Section

malabari-logo-mobile

ഭോജനശാല (വെജ് & നോണ്‍ വെജ്)

HIGHLIGHTS : എം ആര്‍ വിപിന്‍   വിജയന്റെ ജോലി എങ്ങനെ സ്ഥിരപ്പെടുത്താം എന്നതാണ് ഞാനിപ്പോള്‍ ചിന്തിച്ചുകൊണ്ടിരിക്കുന്നത്. ഇന്നലെ വൈകുന്നേരം വിജയന്‍ കടയിലേക്കു...

എം ആര്‍ വിപിന്‍

 

വിജയന്റെ ജോലി എങ്ങനെ സ്ഥിരപ്പെടുത്താം എന്നതാണ് ഞാനിപ്പോള്‍ ചിന്തിച്ചുകൊണ്ടിരിക്കുന്നത്. ഇന്നലെ വൈകുന്നേരം വിജയന്‍ കടയിലേക്കു വന്നിരുന്നു. എന്നത്തേയും പോലെ ഇന്നലേയും പുതിയ തലമുറയുടെ സാമൂഹിക പ്രതിബദ്ധതയെക്കുറിച്ചും, സദാചാരബോധത്തെക്കുറിച്ചുമൊക്കെ അവന്‍ വാതോരാതെ സംസാരിച്ചു. കൂട്ടത്തില്‍ തനിക്കു പുതിയതായി ലഭിച്ച താല്‍ക്കാലികാടിസ്ഥാനത്തിലുള്ള ജോലിയെക്കുറിച്ചും. പ്രമുഖ ദിനപത്രത്തിലെ ആ ജോലി സ്ഥിരപ്പെടുന്നതിനുവേി മേലധികാരി അവനുനല്‍കിയിട്ടുള്ള ആജ്ഞ, നഗരത്തെ പിടിച്ചുലയ്ക്കാവുന്ന ഒരു ഫീച്ചര്‍ ഒരാഴ്ചക്കകം തയ്യാറാക്കി സമര്‍പ്പിക്കണം എന്നതാണ്.

sameeksha-malabarinews

വിജയന്റെ ജീവിതസാഹചര്യങ്ങളെക്കുറിച്ചും, കുടുംബപ്രാരാബ്ധങ്ങളെക്കുറിച്ചും വ്യക്തമായി അറിയാവുന്ന ഒരാളെന്ന നിലയ്ക്ക് അവന്റെ ജോലി സ്ഥിരതയ്ക്ക് എന്നാലാവുന്ന സഹായം ഞാന്‍ ചെയ്യേണ്ടതാണ്. അതു മാത്രമല്ല, പരോപകാരം ചെയ്യുന്നതിനുവേി മാത്രമാണ് ഞാന്‍ ജീവിക്കുന്നതെന്നുവരെ ചില സന്ദര്‍ഭങ്ങളില്‍ എനിക്കു തോന്നാറുണ്ട്. എങ്ങനെ നഗരത്തെ പിടിച്ചുലയ്ക്കുന്ന ഒരു വാര്‍ത്തയുണ്ടാക്കാം എന്നുള്ളത് ഇപ്പോള്‍ വിജയനേക്കാള്‍ കൂടുതല്‍ അലട്ടിക്കൊണ്ടിരിക്കുന്നത് എന്നെയാണെന്നു പറയാം.
ചിന്തിച്ച് ചിന്തിച്ച് ഒരറ്റവും കാണാതെ തലയ്ക്കകം ഇരുട്ടുമൂടിക്കിടക്കുമ്പോഴാണ് ‘എരുമ’ എന്ന പേര് ഒരു മിന്നാമിനുങ്ങുപോലെ വെളിച്ചവും കൊണ്ട് വന്നത്.
നഗരത്തിലെ അധികം തിരക്കൊന്നുമില്ലാത്ത ഒരിടത്താണ് എന്റെ ചെരിപ്പുകട. കടയുടെ വരിയില്‍ ഏറ്റവുമറ്റത്തായി, ചില്ലുകൂടുകള്‍ക്കകത്ത് രുചിയുടെ വൈവിധ്യങ്ങളുമായി ഹങ്ക്‌റി ബേക്കി. എട്ടുമണികഴിഞ്ഞ് ബേക്കറിയടച്ചാല്‍ എവിടെ നിന്നാണെന്നറിയില്ല എരുമയും, അവളുടെ അഞ്ചാറ് വയസ്സായ മകളും ബേക്കറി വരാന്തയില്‍ പ്രത്യക്ഷപ്പെടും. ഇപ്പോള്‍ സമയം എട്ടര കഴിഞ്ഞതിനാല്‍, എരുമയും മകളും ബേക്കറി വരാന്തയില്‍ ഹാജര്‍ വെച്ചിട്ടുണ്ടാകുമെന്നകാര്യം കണ്ണുമടച്ച് തീര്‍ച്ചപ്പെടുത്താവുന്നതേയുള്ളൂ. മുപ്പത് വയസ്സിന്റെ മുഴുപ്പുണ്ട് എരുമയ്ക്ക്. രമ എന്ന പേര് വിസ്മൃതിയിലാവുകയും, എരുമ എന്ന പേര് പ്രസിദ്ധമാവുകയും ചെയ്തത് എങ്ങിനെയാണെന്നെനിക്കറിയില്ല. പക്ഷെ, ഒന്നറിയാം. ഞങ്ങളുടെ ഭാഷയില്‍ അവളൊരു ‘ചരക്ക്’ തന്നെയാണ്. പത്തോ ഇരുപതോ രൂപ മാത്രമുള്ള ഒരു ഗംഭീര ചരക്ക്. ഒരു ദിവസം ചായകുടിക്കുന്ന കാശ് മിച്ചം പിടിച്ചാല്‍ രാത്രി ഏതൊരാണിനും ഹങ്ക്‌റി ബേക്കറിയുടെ വരാന്തയില്‍ ഒരു പോത്തായ് മാറാം.!
അവളോടുള്ള വിശപ്പ് അതിന്റെ മുഴുവന്‍ തീക്ഷണതയോടും കൂടി എനിക്കു പലപ്പോഴും അനുഭവപ്പെട്ടിട്ടുെണ്ടങ്കിലും എന്താണെന്നറിയില്ല, അവളെ കാണുമ്പോഴേ എന്റെ മുട്ട് കൂട്ടിയിടിക്കും.
പറഞ്ഞുവന്നത് വിജയന്റെ കാര്യമാണ്. എരുമയിലൂടെ വിജയന്റെ ജോലി എങ്ങനെ സ്ഥിരപ്പെടുത്താമെന്ന കാര്യം. എരുമയുമായി ഒരിന്റര്‍വ്യൂ. അതാണ് എന്റേയും വിജയന്റേയും ലക്ഷ്യം. പത്തോ ഇരുപതോ രൂപയ്ക്ക് സ്വന്തം ശരീരം വില്‍ക്കുന്ന ഒരുവള്‍ക്ക് സ്വന്തം മനസ്സും അനുഭവങ്ങളും അമ്പതോ നൂറോ രൂപയ്ക്ക് ഞങ്ങള്‍ക്ക് വിളമ്പിത്തരുവാന്‍ വലിയ ബുദ്ധിമുട്ടൊന്നുമുണ്ടാകില്ല.
ഒരു വേശ്യ തന്റെ ജീവിതകഥ വിവരിക്കുന്നത് ഇന്നത്തെ കാലത്ത് വലിയ സംഭവമൊന്നുമല്ല. അങ്ങനെയൊരു കഥ പുറത്തുവിട്ടതുകൊണ്ടുമാത്രം ഒരു നഗരം ഉലഞ്ഞു പോവുകയില്ലെന്നും എനിക്കറിയാം. എന്നാല്‍ വിജയന്‍ പോലുമറിയാതെ, നേരമാകുമ്പോള്‍ പൊട്ടിക്കുന്നതിനുവേണ്ടി നഗരത്തെ പിടിച്ചുലയ്ക്കാവുന്ന ഒരു ബോംബ് ഞാന്‍ കരുതിയിട്ടുണ്ട്!
കൃത്യനിഷ്ഠയുടെ കാര്യത്തില്‍ വിജയന്‍ എന്നെ കവച്ചുവയ്ക്കും. പറഞ്ഞുറപ്പിച്ചതുപോലെ തന്നെ കൃത്യം ഒന്‍പതു മണിക്ക് വിജയന്‍ അവന്റെ സഞ്ചിയും തൂക്കി എത്തിയതും ഞാന്‍ കടയടച്ചു. ഇപ്പോള്‍ പരസ്പരം ഒന്നും മിണ്ടാതെ, ഇരുട്ടിലൂടെ, ഇടയ്ക്കിടെ വീശുന്ന തണുത്ത കാറ്റില്‍ കുളിരടിച്ചുകൊണ്ട് ഞാനും വിജയനും ഹങ്ക്‌റി ബേക്കറി ലക്ഷ്യമാക്കി നടക്കുകയാണ്…. നടത്തത്തിനിടയില്‍ നോട്ടങ്ങള്‍ കൊണ്ടു മാത്രമാണ് ഞങ്ങള്‍ സംവദിച്ചുകൊണ്ടിരുന്നത്.
‘നമ്മളുദ്ദേശിക്കുന്ന കാര്യം നടക്കുമോ ചേട്ടാ?’-എന്ന് വിജയന്റെ നോട്ടത്തിന് ഞാന്‍ ചിലപ്പോള്‍ അര്‍ത്ഥം കല്‍പിക്കും’
‘സംശയം വേണ്ട വിജയാ, നമ്മള്‍ വിജയിക്കും’ – എന്നര്‍ത്ഥം വരുന്ന ഒരു നോട്ടം ഞാനപ്പോള്‍ വിജയന് എറിഞ്ഞുകൊടുക്കും.
കട്ടപിടിച്ചു കിടക്കുന്ന ഇരുട്ടിനിടയില്‍ വിളക്കു കാലില്‍ നിന്നും വരുന്ന നേര്‍ത്ത പ്രകാശം മാത്രമേയുള്ളൂ. ബേക്കറിയുടെ ഏകദേശം അടുത്തെത്തിയപ്പോഴാണ് കാഴ്ചകള്‍ വ്യക്തമായി തുടങ്ങിയത്. ഞാന്‍ പ്രതീക്ഷിച്ചതുപോലെതന്നെ അവിടെ ഒരു പോത്ത് എരുമയെ മെരുക്കിക്കൊണ്ടിരിക്കുകയായിരുന്നു. കുറച്ചു മാറി ഒരു പഴന്തുണിക്കെട്ടുപോലെ അവളുടെ മകള്‍ കിടന്നുറങ്ങുന്നു്. നിമിഷങ്ങള്‍ പാഴാക്കിക്കളയാതെ വിജയന്‍ അവന്റെ സഞ്ചിയില്‍ നിന്നും ഡിജിറ്റല്‍ ക്യാമറ പുറത്തെടുത്ത്, ഒരു പോസ്റ്റിന്റെ മറവില്‍ നിന്ന് എരുമയും, പോത്തും, ആ പഴന്തുണിക്കെട്ടും ഒക്കെക്കൂടിയുള്ള ഒരുഗ്രന്‍ ഫോട്ടോയെടുത്തു.
‘ഈ ഇരുട്ടത്ത് ഫോട്ടോ ക്ലിയറാവോ? ഞാന്‍ ചോദിച്ചു. ‘ഉവ്വ്. പിന്നെ, അത്രയ്ക്ക് തെളിച്ചം ഈ ഫോട്ടോയ്ക്ക് വന്നാ ഒരു ഒറിജിനാലിറ്റിയുണ്ടാവില്ല’ – വിജയന്‍ പറഞ്ഞു.
പരിപാടി തീര്‍ന്ന് പോത്ത് ഇരുളിലേയ്ക്കിറങ്ങിപ്പോയതും, ഞങ്ങള്‍ പതുങ്ങി പതുങ്ങി എരുമയ്ക്കരികിലെത്തി. നിര്‍വ്വചിക്കാന്‍ കഴിയാത്ത മുഖഭാവത്തോടെ എരുമ ബേക്കറിയുടെ ഷട്ടറില്‍ ചാരിയിരിക്കുകയായിരുന്നു. ഇരുട്ടില്‍ നിന്നും മനുഷ്യര്‍ ഗന്ധര്‍വ്വന്മാരെപോലെ പൊട്ടിവീഴുന്നത് അത്ര പുതുമയൊന്നുമല്ലാത്തതിനാല്‍ അവള്‍ ഞങ്ങളെ കണ്ടപ്പോള്‍ ഞെട്ടിയില്ല. എരുമ ഞങ്ങളെ ഒന്നു സൂക്ഷിച്ചു നോക്കിയിട്ട് നിസ്സംഗതയോടെ പറഞ്ഞു.
‘ഇരുപതും, ഇരുപതും – നാല്പത്.’
‘അയ്യോ ചേച്ചീ, ഞങ്ങളതിന് വന്നതല്ല’ – വിജയന്‍ പറഞ്ഞു.
(ഞാന്‍ എന്തിനും തയ്യാറായിരുന്നു. ഇന്നെന്തോ എനിക്കൊരു ധൈര്യം തോന്നുന്നുണ്ട്.)
ഞങ്ങളുടെ ഉദ്ദേശം എരുമയെ മനസ്സിലാക്കിക്കൊടുക്കാന്‍ കുറച്ചു ബുദ്ധിമുട്ടേണ്ടി വന്നു.
‘ഞങ്ങള്‍ ചേച്ചിയോട് കുറച്ച് ചോദ്യങ്ങള്‍ ചോദിക്കും. അതിനൊക്കെ ചേച്ചി മറുപടി പറഞ്ഞാന്‍ നൂറുരൂപ തരാം.’
ഒറ്റയടിക്ക് അഞ്ചുപേരെ വഹിക്കുന്ന ചാര്‍ജ് കയ്യില്‍ തടയുന്നതുകൊണ്ടാകും, എരുമയുടെ മുഖവും കണ്ണുകളും തെളിഞ്ഞു.
‘ചോദിച്ചോ’
ഇന്റര്‍വ്യൂവിനു വേണ്ട എല്ലാ സജ്ജീകരണങ്ങളും തന്റെ സഞ്ചിയില്‍ നിന്നും പുറത്തെടുത്ത്, അത്ര നേരമുണ്ടായിരുന്നതില്‍ നിന്നും വ്യത്യസ്തമായി ഗൗരവഭാവത്തോടെ വിജയന്‍ ചോദ്യങ്ങള്‍ ചോദിച്ചുതുടങ്ങി.
(ചോദ്യോത്തരങ്ങളില്‍ നിന്നും തിരഞ്ഞെടുത്തവ എഡിറ്റു ചെയ്യാതെ ഇവിടെ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പത്രത്തില്‍ അച്ചടിച്ചു വരുമ്പോള്‍ മുഴുവന്‍ ചോദ്യോത്തരങ്ങളും അതിന്റെ എല്ലാ നിര്‍വൃതിയോടും കൂടി നിങ്ങള്‍ക്ക് വായിച്ചാസ്വദിക്കാവുന്നതാണ്.)
‘ചേച്ചി എന്നു മുതലാ ഈ പണി തുടങ്ങിയത്?’
‘കെട്ട്യോന്‍ തെങ്ങേന്ന് വീണ് തലൊടിഞ്ഞ് കെടപ്പായേപ്പിന്നെ കുടുംബം നോക്കാന്‍ ഞാന്‍ കെട്ടിടം പണിക്ക് പോയോടങ്ങി. കൊറച്ച് നാള് കഴിഞ്ഞ് പണിക്ക് വിളിക്ക്യണങ്കീ മേസ്ത്‌രീരൊപ്പം കെട്ക്കണന്നായപ്പോ ഈ പണി സൊന്തായ്ട്ടങ്ക്ട് തൊടങ്ങി. എന്തൂട്ടായാലും നശിക്കും. അപ്പൊ പിന്നെ നമക്ക്കൂടി ഉപകാരള്ള രീതീല് നശിച്ചൂടെ?
‘എത്ര വര്‍ഷമായി തുടങ്ങിയിട്ട്?’
‘ഒര് മൂന്ന് കൊല്ലായ്്’.
‘പോലീസുകാരൊക്കെ പ്രശ്‌നം ഉണ്ടാക്കില്ലേ? ഇപ്പോ, ഫ്‌ളയിങ് സ്‌ക്വാഡൊക്കെ ഉണ്ടല്ലോ?’
‘എത്രണ്ണത്തിനെ ഷെഢിട്ട് എന്റട്ത്ത്്ന്ന് ഓടിച്ചിട്ടണ്ട്് ന്നാ വിചാരം? എന്നെ അങ്ങനൊന്നും അവര് ചെയ്യാറില്ല. പിന്നെ, ചെലേ ദിവസം അവരെന്നെ ജീപ്പില് പിടിച്ചിട്ട് നാല് കറക്കം കറങ്ങി ഇവ്ട്യന്നെ കൊണ്ട് വിടും. അതിനുള്ളില് ചെയ്യാനൊള്ളതൊക്കെ ആ മയ്‌രോളെന്നെ ചെയ്യും.’
‘ചേച്ചിക്ക് റേറ്റ് വളരെ കുറവാണല്ലോ?’
‘റേറ്റ് കൂടിയ കൊറേ പേരില്ലേ? അതോണ്ട് ജീവിച്ച് പോകാന്‍ റേറ്റ് കൊറച്ചതാ. പിന്നെ റേറ്റ് കൊറച്ചാ വരുന്നോര്‌ടെ എണ്ണം കൂടുലോ? (ബിസിനസ് സീക്രട്ട്)
‘കോളേജ് പിള്ളേരൊക്കെ വരാറുണ്ടെന്ന് കേട്ടല്ലോ?’
‘പിന്നെ ഇഷ്ടം പോലെ, പക്ഷെ, പതിനെട്ടു വയസ്സിനും കൊറവാന്ന് തോന്ന്യാ ഞാനവറ്റോളെ തെറി പറഞ്ഞോടിക്കും. പതിനെട്ടാ അതിന്റെ കണക്ക്.’
‘എരുമ എന്നുള്ള പേര്….?’
‘ഏത് പട്ടീടെ മോനാ എനിക്കാ പേരിട്ടേന്നറിയില്ല. എന്നെക്കണ്ടാ എരുമ്യാന്ന് തോന്നോ?’
ഇതിനിടെ പതിവില്ലാത്ത വിധം വര്‍ത്തമാനം കേട്ടിട്ടാകണം അവളുടെ മകള്‍ എണീറ്റു വന്ന് ഞങ്ങള്‍ക്കരികിലിരുന്നു.
‘മോള്‍ക്ക് വെശക്ക്ണ്‌ണ്ടോ?’ എരുമ ചോദിച്ചു.
‘ഇല്ല’
‘എന്നാ മോള് കെടന്നൊറങ്ങിക്കോ.’
അവളുടെ മകള്‍ വീണ്ടും ഉറക്കം പിടിച്ചു. ചോദ്യങ്ങളെല്ലാമവസാനിപ്പിച്ച് എരുമയുടെ കയ്യില്‍ നൂറു രൂപയും വച്ചു കൊടുത്ത് ഞങ്ങള്‍ പോകാനായി എഴുന്നേറ്റു. അപ്പോള്‍ എരുമ പ്രത്യേക സ്വരത്തില്‍ ഞങ്ങളോടൊരു ചോദ്യം, ‘നിങ്ങള്‍ക്ക് വെശക്ക്ണ്‌ണ്ടോ?’ എന്ന്.
വിജയന്‍ ഇടങ്കോലിടും മുന്‍പേ ഞാന്‍ ചാടിക്കയറി ഉത്തരം പറഞ്ഞു.
‘ഉവ്വ്’ (ഇത് അവസാന അവസരമാണെന്നെനിക്കറിയാം)
എങ്ങിനെയാണെന്നറിയില്ല. ഞൊടിയിടയ്ക്കകം എനിക്ക് കൊമ്പുകള്‍ മുളയ്ക്കുകയും ഞാനൊരു പോത്തായ് മാറുകയും ചെയ്തു. വിജയന്റെ കണ്‍മുന്നില്‍ വെച്ച് ഞാനും എരുമയും പുതിയ ‘എച്ചില്‍ പുറങ്ങളിലൂടെ’ മേഞ്ഞു നടന്നു. എത്ര പെട്ടെന്നാണ് ഒരു കുന്നിന്‍ ചെരുവിലെ മുഴുവന്‍ പുല്ലും പച്ചിലകളും ഞാന്‍ തിന്നു തീര്‍ത്തത്!
മൂക്കു മുട്ടെയുള്ള തീറ്റയ്ക്കുശേഷം ഞാന്‍ ഇരുകാലില്‍ എഴുന്നേറ്റു നിന്നു. അനവധി നാളുകളുടെ പട്ടിണി തീര്‍ന്ന പ്രതീതിയായിരുന്നു എനിക്ക്.
‘വിജയന് വിശക്കുന്നുണ്ടോടാ?’ ഒരു കള്ളച്ചിരിയോടെ ഞാന്‍ ചോദിച്ചു.
‘ഇല്ല ചേട്ടാ. നമുക്ക് പോകാം.’ ഒട്ടും പ്രതീക്ഷിക്കാത്തതെന്തോ മുന്നില്‍ കണ്ടതുകൊണ്ടാകാം വിജയന്റെ പകപ്പ് ഇതുവരെ വിട്ടുപോയിരുന്നില്ല.
എരുമയേയും മകളേയും ഹങ്ക്‌റി ബേക്കറിയുടെ വരാന്തയില്‍ ഉപേക്ഷിച്ചുകൊണ്ട് തിരികെ നടക്കുമ്പോള്‍ വിജയന്‍ നഷ്ടബോധത്തോടെ പറഞ്ഞു. ‘എനിക്കു തോന്നുന്നില്ല ഈ വിഷയം നഗരത്തെ പിടിച്ചു കുലുക്കുമെന്ന്.’
‘നിന്റെ സംശയം ഇതുവരെ തീര്‍ന്നില്ലേ വിജയാ? നമ്മള്‍ രണ്ടുപേരും ചേര്‍ന്ന് പൂരം വെടിക്കെട്ടിന് തീ കൊളുത്താന്‍ പോവുകയാണ്.’
‘എങ്ങനെ’? വിജയന്‍ ചോദിച്ചു.
(ഇത്ര സമയവും ചുമന്നുകൊണ്ടുനടന്നിരുന്ന ആ ബോംബ് ഇപ്പോള്‍ വിജയന്റെ തലയില്‍ വെച്ച് ഞാന്‍ പൊട്ടിച്ച് കളയുകയാണ്…..)
‘എരുമയ്ക്ക് എയ്ഡ്‌സാണ്. അവള്‍ അങ്ങനെ പറഞ്ഞതായി നീ എഴുതണം’.
വിജയന്‍ ഒന്നു ഞെട്ടിയതുപോലെ തോന്നി.
‘അവള്‍ക്കു ശരിക്കും എയ്ഡ്‌സുണ്ടോ?’
‘ഏയ് – ഉണ്ടാകാന്‍ വഴിയില്ല’.
വിജയന്‍ സന്തോഷം കൊണ്ട് എന്നെ കെട്ടിപ്പിടിച്ച് കവിളില്‍ ഉമ്മ വെച്ചു.
എരുമയ്ക്ക് എയ്ഡ്‌സാണെന്ന വാര്‍ത്ത പരന്നാല്‍ ഈ നഗരം വാലില്‍ തീ പിടിച്ചപോലെ പരക്കം പായുമെന്നെനിക്കറിയാമായിരുന്നു.
കാത്തിരിപ്പിന്റെ മുഷിഞ്ഞ നാളുകളവസാനിപ്പിച്ച്, ഞായറാഴ്ചയിലെ പത്രത്തിന്റെ പ്രത്യേക പതിപ്പില്‍ എരുമയുമായുള്ള ‘എക്‌സ്‌ക്ലൂസീവ് ഇന്റര്‍വ്യൂ’ പുറത്തു വന്നു. ചോദ്യോത്തരങ്ങള്‍ക്കു താഴെ കടുപ്പിച്ച വാക്കുകളിലാണ് പലരുടേയും നെഞ്ചു തകര്‍ക്കുന്ന ആ വാര്‍ത്ത അച്ചടിച്ചു വെച്ചിരുന്നത്. ഒപ്പം വിജയനെടുത്ത ഫോട്ടോയും ചേര്‍ത്തിരുന്നു. നഗരത്തിലെ സ്ഥിതിവിശേഷങ്ങളറിയാതെ ഞായറാഴ്ചയെനിക്കുറക്കമേ വന്നില്ല.
പുതിയ ഉണര്‍വോടെയാണ് ഞാന്‍ തിങ്കളാഴ്ച കട തുറന്നതും, ഒരു ഏകാംഗകമ്മീഷനെപോലെ തെളിവെടുപ്പു നടത്താന്‍ കടയ്ക്കു പുറത്തേയ്ക്കു കണ്ണുകളയച്ചിരുന്നതും. ഓരോരുത്തരുടേയും പെരുമാറ്റങ്ങളില്‍ നിന്നും, അവരുടെ വെപ്രാളങ്ങളില്‍ നിന്നും നഗരത്തിന്റെ സ്വന്തം ഭോജനശാലയില്‍ ഒരിക്കലെങ്കിലും പോയിട്ടുള്ളവരെ ഞാന്‍ കണ്ടെത്തുകയും, അവരുടെ പേരുകള്‍ എനിക്കരികില്‍ നിവര്‍ത്തി വെച്ചിരുന്ന പുസ്തകത്തില്‍ ഒരു വ്രണം ചൊറിയുന്ന അനുഭൂതിയോടെ എഴുതി നിറയ്ക്കുകയും ചെയ്തു.
ചെറുനാരങ്ങകള്‍ വില്‍ക്കുന്ന രമേശന്റെ പേരാണ് ഞാന്‍ ആദ്യം പുസ്തകത്തിലെഴുതിയത്. നാരങ്ങയുടെ വില ഒരു നിമിഷം പോലും നിറുത്താതെ ചൊടിയോടെ വിളിച്ചുപറയാറുണ്ടായിരുന്ന അവന്‍ ഇന്നു തീര്‍ത്തും നിശ്ശബ്ദനാണ്. അവന്‍ പൊതിഞ്ഞു കൊടുക്കുന്ന നാരങ്ങകളുടെ എണ്ണവും പലപ്പോഴും തെറ്റുന്നുണ്ടെന്ന് അവിടെയുണ്ടാകുന്ന കോലാഹലങ്ങളില്‍ നിന്നും എനിക്കു മനസ്സിലായി.
കണക്കെടുപ്പിനിടയില്‍ വിജയന്‍ കടയിലേക്ക് ആഹ്ലാദത്തോടെ കയറിവന്നു.
‘കലക്കി ചേട്ടാ, ഇത്രയും നല്ലൊരു സ്‌ക്കൂപ്പ് ഈയടുത്ത കാലത്തൊന്നും വന്നിട്ടില്ല. ഞാന്‍ വൈകുന്നേരം കുപ്പിയുമായി വരാം. നമുക്കിതൊന്ന് ആഘോഷിക്കണം.’ വിജയന് ജീവന്‍ വെച്ചതുപോലെ.
‘വേണ്ട വിജയാ ഈയാഴ്ച ഞാന്‍ കുറച്ചു തിരക്കിലാ. നമുക്ക് ഞായറാഴ്ച കൂടാം.’
‘ഞായറാഴ്ചയെങ്കില്‍ ഞായറാഴ്ച’ എന്നും പറഞ്ഞുകൊണ്ട് ജോലി സ്ഥിരതയുടെ സ്വപ്നങ്ങളുമായി വിജയന്‍ വന്നതുപോലെ പോയി.ഉച്ചയാകുമ്പോഴേയ്ക്കും പുസ്തകത്തില്‍ പേരുകളെഴുതുന്ന പണി എനിക്കു മടുത്തു. കാരണം, പുസ്തകത്തില്‍ പേരുകള്‍ക്കു പകരം ‘എനിക്കു പരിചിതമായ പേരുകള്‍’ എന്ന ഒരു വാചകം എഴുതുന്നതാണ് കൂടുതല്‍ ഉചിതമെന്നെനിക്കുതോന്നി. ഉച്ചവരെ വെറുതെയിരിക്കുകയായിരുന്ന കടയിലെ പണിക്കാരന്‍ പയ്യന്‍ ഊണു കഴിക്കാന്‍ പുറത്തുപോയ സമയത്താണ് ഫ്‌ളയിങ് സ്‌ക്വാഡിലെ സെബാസ്റ്റ്യന്‍ സാര്‍ കടയിലേക്കു കയറി വന്നത്. അദ്ദേഹത്തിന് ഒരു ജോടി നല്ല ഷൂസുകളായിരുന്നു വേണ്ടത്. ഞാന്‍ കുറെ നല്ല മോഡലുകള്‍ പുറത്തെടുത്തു കാണിച്ചുകൊടുത്തു. അദ്ദേഹം തനിക്കു വേണ്ട ജോടി തിരഞ്ഞു കൊണ്ടിരിക്കേ ഒന്നുമറിയാത്തവനെപോലെ ഞാന്‍ ചോദിച്ചു.
‘സെബാസ്റ്റ്യന്‍ സാറേ, നമ്മുടെ എരുമേടെ കാര്യം അറിഞ്ഞില്ലേ?’
അദ്ദേഹം പൊടുന്നനെ എന്റെ മുഖത്തേയ്ക്കു നോക്കി. തിരിച്ചും മറിച്ചും നോക്കിക്കൊണ്ടിരുന്ന ഷൂസ് കയ്യില്‍ നിന്നും നഷ്ടപ്പെട്ട ഒരു ജീവിതം പോലെ വഴുതി നിലത്തേയ്ക്കു വീണു. ഒന്നും പറയാതെ കടയ്ക്കു പുറത്തെ വിശാലമായ ലോകത്തേയ്ക്ക് സെബാസ്റ്റ്യന്‍ സാര്‍ ഇറങ്ങി മറഞ്ഞു.
തറയില്‍ ചിതറിക്കിടക്കുന്ന ഷൂസുകള്‍ ഞാന്‍ ഒതുക്കിവയ്ക്കാന്‍ തുടങ്ങുമ്പോഴാണ് പണിക്കാരന്‍ പയ്യന്‍ ഊണുകഴിഞ്ഞ് തിരികെ വന്നത്. ആ പണി അവനെയേല്‍പ്പിച്ച് ഞാന്‍ കടയുടെ മുന്‍വശത്തെത്തി പുസ്തകത്തില്‍ ‘സെബാസ്റ്റ്യന്‍’ എന്ന പേരും ബ്രായ്ക്കറ്റില്‍ ‘ഫ്‌ളയിങ് സ്‌ക്വാഡ്’ എന്നും എഴുതി ചേര്‍ത്തു.
‘ചേട്ടാ നമ്മുടെ ബേക്കറിയിന്ന് തൊറന്നിട്ടില്ലല്ലോ’ എന്നും പറഞ്ഞുകൊണ്ടാണ് ശിവദാസന്‍ ചായയും കൊണ്ടുവന്നത്. അവന്‍ പറഞ്ഞപ്പോഴാണ് ചിരപരിചിതമായ പലഹാരഗന്ധങ്ങളെക്കുറിച്ച് ഞാനോര്‍ത്തത്. നാട്ടുകാരുടെ വിശപ്പൊക്കെ തീര്‍ന്നെന്ന് അവര്‍ കരുതിയോ ആവോ?
‘പിന്നെ, നമ്മുടെ തുണിക്കടേടെ മൊതലാളിമാര് രക്തം പരിശോധിക്കാന്‍ ക്ലിനിക്കിലേക്ക് കയറി പോയിട്ടുണ്ട്-ശിവദാസന്‍ രഹസ്യ സ്വഭാവത്തോടെ പറഞ്ഞു.
‘എനിക്ക് ഇടയ്ക്ക് തോന്നാറുണ്ട് അവള്‍ടടുത്തിക്ക് പോയാലോന്ന്. പക്ഷെ, ഇതേവരെ പോയിട്ടില്ല. പോകാതിരുന്നത് ഒരു കണക്കിന് ഭാഗ്യായി, അല്ലേ ചേട്ടാ?’
നടുക്കടലില്‍ തകര്‍ന്നു മുങ്ങിയ ഒരു കപ്പലില്‍ നിന്നും താന്‍ മാത്രം ജീവനോടെ കരയ്ക്കടിഞ്ഞ ആശ്വാസമുായിരുന്നു ശിവദാസന്. നിറയെ സന്തോഷത്തോടെ ചായത്തട്ടിലെ ബാക്കി ചായയും കൊണ്ട് ശിവദാസന്‍ അടുത്ത കടകളിലേക്ക് നീങ്ങി.ചായ കുടിയ്ക്കുന്നതിനിടയ്ക്ക് വളരെ യാദൃശ്ചികമായാണ് ചെരുപ്പുകളും, ഷൂസുകളുമിരിക്കുന്ന ചില്ലുകൂടുകളിലേക്ക് എന്റെ നോട്ടം വീണത്. ഒരു ഭ്രമാത്മകലോകം പോലെ എന്റെ ചെരുപ്പുകട രൂപാന്തരപ്പെട്ടു കഴിഞ്ഞിരുന്നു.
വലതുകാലിലിടേണ്ട ചെരുപ്പുകള്‍ ഒന്നിച്ചിരുന്ന് കാലാകാലങ്ങളായുള്ള ജോടികളുടെ നിലനില്‍പിനെ ചോദ്യം ചെയ്യുന്നു. ചില ജോടികളില്‍വലതുകാലിന് ഒരു മോഡലും, ഇടതുകാലിന് മറ്റൊരു മോഡലും. പയ്യന്‍ എന്നെ നോക്കി നിന്നു വിയര്‍ത്തു. അപ്രതീക്ഷിതമായി ഒരു പേരുകൂടി എന്റെ കണക്കുപുസ്തകത്തില്‍ തെളിഞ്ഞുവരികയായിരുന്നു. എനിക്കു കിട്ടിയ ഏറ്റവും വലിയ ഞെട്ടലായ് മാറി അത്.
വൈകുന്നേരം പണികഴിഞ്ഞു പോകുമ്പോള്‍ അവന്‍ എന്നോടു പറഞ്ഞു – ‘എനിക്ക് വേറെ ജോലി ശരിയായിട്ടുണ്ട് ചേട്ടാ, നാളെ മുതല്‍ ഞാന്‍ വരില്ല’
അന്നു രാത്രി കടയടച്ച ശേഷം ഹങ്ക്‌റി ബേക്കറിയുടെ വരാന്തയിലേക്ക് ഞാന്‍ നടന്നത് ദുരുദ്ദേശങ്ങളോടെയായിരുന്നില്ല. എരുമയെ ഒളിഞ്ഞു നിന്ന് വീക്ഷിക്കണം. അവളെതേടി തളരാത്ത മനസ്സുമായി ഇനിയാരൊക്കെ എത്തുന്നുന്നെറിയണം. എല്ലാം വെറുമൊരു കൗതുകത്തിനുവേണ്ടി മാത്രം.
അകലേ നിന്നേ ഞാനറിഞ്ഞു, ബേക്കറി വരാന്ത കളികഴിഞ്ഞ മൈതാനം പോലെ ശൂന്യമാണെന്ന്. പോത്തുകളെ മുഴുവന്‍ വിശപ്പിന്റെ ലോകത്തിലേക്ക് തള്ളിവിട്ട്, എരുമ ഞങ്ങളുടെ നഗരത്തെ എന്നന്നേയ്ക്കുമായി ഉപേക്ഷിച്ചു പോയി ക്കാണുമോ?
നിരാശ കട്ടപിടിച്ച ഹൃദയത്തോടെയാണ് ഞാന്‍ ബസ് സ്റ്റാന്റിലെത്തിയതും അവസാന ബസ്സില്‍ കയറിപ്പറ്റിയതും.
അടുത്ത പകല്‍ എന്നെപ്പോലും അത്ഭുതപ്പെടുത്തുന്ന തരത്തില്‍ വ്യത്യസ്തമായിരുന്നു. കഴിഞ്ഞ പകലില്‍ എവിടെയൊക്കെയോ പാളിച്ചയോടെ പെരുമാറിയിരുന്നവര്‍ ഇന്ന് നിശ്ശബ്ദതയോടെ ജീവിതത്തിന്റെ സമതലങ്ങളിലേക്ക് തിരിച്ചുവന്നുകൊണ്ടിരുന്നു. അത് തീര്‍ച്ചപ്പെടുത്താനെന്നവണ്ണം, ഫങ്ക്‌റി ബേക്കറിയില്‍ നിന്ന് പലതരം പലഹാരങ്ങളുടെ മണം എന്റെ മൂക്കില്‍ വന്നടിച്ചു. രാത്രിയാകുമ്പോഴേക്കും ഞങ്ങളുടെ നഗരത്തിന് അതിന്റെ മുഴുവന്‍ ജീവനും പതുക്കെ പതുക്കെ തിരിച്ചുകിട്ടിയതായി എനിക്കു തോന്നി.
എല്ലാം കഴിഞ്ഞ് ബാക്കിയായ ഒരു ചോദ്യത്തിനുകൂടി ഉത്തരം തേടിക്കൊണ്ടാണ് ഞാന്‍ രാത്രിയില്‍ അവിടേയ്ക്കു നടന്നുപോയത്.എന്നെ സന്തോഷിപ്പിച്ചുകൊണ്ട് അവിടെ എരുമയും മകളും എത്തിച്ചേര്‍ന്നിരുന്നു. ഞാനവരെ മറഞ്ഞു നിന്നു ശ്രദ്ധിക്കാന്‍ തുടങ്ങിയ ഈ അഞ്ചു നിമിഷങ്ങള്‍ക്കുള്ളില്‍ ഒരാള്‍പോലും ഇരുട്ടിന്റെ വാതില്‍ തുറന്ന്, നിറയെ വിശപ്പുമായി ആര്‍ത്തിയുടെ കൊമ്പുകളുമായി പ്രത്യക്ഷപ്പെട്ടില്ല.
എരുമ ബേക്കറിയുടെ ഷട്ടറില്‍ ചാരി പ്രതീക്ഷയോടെ ഇരിക്കുകയായിരുന്നു. കുട്ടി എന്നത്തേയും പോലെ കിടന്നുറങ്ങുകയും.
പെട്ടെന്ന് കുട്ടി എണീറ്റുചെന്ന് എരുമയെ തൊണ്ടി വിളിച്ച് എന്തോ പറഞ്ഞു .മറുപടിയൊന്നും പറയാതെ അനങ്ങാതിരുന്ന എരുമയ്ക്കരികില്‍ അവളുടെ മകളും ഉറക്കം മറന്നിരുന്നു. എത്ര കാതൂകൂര്‍പ്പിച്ചു നിന്നിട്ടും അവളുടെ മകള്‍ എന്താണ് പറഞ്ഞതെന്ന് എനിക്കു മനസ്സിലായില്ല.
അല്ല, ഞാനെന്തിന് അതേക്കുറിച്ചാലോചിച്ച് തല പുണ്ണാക്കണം? രാവിലെ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ മകള്‍ പറഞ്ഞിരുന്നു ഒരു കേക്ക് വാങ്ങിക്കൊണ്ടു വരണമെന്ന്. അവള്‍ക്കുവേണ്ടി ഹങ്ക്‌റി ബേക്കറിയില്‍ നിന്ന് വാങ്ങിയിരുന്ന കേക്കിന്റെ വലിയ പൊതി കയ്യിലിരിക്കുന്നു. അവള്‍ ഇപ്പോള്‍ ഞാന്‍ വരുന്നതും നോക്കി ഉറങ്ങാതിരിക്കുന്നുണ്ടാകും.
എന്നാല്‍, എരുമയുടെ ആ വടിവൊത്ത ഇരുപ്പുകപ്പോള്‍ നാളുകള്‍ക്കു മുന്‍പുള്ള ഒരു രാത്രിയുടെ സ്മരണയില്‍ ഞാന്‍ വിശന്നുപൊരിയാന്‍ തുടങ്ങി.
പക്ഷെ മുട്ടുകള്‍ കൂട്ടിയിടിക്കുന്ന അസുഖം വീണ്ടു തുടങ്ങിയാല്‍ എന്നെപ്പോലുള്ള വിശപ്പന്മാര്‍ എന്തു ചെയ്യും? ഒരു വലിയ ഭോജന ശാലയുപേക്ഷിച്ച് തിരിഞ്ഞു നടക്കുകയല്ലാതെ?

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!