Section

malabari-logo-mobile

മോഹിനിയാട്ടത്തോടെ കലാമാമാങ്കത്തിന് തുടക്കം

HIGHLIGHTS : മലപ്പുറം: 53-ാമത് സംസ്ഥാന കലോത്സവത്തിന് ഹൈസ്‌കൂള്‍ വിഭാഗം

മലപ്പുറം: 53-ാമത് സംസ്ഥാന കലോത്സവത്തിന് ഹൈസ്‌കൂള്‍ വിഭാഗം മോഹിനിയാട്ട മത്സരത്തോടെ കലാമാമാങ്കത്തിന് തുടക്കമാകും. ജനുവരി 14 ന് ആരംഭിക്കുന്ന കലോത്സവ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും.സിനിമാ താരം മോഹനന്‍ലാലിനെ മുഖ്യാതിഥിയായിരിക്കും. ഉദ്ഘാടന ചടങ്ങിനുശേഷം മുഖ്യവേദിയായ മലപ്പുറം എംഎസ്പി മൈതാനത്ത് മോഹിനിയാട്ടം അരങ്ങേറും. 17 വേദികളിലാണ് മത്സരങ്ങള്‍ നടക്കുക.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനുള്ള ഫണ്ട് 75 ലക്ഷമാക്കി ഉയര്‍ത്തി. കഴിഞ്ഞ വര്‍ഷം ഇത് 67 ലക്ഷമായിരുന്നു. കലോത്സവ കമ്മിറ്റികളുടെ അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. വിവിധ സബ് കമ്മിറ്റികളുടെ പ്രവര്‍ത്തനത്തിനായാണ് ഈ തുക വിനിയോഗിക്കുക. കൂടാതെ ഡി.പി.ഐ 50 ലക്ഷവും അനുവദിക്കും. അധികം വരുന്ന ചെലവ് വിദ്യാര്‍ഥികളില്‍ നിന്നും സംഭാവനയായും പരസ്യത്തിലൂടെയും കണ്ടെത്തും.

sameeksha-malabarinews

വിവിധ കമ്മിറ്റികളുടെ പ്രവര്‍ത്തനം യോഗത്തില്‍ വിലയിരുത്തി. കലോത്സവത്തിന്റെ ബ്രോഷര്‍ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് പ്രകാശനം ചെയ്തു.

സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.എസ്. അച്യൂതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ എം.കെ. മുനീര്‍, കെ.ബി. ഗണേഷ് കുമാര്‍ പങ്കെടുക്കും. അതിഥികള്‍ക്ക് പ്രത്യേക മെമന്റോ നല്‍കും. തിരൂര്‍, അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനുകളിലും മലപ്പുറം കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലും മത്സരാര്‍ഥികള്‍ക്ക് പ്രത്യേക സ്വീകരണം നല്‍കും. തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികളുടെ നേതൃത്വത്തിലായിരിക്കും സ്വീകരണം നല്‍കുക.

28 സ്‌കൂളുകളിലായാണ് മത്സരാര്‍ഥികള്‍ക്ക് താമസം ഒരുക്കിയിരിക്കുന്നത്. മഞ്ചേരി, കൊണ്ടോട്ടി, പെരിന്തല്‍മണ്ണ, കോട്ടയ്ക്കല്‍ എന്നിവിടങ്ങളിലാണ് വിധികര്‍ത്താക്കള്‍ക്കുള്ള താമസം ഒരുക്കിയിരിക്കുന്നത്. മത്സരാര്‍ഥികളുടെ താമസ സൗകര്യത്തെ കുറിച്ച് വിലയിരുത്തുന്നതിനായി സ്‌കൂളുകളില്‍ ജനുവരി മൂന്നിന് പ്രത്യേക യോഗം ചേരും. വീടുകള്‍ കേന്ദ്രീകരിച്ച് താമസ സൗകര്യം ഒരുക്കുന്നതിന് ശ്രമിക്കും.
ഉദ്ഘാടന ദിവസം രാത്രിമുതല്‍ ഭക്ഷണ ഹാള്‍ പ്രവര്‍ത്തനമാരംഭിക്കും. വെജിറ്റേറിയന്‍ ഭക്ഷണമാണ് മേളയില്‍ വിളമ്പുക.
കലോത്സവത്തിലെ മുഴുവന്‍ വേദികളിലും വൈ ഫൈ സൗകര്യം ഒരുക്കും. മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രത്യേക യൂസര്‍ നെയിമും പാസ്‌വേര്‍ഡും നല്‍കും. ഇത് ഉപയോഗിച്ച് മത്സര ഫലങ്ങള്‍ കംപ്യൂട്ടര്‍, മൊബൈല്‍ വഴി അറിയാന്‍ കഴിയും. വേദികളും പരിസരവും സി.സി ടി.വി വഴി പകര്‍ത്തും. ദൃശ്യങ്ങള്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ നിരീക്ഷിക്കുകയും ചെയ്യും.

എം.എല്‍.എമാരായ പി. ഉബൈദുള്ള, കെ.എന്‍.എ ഖാദര്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി, മുഹമ്മദുണ്ണി ഹാജി, ഡി.പി.ഐ എ. ഷാജഹാന്‍, ജില്ലാ കലക്റ്റര്‍ എം.സി. മോഹന്‍ദാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്, വൈസ് പ്രസിഡന്റ് പി.കെ. കുഞ്ഞു എം.എസ്.പി കമാന്‍ഡന്റ് യു. ഷറഫലി, നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ് മുസ്തഫ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സലീം കുരുവമ്പലം, കെ.പി. ജല്‍സീമിയ, ടി. വനജ, ഡി.ഡി. ഇ കെ.സി ഗോപി, സബ് കമ്മിറ്റി കണ്‍വീന്‍മാര്‍ യോഗത്തില്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!