Section

malabari-logo-mobile

പാരമ്പര്യത്തിന്റെ ഓര്‍മ പുതുക്കി കരങ്കാവു ആഘോഷിച്ചു.

HIGHLIGHTS : ദോഹ: പരമ്പരാഗത പ്രൗഡിയും ഗതകാല സ്മരണകളും നിറഞ്ഞ പരിപാടികളോടെ

ദോഹ: പരമ്പരാഗത പ്രൗഡിയും ഗതകാല സ്മരണകളും നിറഞ്ഞ പരിപാടികളോടെ രാജ്യത്തെ കുട്ടികള്‍ ഇന്നലെ ‘കരങ്കാവൂ’ ആഘോഷിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ‘കരങ്കാവൂ’ആഘോഷ പരിപാടികളില്‍ നുറുകണക്കിന് കുട്ടികള്‍ ഉല്‍സാഹപൂര്‍വ്വം പങ്കെടുത്തു.

ആഘോഷത്തിന്റെ ഭാഗമായി കുട്ടിസംഘങ്ങളെ സ്വീകരിക്കാന്‍ പ്രധാന ഷോപ്പിങ് മാളുകള്‍ മധുര പലഹാരങ്ങളും സമ്മാനങ്ങളും ഒരുക്കിയിരുന്നു. ഇവിടങ്ങളില്‍ നിന്ന് സമ്മാനകിറ്റുകള്‍ വിതരണം ചെയ്തു. വിവിധ സ്ഥാപനങ്ങള്‍ വെളിച്ചവും വര്‍ണ്ണങ്ങളും കൊണ്ട് അലങ്കരിച്ചു. പരമ്പരാഗത വേഷ വിധാനങ്ങളോടെ ചുണ്ടില്‍ ‘അഅ്തൂനല്ല യുഅ്തീക്കും ബൈത്തു മക്കാ യുവദ്ദിക്കും’ എന്ന ഈരടികളുമായി മഗ്‌രിബ് നമസ്‌കാരത്തിന് ശേഷം സംഘം ചേര്‍ന്ന് കുട്ടികള്‍ വീടുകള്‍ കയറിയിറങ്ങി. കുട്ടികളുടെ കൊച്ചു സംഘങ്ങളുടെ സഞ്ചികളില്‍ മധുരവും മറ്റ് പലതരം വിഭവങ്ങളും സമ്മാന പൊതികളും നിറച്ച് ഓരോ വീട്ടുകാരും സന്തോഷം പങ്ക് വെച്ചു.

sameeksha-malabarinews

മധുര പലഹാരങ്ങള്‍ക്കും മറ്റ് സമ്മാനങ്ങള്‍ക്കും പുറമെ ചിലര്‍ പണവും കുട്ടികള്‍ക്ക് കൈനീട്ടമായി നല്‍കി. പത്തു വയസ്സില്‍ താഴെയുള്ള കുട്ടികളാണ് സംഘത്തില്‍ കൂടുതലുമുണ്ടായിരുന്നത്. വീടുകളില്‍ നിന്ന് വീടുകളിലേക്ക് നീങ്ങുന്ന കുട്ടി സംഘങ്ങള്‍ക്ക് ആവേശം പകര്‍ന്ന് താളവാദ്യങ്ങളുടെയും പാട്ടുകളുടെയും അകമ്പടിയോടെ രക്ഷിതാക്കളും പ്രായമായവരും പരിപാടികളില്‍ പങ്കുചേര്‍ന്നു. പുണ്യ റമദാനിലെ പരമ്പരാഗത ആഘോഷം തലമുറകളുടെ ഒത്തു ചേരല്‍ കൂടിയായിരുന്നു. കുട്ടികളുടെ ആഘോഷ രാത്രിക്ക് ഖത്തറിന് സംസ്‌കാരത്തിലും ജനഹൃദയങ്ങളിലും പ്രതേ്യക സ്ഥാനമാണുള്ളത്. ഈ വര്‍ഷം ആഘോഷത്തിന്റെ ഭാഗമായി പൊതു, സ്വകാര്യ സ്ഥാപനങ്ങളും സംഘടനകളും പ്രതേ്യക പരിപാടികള്‍ സംഘടിപ്പിച്ചു.

ഗള്‍ഫ് നാടുകളിലെ റമദാന് പതിനാലാം രാവിലാണ് കരങ്കാവൂ ആഘോഷം നടക്കാറുള്ളത്. പാട്ടും പാടി പ്രതേ്യക സഞ്ചികളുമായെത്തുന്ന കുരുന്നുകള്‍ക്ക് വീട്ടിലെ മുതിര്‍ന്ന സ്ത്രീകളാണ് സമ്മാനങ്ങള്‍ കൈമാറുക. ഇത്തരം സഞ്ചികള്‍ വിതരണം ചെയ്യാന്‍ വിവിധ സംഘടനകളും മുന്നിട്ടിറങ്ങാറുണ്ട്.

ദോഹയിലെ പ്രധാന വാണിജ്യ കേന്ദ്രമായ സൂഖ് വാഖിഫിലും സാംസ്‌കാരിക കേന്ദ്രമായ കത്താറയിലും കരങ്കാവൂ ആഘോഷത്തോടനുബന്ധിച്ച് പ്രതേ്യക പരിപാടികള്‍ അരങ്ങേറി. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തിലും പ്രതേ്യക പരിപാടികള്‍ ഒരുക്കിയിരുന്നു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!