Section

malabari-logo-mobile

വയറിളക്കരോഗം ശ്രദ്ധിക്കണം : ആരോഗ്യ വകുപ്പ്‌

HIGHLIGHTS : സംസ്ഥാനത്ത്‌ പല ജില്ലകളിലും വയറിളക്കരോഗങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്ന സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന്‌ ആരോഗ്യ വകുപ്പ്‌ അറിയിച്ചു. അസാധാരണമാ...

സംസ്ഥാനത്ത്‌ പല ജില്ലകളിലും വയറിളക്കരോഗങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്ന സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന്‌ ആരോഗ്യ വകുപ്പ്‌ അറിയിച്ചു. അസാധാരണമാം വിധം മലം അയഞ്ഞും, ദ്രാവകരൂപത്തിലും പോകുന്നത്‌്‌ വയറിളക്കത്തിന്റെ ലക്ഷണമാണ്‌. പലപ്പോഴും വയറിളക്കം ജനങ്ങള്‍ ഗൗരവമായി എടുക്കാറില്ല. എന്നാല്‍ വയറിളക്കം ചിലപ്പോള്‍ അപകടകരമാകാം -പ്രത്യേകിച്ചും കുഞ്ഞുങ്ങളില്‍. അതുകൊണ്ട്‌ ഒരു തവണപോലും വയറിളകിയാല്‍ ഉടനടി കുഞ്ഞുങ്ങളക്ക്‌ വയറിളക്കത്തിനെതിരെ ചികിത്സ ആരംഭിക്കണം.
വയറിളക്കം മൂലം ശരീരത്തിന്‌ തളര്‍ച്ചയും, ക്ഷീണവും ഉണ്ടാകുന്നത്‌ ശരീരത്തില്‍ നിന്നും ജലാംശവും ലവണങ്ങളും നഷ്ടപ്പെടുന്നതുകൊണ്ടാണ്‌. ഓരോ പ്രാവശ്യം വയറിളകുമ്പോഴും ധാരാളം ജലാംശം നഷ്ടപ്പെടുന്നു. ഈ ജലനഷ്ടം പരിഹരിച്ചില്ലെങ്കില്‍ കൂടുതല്‍ ക്ഷീണമുണ്ടാകുകയും മരണത്തിനു തന്നെ കാരണമാകുകയും ചെയ്യും.
വയറിളക്കമുണ്ടായാല്‍ ഉടന്‍ വീട്ടില്‍ ലഭ്യമായ ഏതു പാനീയവും കൊടുക്കാം. കഞ്ഞിവെളളം, നാരങ്ങാവെളളം, ഉപ്പിട്ട മോരുവെളളം, കരിക്കിന്‍വെളളം, കടുപ്പം കുറഞ്ഞ ചായ തുടങ്ങിയവ കുഞ്ഞുങ്ങള്‍ക്ക്‌ കൊടുക്കാം. വയറിളക്കത്തിന്റെ ആരംഭത്തില്‍ നടത്തുന്ന ഇത്തരം ചികിത്സ കൊണ്ട്‌ കുഞ്ഞിന്റെ ആരോഗ്യം വീണ്ടെടുക്കാനും ജീവന്‍ രക്ഷിക്കുന്നതിനും സഹായിക്കുന്നു. അതുപോലെ തന്നെ ആശുപത്രികളില്‍ നിന്നും ലഭിക്കുന്ന ഒ.ആര്‍.എസ്‌ (ഓറല്‍ റീഹൈഡ്രേഷന്‍ ലായനി) വളരെയധികം പ്രയോജനകരമാണ്‌. ലവണങ്ങള്‍ അധികം അടങ്ങിയ ഒ.ആര്‍.എസ്‌. അല്‍പാല്‍പ്പമായി നല്‍കിയാല്‍ ലവണ നഷ്ടവും ക്ഷീണവും പെട്ടെന്ന്‌ പരിഹരിക്കാന്‍ സാധിക്കും. തുടര്‍ച്ചയായുളള ഛര്‍ദ്ദി, പനി, ജന്നി, മലത്തില്‍ കൂടി രക്തം തുടങ്ങിയ ലക്ഷണങ്ങളോടുകൂടിയ വയറിളക്കം വന്നാല്‍ ഉടനടി വിദഗ്‌ദ്ധ ചികിത്സയ്‌ക്കും വിധേയമാക്കണം.
വെളളം തിളപ്പിച്ചാറിച്ച്‌ മാത്രം കുടിക്കുക. ഭക്ഷണം നല്ലവണ്ണം മൂടിവെച്ചും ചൂടോടെയും ഉപയോഗിക്കുക. മലിനമായ സാഹചര്യങ്ങളില്‍ പാചകം ചെയ്യുന്ന ഭക്ഷണം കഴിക്കാതിരിക്കുക. പച്ചക്കറികള്‍ പഴങ്ങള്‍ എന്നിവ നല്ലതുപോലെ കഴികിയതിനു ശേഷം മാത്രം ഉപയോഗിക്കുക. കുട്ടികളുടെ നഖങ്ങള്‍ വെട്ടിവൃത്തിയാക്കുക, ഭക്ഷണം പാചകം ചെയ്യുന്നതിനുമുന്‍പും കഴിക്കുന്നതിനുമുന്‍പും മലവിസര്‍ജ്ജനത്തിനുശേഷവും കൈകള്‍ സോപ്പ്‌ ഉപയോഗിച്ച്‌ ശുദ്ധജലത്തില്‍ കഴുകണം.
മലമൂത്ര വിസര്‍ജ്ജനം കക്കൂസുകളില്‍ മാത്രം ചെയ്യുക. ജലസ്‌ത്രോതസ്സുകള്‍ മലിനമാകാതെ സൂക്ഷിക്കുക, കിണറുകള്‍ ഇടയ്‌ക്കിടെ ക്ലോറിനേറ്റ്‌ ചെയ്യുക. വീടും പരിസരവും ഈച്ചകള്‍ പെരുകാതെ സൂക്ഷിക്കണമെന്നും ആരോഗ്യ വകുപ്പ്‌ ഡയറക്ടര്‍ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!