Section

malabari-logo-mobile

മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി കിട്ടിയേ തീരൂ: മുഖ്യമന്ത്രി

HIGHLIGHTS : തിരു: മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി കിട്ടിയേ

തിരു: മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി കിട്ടിയേ തീരൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സംസ്ഥാന സാംസ്ക്കാരിക വകുപ്പിന്റെയും കേരള സാഹിത്യ അക്കാദമിയുടെയും സംയുക്താഭിമുഖ്യത്തില്‍ നവംബര്‍ ഒന്നു മുതല്‍ മൂന്നു വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വിശ്വമലയാള മഹോത്സവത്തിന്റെ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലയാളത്തിന് അര്‍ഹമായത് ലഭിക്കണം.ആരുടെയും സൌജന്യമല്ല മലയാളത്തിന് ശ്രേഷ്ഠ ഭാഷാ പദവി. മലയാളത്തിന് ക്ളാസിക്കല്‍ പദവി കിട്ടാനുള്ള കാലപ്പഴക്കമില്ലെന്ന കണ്ടെത്തല്‍ അംഗീകരിക്കാനാകില്ല. സംസ്ഥാനത്തിന്റെ വാദങ്ങള്‍ പോലും കേള്‍ക്കാതെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ സബ് കമ്മറ്റി നടത്തിയ കണ്ടെത്തലുകളോട് യോജിപ്പില്ല. ഡല്‍ഹിയില്‍ മറ്റ് സംസ്ഥാന മന്ത്രിമാര്‍ക്കൊപ്പം പ്രധാനമന്ത്രിയെക്കണ്ട് വിഷയം അവതരിപ്പിച്ചതായും റിപ്പോര്‍ട്ട് പുന:പരിശോധന നടത്താന്‍ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ ഓഫീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വിശ്വമലയാള മഹോത്സവം മലയാളികള്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന സംരംഭമാണ്. മലയാളത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കുന്ന പരിപാടിയാണിത്.കേരളത്തിന്റെ ഭാഷ, സാഹിത്യം, സംസ്ക്കാരം, കല മുതലായവയെല്ലാം ബന്ധിപ്പിച്ചു കൊണ്ട് അതിന്റെ തനതായ മഹത്വം ഉയര്‍ത്തിപ്പിടിക്കണം.

 

മലയാളം കേരളത്തിലാണ് സംസാരിക്കുന്നതെങ്കിലും അത് ലോകം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നതാണ്. മലയാളികളില്ലാത്ത നാടില്ല. ലോകത്തെ എല്ലാ മലയാളികളുടെയും പ്രതിനിധികളെ ഒന്നിച്ചിരുത്തി കേരളത്തിന്റെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള വേദിയാക്കി വിശ്വ മലയാള മഹോത്സവത്തെ മാറ്റിയെടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മലയാള ഭാഷയുടെ വികാസത്തിന് ശ്രദ്ധേയമായ മാറ്റങ്ങള്‍ ഉണ്ടാകുന്ന കാലഘട്ടമാണ് ഇന്നത്തേതെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന സാംസ്ക്കാരിക-പിആര്‍ഡി വകുപ്പു മന്ത്രി കെ.സി.ജോസഫ് പറഞ്ഞു.

sameeksha-malabarinews

മലയാളം സ്കൂളുകളില്‍ ഒന്നാം ഭാഷയാക്കണമെന്ന് തീരുമാനമെടുത്ത സംസ്ഥാന സര്‍ക്കാര്‍ അതിനായുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ്. കേരളത്തിന് പുറത്തുള്ള മലയാളികള്‍ക്ക് മലയാള ഭാഷ പഠിക്കാന്‍ വേണ്ടി അവസരമൊരുക്കുന്ന മലയാളം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ശക്തമായി നടപ്പാക്കി വരുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കേരളപ്പിറവി ദിനത്തില്‍ മലയാളം സര്‍വകലാശാലയും നിലവില്‍ വരും. മലയാളത്തിന് ക്ളാസിക്കല്‍ പദവി കിട്ടേണ്ട കാര്യത്തില്‍ കേന്ദ്ര സാഹിത്യ അക്കാദമിയുടെ സബ് കമ്മിറ്റിയുടെ കണ്ടെത്തലുകള്‍ അങ്ങേയറ്റം നിര്‍ഭാഗ്യകരമാണ്. തെറ്റായ കണ്ടെത്തലുകള്‍ക്കെതിരേ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്.

 

ക്ളാസിക്കല്‍ പദവിക്കായുള്ള മലയാളത്തിന്റെ യോഗ്യത തെളിയിക്കാന്‍ കേരളത്തിനു കഴിയും. മലയാളത്തിന് ശേഷ്ഠ ഭാഷാപദവി എന്ന സ്വപ്നം യാഥാര്‍ഥ്യമാകുന്നത് വിദൂരത്തിലല്ലെന്നും മന്ത്രി പറഞ്ഞു. വിശ്വമലയാള മഹോത്സവത്തിന് ആവശ്യമായ തുക ബജറ്റില്‍ വകയിരുത്തിയിട്ടുണ്ടെന്ന് ചടങ്ങില്‍ മഹോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തുകൊണ്ട് ധനമന്ത്രി കെ.എം.മാണി പറഞ്ഞു. ലോക രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഭാഷയുടെ കണക്കെടുത്താല്‍ മലയാളം 26-ാം സ്ഥാനത്താണ്. ജ്ഞാനപീഠമുള്‍പ്പെടെയുള്ള അംഗീകാരങ്ങള്‍ നേടിയവര്‍ മലയാളത്തില്‍ നിന്നുണ്ട്. മലയാള സിനിമയുടെ മഹത്വം ലോകത്തിന്റെ നെറുകയിലെത്തിച്ചവരും കേരളത്തില്‍ തന്നെയുണ്ട്. മലയാളത്തിന് ശ്രേഷ്ഠ ഭാഷാ പദവി ലഭിക്കാന്‍ ഇത്തരം ഉദാഹരണങ്ങള്‍ തന്നെ ധാരളമാണ്. മലയാള ഭാഷയേയും കേരളത്തെയും ലോകത്തിന്റെ മുന്നില്‍ ഉയര്‍ത്തിപ്പിടിക്കാനുള്ള അവസരമാക്കി വിശ്വമലയാള മഹോത്സവത്തെ മാറ്റിയെടുക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. തിരുവനന്തപുരം മേയര്‍ അഡ്വ.കെ.ചന്ദ്രിക, പാലോട് രവി എംഎല്‍എ, കൌണ്‍സിലര്‍ കെ.മഹേശ്വരന്‍ നായര്‍,അടൂര്‍ ഗോപാലകൃഷ്ണന്‍, ഒഎന്‍വി കുറുപ്പ്, സുഗതകുമാരി, പുതുശേരി രാമചന്ദ്രന്‍ എന്നിവരും കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍, സെക്രട്ടറി ആര്‍.ഗോപാലകൃഷ്ണന്‍, വിശ്വ മലയാള മഹോത്സവം ജനറല്‍ കണ്‍വീനര്‍ ജോണ്‍ സാമുവല്‍ എന്നിവരും പ്രസംഗിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!