പഴം, പച്ചക്കറി വില ഉയരങ്ങളിലേക്ക്: നടപടി വേണമെന്ന് ഉപഭോക്താക്കള്‍

ദോഹ: ഖത്തറി വിപണിയില്‍ ചിലയിനം പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും വില കയറുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടര്‍ച്ചയായി നേരിയ തോതില്‍ വിലക്കയറ്റം അനുഭവപ്പെടുന്നുണ്ടെന്നാണ് ചെറുകിട കച്ചവടക്കാരും ഉപഭോക്താക്കളും പരാതിപ്പെടുന്നത്. പച്ചക്കറികളുടെ വരവു കുറഞ്ഞതും ഉയര്‍ന്ന ചൂടും ഇറക്കുമതിച്ചെലവ് കൂടിയതുമാണ് വില കയറാന്‍ കാരണമെന്ന് സെന്‍ട്രല്‍ മാര്‍ക്കറ്റിലെ വ്യാപാരികള്‍ വ്യക്തമാക്കി.  ഒരു ഭാഗത്ത് വിലക്കയറ്റം അനുഭവപ്പെടുമ്പോള്‍ ചിലയിനം പഴങ്ങള്‍ക്ക് വിലക്കുറവുമുണ്ടായിട്ടുണ്ട്. പച്ചക്കറി വില കയറിയതോടെ സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളം തെറ്റുകയാണ്.
ഖത്തറിലേക്ക് ഇറക്കുമതി ചെയ്യുന്ന വിവിധ ഉല്പന്നങ്ങളുടെ അളവ് കുറവു വന്നതോടെ വിവിധയിനം പച്ചക്കറികള്‍ക്ക് 30 ശതമാനം വരെ വിലക്കയറ്റമാണ് ഉണ്ടായിട്ടുള്ളതെന്ന് രാജ്യത്തെ പഴം പച്ചക്കറി മൊത്ത വിപണിയായ സെന്‍ട്രല്‍ മാര്‍ക്കറ്റിലെ കച്ചവടക്കാര്‍ പറയുന്നു.  ആറു കുലോ തൂക്കം വരുന്ന ഒരു പെട്ടി സഊദി കക്കരിക്കയ്ക്ക് 25 റിയാലും ജോര്‍ദാനില്‍ നിന്നുള്ള ഒരു പെട്ടി കൂസയ്ക്ക് 25 റിയാലും എട്ടു കിലോ വരുന്ന ഒരു പെട്ടി തക്കാളിക്ക് 20 റിയാലുമാണ് മൊത്ത വിപണിയിലെ വില. ജോര്‍ദ്ദാന്‍ പച്ചമുളകിന് നാലു കിലോക്ക് 15 റിയാലും സഊദി കാരറ്റിന് 10 റിയാലുമായി വില കയറിയിട്ടുണ്ട്. ഈജിപ്തില്‍ നിന്നുള്ള ഉരുളക്കിഴങ്ങിന് പെട്ടിക്ക് 33 റിയാലും ജോര്‍ദാന്‍ ഉരുളക്കിഴങ്ങിന് 15 റിയാലുമായി. അതേസമയം പാകിസ്താന്‍ ഉരുളക്കിഴങ്ങിന് 13 റിയാലാണ് വില.  ജോര്‍ദാനില്‍ നിന്നുള്ള ഖസിന് 45 റിയാലും ചൈനീസ് ചേമ്പിന് 39 റിയാലും ബഖ്ദൂനിസിന് 10 റിയാലുമാണ് മൊത്ത വിപണിയിലെ വില.  സഊദി പച്ച ഉള്ളിക്ക് 17 റിയാലും ഇന്ത്യന്‍ ഉള്ളിക്ക് 10 റിയാലുമാണ് ഈടാക്കുന്നത്.  സഊദി കാബേജിന് വില 12 റിയാലിലെത്തി. ജോര്‍ദാന്‍ ബാര്‍കോളിക്ക് 25 റിയാലാണ് മൊത്ത വില. വിലക്കയറ്റം തടയാന്‍ ഉപഭോകൃത സംരക്ഷണ വകുപ്പ് ശക്തമായ ഇടപെടലുകള്‍ നടത്തണമെന്നും  കൂടുതല്‍ രാജ്യങ്ങളില്‍ നിന്ന് പഴങ്ങളും പച്ചക്കറികളും വിപണിയിലെത്തിക്കാന്‍ നടപടികള്‍  സ്വീകരിക്കണമെന്നും ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്നുണ്ട്.
ഏറെക്കാലം വിലസ്ഥിരത പുലര്‍ത്തിയതിനു ശേഷമാണ് രാജ്യത്ത് വീണ്ടും പച്ചക്കറി വില ഉയരുന്നത്. ഖത്തറില്‍ ഉത്പാദിപ്പിക്കുന്ന പഴങ്ങളും പച്ചക്കറികളും വിപണിയിലെത്തുന്നതോടെ വിലകുറയുമെന്നാണ് വ്യാപാരികള്‍ പ്രതിക്ഷിക്കുന്നത്. ഇത്തരം സാഹചര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പഴങ്ങളുടേയും പച്ചക്കറികളുടേയും ആഭ്യന്തരോത്പാദനം വര്‍ധിപ്പിക്കാന്‍ ഫലപ്രദമായ പദ്ധതികള്‍ ആവിഷ്‌ക്കരിക്കണമെന്നും കര്‍ഷകര്‍ക്ക് കൂടുതല്‍ സഹായം നല്‍കണമെന്നും വിദഗ്ദര്‍ ആവശ്യപ്പെടുന്നുണ്ട്. ഇപ്പോള്‍ രാജ്യത്തെ പച്ചക്കറികളുടെ ആവശ്യത്തിന്റെ 30 ശതമാനം മാത്രമാണ് ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്നത്. ബാക്കി 70 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്.  പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ പുതുമയോടെ സെന്‍ട്രല്‍മാര്‍ക്കറ്റിലെ വിപണിയില്‍ എത്തിക്കാന്‍ കഴിയുകയാണെങ്കില്‍ വിപണിയില്‍  ഒരു പരിധി വരെ സ്ഥിരത നിലനിര്‍ത്താനാകുമെന്നാണ് ചിലരുടെ വിലയിരുത്തല്‍.
Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top