കൊച്ചി : പ്രാവാസികളുടെ ഏറെ നാളത്തെ കാത്തിരിപ്പിന് തുടക്കം കുറിച്ച് പ്രവാസി പെന്‍ഷനും ഇതര ഇന്‍ഷുറന്‍സ് പദ്ധതികള്‍ക്കും തുടക്കമായി. പ്രവാസി ഇന്ത്യന്‍ വര്കര്ക്കേഴ്സ് പെന്ഷന് ആന്‍്റ് ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി വയലാര്‍ രവി നിര്‍വ്വഹിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്നു.
പ്രവാസികളും കേന്ദ്രഗവണ്മെന്റും ചേര്‍ന്നുള്ള കോണ്‍ട്രിബ്യുട്ടറി മാതൃകയിലായിരിക്കും പദ്ധതി നടപ്പില്‍ വരുത്തുക. ഈ പദ്ധതിയില്‍ ചേരുന്നവര്‍ക്ക് 60 വയസ്സ് കഴിഞ്ഞാല്‍ പെന്‍ഷനും പുനരധിവാസ ധനസാഹായ ഇന്‍ഷുറന്‍സും ലഭിക്കും. എമിഗ്രേഷന്‍ ക്ലിയറന്‍സ് റിക്വയോര്ഡ് പാസ്പോര്ട്ടില് വിദേശത്തു പോകുന്നവര്ക്കുമാത്രമേ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുകയുള്ളു.
ഈ പദ്ധതിയില്‍ ചേരുവാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ ഏറ്റവും കുറഞ്ഞത് 5,000 രൂപ നല്കിയാല് പ്രവാസികാര്യ മന്ത്രാലയത്തിന്റെ വിഹിതമായി 2,000 രൂപയും പ്രീമിയത്തില്‍ അടയ്ക്കും. വീട്ടുജോലിക്ക് വിദേശത്ത് പോകുന്ന സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ വിഹിതം 3,000 രൂപയായിരിക്കും. ഇങ്ങനെ സ്വരൂപിക്കുന്ന തുക മൂന്നായി വേര്‍തിരിച്ച് പെന്‍ഷനും ഇന്‍ഷുറന്‍സിനും പുനരധിവാസത്തിനും വിനിയോഗിക്കും.
പദ്ധതിയില്‍ ചേരുന്ന ഓരോ അംഗത്തിനും ഓരോ തിരിച്ചറിയല്‍ നമ്പര്‍ നല്‍കും. ഓരോരുത്തരുടെയും വിവരങ്ങള്‍ ഈ തിരിച്ചറിയല്‍ നമ്പറില്‍ കമ്പ്യൂട്ടറില്‍ ശേഖരിക്കും.
ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ഇന്ത്യയില്‍ പൂര്‍ത്തിയായ ശേഷം വിദേശത്തുള്ള ഇന്ത്യക്കാര്‍ക്കും ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാക്കുന്ന കാര്യം പരിഗണിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.




