പൊള്ളലേറ്റ് ആശുപത്രിയില്‍ കഴിയുന്ന സുകുമാരിയെ ജയലളിതയെത്തി

പൊള്ളലേറ്റതിനെ തുടര്‍ന്ന് കഴിഞ്ഞ 25 ദിവസമായി അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന സുകുമാരിയെ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെത്തി. ലിസി പ്രിയദര്‍ശനില്‍ നിന്നും അപകട വിവരമറിഞ്ഞാണ് ജയലളിത സുകുമാരി ചികിത്സയില്‍ കഴിയുന്ന ചെന്നൈ പെരുമ്പാക്കം ഗ്ലോബല്‍ ആശുപത്രിയില്‍ എത്തിയത്.

വളരെ വികാരനിര്‍ഭരമായ രംഗങ്ങളാണ് ആശുപത്രിയിലുണ്ടായത്. സുകുമാരി ജയലളിതയുടെ കൈ പിടിച്ച് വിങ്ങിപ്പൊട്ടി. ഇരുവരും പത്തുമിനിറ്റോളം സംസാരിച്ചു. പട്ടിക്കാട് പട്ടണമാ എന്ന ചിത്രത്തില്‍ ജയലളിതയുടെ അമ്മയായി സുകുമാരി അഭിനയിച്ച കാലം മുതലുള്ള സൗഹൃദമാണ് ഇവരുടേത്.

സുകുമാരിയെ ചികിത്സിക്കുന്ന ഡോക്ടര്‍മാരോട് ആരോഗ്യ വിവരങ്ങള്‍ തിരക്കിയ ശേഷം ഏറെ വിലപിടിപ്പുള്ള ജീവനാണ് നിങ്ങളുടെ കയ്യിലുള്ളതെന്നും അത് തിരികെ തരണമെന്നും അഭ്യര്‍ത്ഥിച്ചു. ചികിത്സയ്ക്കായി 5ലക്ഷം രൂപ നല്‍കുകയും ചെയ്തു.

പലപ്പോഴും അബോധാവസ്ഥയിലാകാറുള്ള സുകുമാരി ജയലളിതയുടെ സന്ദര്‍ശന സമയത്ത് ബോധത്തിലായിരുന്നു. ജയലളിതയുടെ സന്ദര്‍ശന സമയത്ത് സുകുമാരിയുടെ മകന്‍ സുരേഷും സ്ഥലത്തുണ്ടായിരുന്നു.

കഴിഞ്ഞമാസത്തിലാണ് ക്ഷേത്ര വിളക്കില്‍ നിന്ന് സാരിയില്‍ തീ പിടിച്ച് സുകുമാരിക്ക് 25 ശതമാനം പൊള്ളലേറ്റത്.

Share news
error: Content is protected !!
Scroll to Top