട്ടിക്കുന്നതിന് കാരണമാക്കുന്നുണ്ട്. ഏറെ ദൂരം താണ്ടിയാണ് ഇവിടങ്ങളിലുള്ള ഭൂരിഭാഗം കുടുംബങ്ങളും വെള്ളം വീട്ടിലെത്തിക്കുന്നത്. ഒഴൂരില്‍ പറപ്പാറപ്പുറം, ഓമച്ചപ്പുഴ തുടങ്ങിയ പ്രദേശങ്ങളില്‍ സ്ത്രീകള്‍ കുന്നിറങ്ങി കിലോമീറ്ററുകളോളം വെള്ളത്തിന് വേണ്ടി അലയേണ്ട സ്ഥിതിയാണുള്ളത്. സ്ത്രീകളും പുരുഷന്മാരും വെള്ളക്കുടങ്ങളുമേന്തി ദൂരം താണ്ടുന്നത് പതിവു കാഴ്ചയായി മാറിയിട്ടുണ്ട്.
ജലസംരക്ഷണത്തിന് പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ അധികൃതരുടെ ഭാഗത്ത് നിന്നുള്ള വീഴ്ച കൂടി ചേര്‍ത്ത് വായിക്കുന്നതോടെ അധികാരികളുടെ ആസൂത്രണത്തിന്റെ അഭാവം വ്യക്തമാകുകയാണ്. ദീര്‍ഘകാല പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള ഉറച്ച നിലപാടുകള്‍ കൈക്കൊള്ളാന്‍ ജനപ്രതിനിധികള്‍ തയ്യാറാകാത്തതും പ്രതിസന്ധിയായി വിലയിരുത്തപ്പെടുന്നു.




