Section

malabari-logo-mobile

മാതാവ് ആത്മഹത്യഭീഷണി മുഴക്കി ; പോലീസിടപെട്ട് കുഞ്ഞിന്റെ മൃതദേഹം മറവു ചെയ്തു.

HIGHLIGHTS : പരപ്പനങ്ങാടി : ശനിയാഴ്ച ന്യുമോണിയ

പരപ്പനങ്ങാടി : ശനിയാഴ്ച ന്യുമോണിയ ബാധിച്ച് മരിച്ച പെണ്‍കുഞ്ഞിന്റെ മൃതദേഹം അടക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ചിറമംഗലം പള്ളിയിലെത്തിയ യുവതിയുടെ കുഞ്ഞിന്റെ മൃതദേഹം പോലീസിടപെട്ട് മറവുചെയ്തു. ഖബറടക്കാന്‍ അനുമതിക്കായി ഒന്നരവയസ്സുള്ള കുഞ്ഞിന്റെ മൃതദേഹവുമായി മാതാവ് അലഞ്ഞത് ഒരു രാവും പകലും.

ഇന്നലെ വൈകീട്ട് 7.30 മണിയോടെയാണ് പരപ്പനങ്ങാടി ചിറമംഗലം സ്വദേശിയായ യുവതി തന്റെ കുഞ്ഞിന്റെ മൃതദേഹം അടക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ചിറമംഗലം പള്ളി അധികാരികാരികളെ സമീപിച്ചത്. എന്നാല്‍ യുവതിയുടെ കൂടെ ഉത്തരവാദിത്വരപ്പെട്ടവരാരും ഇല്ലാതിരുന്നതിനാല്‍ പള്ളി അധികാരികള്‍ മൃതദേഹം അടക്കംചെയ്യാന്‍ വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയെയും ഭര്‍ത്താവിനെയും ഒപ്പമുള്ളവരെയും ഇവര്‍ മൃതദേഹവുമായി സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും കാണാതാവുകയായിരുന്നു.

sameeksha-malabarinews

പിന്നീട് അര്‍ദ്ധരാത്രിയോടെ പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷനിലെത്തിയ യുവതിയും ഭര്‍ത്താവും മൃതദേഹം മറവ് ചെയ്യാനുള്ള സഹായം ആവശ്യപ്പെടുകയായിരുന്നു. ആദ്യം വിഷയം വേണ്ടത്ര ഗൗരവത്തില്‍ എടുത്തില്ലെങ്കിലും യുവതി ആത്മഹത്യ ഭീഷണി മുഴക്കിയതോടെ പോലീസ് വിഷയത്തിലിടപെടുകയായിരുന്നു. പുലര്‍ച്ചെ 2.30 മണിയോടെ ചിറമംഗലം പള്ളിയുടെ മുത്തവല്ലിയെ സമീപിച്ച് പോലീസ് കുഞ്ഞിന്റെ മൃതദേഹം മറവുചെയ്യാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

പോലീസ് ആവശ്യപ്പെട്ടതനുസരിച്ച് മുത്തവല്ലിയും പള്ളി അധികാരികളും മൃതദേഹം മറവുചെയ്യാന്‍ അനുമതി നല്‍കി. ഇതോടെയാണ് ഒരുദിവസത്തോളമായി ഒട്ടോറിക്ഷയില്‍ കൊണ്ടു നടന്ന മൃതദേഹം രാവിലെ 9.30 മണിയോടെ ഖബറിസ്ഥാനില്‍ മറവുചെയ്തു.

വര്‍ഷങ്ങളായി ചിറമംഗലത്തെ വീട്ടുകാരുമായി സ്വരച്ചേര്‍ച്ചയില്ലാതെ കഴിയുന്ന യുവതിയും ഭര്‍ത്താവും കാടാമ്പുഴയില്‍ ക്വാര്‍ട്ടേഴ്‌സിലാണ് താമസം. ഒരാഴ്ചയായി ഇവരുടെ ഈ ഇളയകുഞ്ഞ് ന്യൂമോണിയ ബാധിച്ച് പുത്തനത്താണി സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെയാണ് കുഞ്ഞ് മരിച്ചത്. തുടര്‍ന്ന് മൃതദേഹം ഇവര്‍ താമസിക്കുന്ന ഭാഗത്തെ പള്ളിയില്‍ അടക്കം ചെയ്യാന്‍ മഹല്ല്കമ്മിറ്റിയെ സമീപിച്ചെങ്കിലും സ്വന്തം മഹല്ലില്‍ മറവുചെയ്യാന്‍ ആവ്ശ്യപ്പെട്ടതനുസരിച്ചാണ് ഇവിടെയെത്തിയതെന്ന് ദമ്പതികള്‍ പോലീസിനോട് പറഞ്ഞു.

കുഞ്ഞിന്റെ മൃതദേഹം മറവുചെയ്യാന്‍ മഹല്ലില്‍പ്പെട്ട യുവതിയുടെ പിതാവോ മറ്റ് ഉത്തരവാദിത്വപ്പെട്ടവരോ എത്തണമെന്ന് മാത്രമാണ് തങ്ങള്‍ ആവശ്യപ്പെട്ടതെന്ന് ചിറമംഗലം പള്ളി മുത്തവല്ലി മാധ്യമങ്ങളോട് പ്രതികരിച്ചു.

 

ബന്ധപ്പെട്ട മുന്‍വാര്‍ത്ത-

പിഞ്ചുകുഞ്ഞിന്റെ മൃതദേഹം മറവുചെയ്യാനെത്തിയ യുവതിയെ കാണാതായി

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!