
തേഞ്ഞിപ്പലം: മിനിബസ്സും ബൈക്കും കൂട്ടിയിടിച്ച് അയല്‍വാസികളും സഹപാഠികളുമായ രണ്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചു. കൂടെ യാത്രചെയ്ത മറ്റൊരു വിദ്യാര്‍ത്ഥിക്ക് ഗുരുതരമായ് പരിക്കേറ്റു. ചേളാരി പൂതേരി വളപ്പ് സ്വദേശികളായ നൈനാം വീട്ടില്‍ അബ്ദുറഹ്മാന്റെ മകന്‍ മുഹമ്മദ് ഷിബിലി(18), കടയാട്ട് പറമ്പില്‍ അബ്ദുള്‍ ലത്തീഫിന്റെ മകന്‍ മുഹമ്മദ് ജാബിര്‍(18) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന കെ സി മജീദിന്റെ മകന്‍ മുഹമ്മദ് മാജിസ് (18)നെ ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെ ഇവര്‍ മൂന്നുപേരും സഞ്ചരിച്ചിരുന്ന ബൈക്ക് ദേശിയപാതയില്‍ യൂണിവേഴ്‌സിറ്റിക്കടുത്തുള്ള വളവില്‍ വെച്ച് ഫറൂഖില്‍ നി്ന്ന് നീരോല്‍പ്പാലത്തേക്ക് പോവുകയായിരുന്ന മിനിബസ്സുമായ് കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ രണ്ടുപേര്‍ തല്‍ക്ഷണം മരിച്ചു. പരിക്കേറ്റയാളെ ബസ്സ്് യാത്രക്കാരാണ് ആശുപത്രിയില്‍ എത്തിച്ചത്.
ചേളാരി ടെക്‌ബ്രെയിന്‍ കോളേജിലെ പ്ലസ് ടു, ഡിഗ്രി വിദ്യാര്‍ത്ഥികളാണ് ഇവര്‍. പാര്‍ട്ടടൈമായി ചേളാരി ജിഡിഎസ് ഹൈപ്പര്‍മാര്‍ക്കറ്റില്‍ ജോലിചെയ്യുന്ന ഇവര്‍ സഹപ്രവര്‍ത്തകന്റെ വിവാഹത്തില്‍ പങ്കെടുത്ത് കാക്ക#ഞ്ചേരിയില്‍ നിന്നും മടങ്ങിവരവെയാണ് അപകടത്തില്‍പ്പെട്ടത്.
മരിച്ചവരുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
റസിയയാണ് മരിച്ച മുഹമ്മദ് ഷിബിലിയുടെ മാതാവ്. സഹോദരങ്ങള്‍ ഉമ്മുഹബീബ, ഷബീബ്. ജാബിറിന്റെ മാതാവ് റുഖിയാബി. സഹോദരങ്ങള്‍ മഹ്‌റൂഫ്, മുസ്തഫ, ജംഷീന.
ഷിബിലിയുടെ മൃതദേഹം ശനിയാഴ്ച ഉച്ചയോടെ പാണക്കാട് ജുമാമസ്ജിദിലും മുഹമ്മദ് ജാബിറിന്റെ മൃതദേഹം പടിക്കല്‍ ജുമാമസ്ജിദിലും ഖബറടക്കും.
അയല്‍വാസികളായ ഈ കൗമാരക്കാരുടെ മരണവാര്‍ത്ത ചേളാരി പ്രദേശത്തെയാകെ തീരാ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്.




