Section

malabari-logo-mobile

ചുടലപ്പടറമ്പ് വരളുമ്പോള്‍

HIGHLIGHTS : ചുടല ഭൂതകാലത്തിന്റെ കനലെരിയുന്ന ഒരു ഭൂവിടമാണ്. അവിടെ ഓര്‍മ്മകളും ആരവങ്ങളും ഭീതികളും പുകയുന്നു. പരപ്പനങ്ങാടി ഗ്രാമത്തിന്റെ ചുടലപ്പറമ്പ് കേവലാര്‍ത്ഥത...

photo Biju Ibrahim

ചുടല ഭൂതകാലത്തിന്റെ കനലെരിയുന്ന ഒരു ഭൂവിടമാണ്. അവിടെ ഓര്‍മ്മകളും ആരവങ്ങളും ഭീതികളും പുകയുന്നു.

പരപ്പനങ്ങാടി ഗ്രാമത്തിന്റെ ചുടലപ്പറമ്പ് കേവലാര്‍ത്ഥത്തില്‍ മാത്രമാണ് ഒരു സംസ്‌കാരസ്ഥലിയായി നിലകൊള്ളുന്നത്. വര്‍ത്തമാനകാലത്ത് പരപ്പനങ്ങാടിക്കാര്‍ പുളകങ്ങളുടെയും ആരവങ്ങളുടെയും ദ്രുതചലനങ്ങളുടെ വിസ്മയ മുന്നേറ്റങ്ങളുടെയും ഓര്‍മ്മകള്‍ പകുത്തു നല്‍കിയ ഫുട്‌ബോള്‍ എന്ന ലോകമെമ്പാടും ആരാധകരുള്ള കായികവിനോദത്തിന്റെ ഗൃഹാതുരതയായാണ് കാണുന്നത്.

sameeksha-malabarinews

മലബാര്‍ കലാപത്തെ അടിച്ചമര്‍ത്താന്‍ വേണ്ടി പ്രത്യേകം നിയോഗിക്കപ്പെട്ട ബ്രിട്ടീഷ് പട്ടാളത്തിന്റെ എത്തിച്ചേരലോടെയാണ് മലപ്പുറത്തുകാര്‍ കാല്‍പന്തിന്റെ ഔദ്യോഗിക പാഠങ്ങളിലേക്ക് വികസിക്കുന്നത്. അതിനു മുമ്പു തന്നെ പന്തുകളിയുടെ നിരവധി പാഠഭേദങ്ങള്‍ ഇവിടെയുണ്ടായിരുന്നു. ഓലപ്പന്തും കെട്ടുപന്തും ഇന്നും ഏതൊരു ഫുട്‌ബോള്‍ പ്രേമിയുടെയും നഷ്ട ഗൃഹാതുരതയാണ്.

ബ്രിട്ടീഷ് പട്ടാളത്തിലെ ഓരോ റെജിമെന്റുകളും യൂറോപ്യന്‍ ലീഗില്‍ കളിച്ചിരുന്ന താരങ്ങളാല്‍ സമ്പന്നമായിരുന്നു. ആറു മാസം കൂടുമ്പോള്‍ മാറി മാറി വരുന്ന റെജിമെന്റുകള്‍ തോക്കിനും ബയണറ്റിനും ഒപ്പം വിദേശനാര്‍മ്മിത ബൂട്ടുകളും, മലയാളികള്‍ക്ക് വിസ്മയമായ പുത്തന്‍ പന്തുകളും കൊണ്ടുവന്നു എന്നത് ചരിത്രത്തിന്റെ ഒരു വിരോധാഭാസമാകാം!!

അക്കാദമിക് ഫുട്‌ബോളിന്റെ ആദ്യപാഠങ്ങള്‍ മലപ്പുറത്തുകാര്‍ ശീലിച്ചത് ബ്രിട്ടീഷുകാരുടെ കളികണ്ടും അവരോട് കളിച്ചുമാണ്. ഇന്ന് മലബാറിന്റെ ചളിക്കണ്ടങ്ങളില്‍ പന്തു തട്ടി വളര്‍ന്ന് ഇന്ത്യയുടെ തന്നെ കായിക ഭൂപടത്തിലെ നിത്യവിസ്മയങ്ങളായ അരീക്കോട്ടെയും മലപ്പുറത്തെയും മറ്റനേകം മലബാര്‍ ഗ്രാമങ്ങളിലെയും താരങ്ങള്‍ ബ്രിട്ടീഷ് പട്ടാളത്തിന്റെ ബൂട്ടണിഞ്ഞ കളിമികവിനെ പുറംകാല്‍ കൊണ്ട് തൊഴിച്ചുതള്ളിയ ആദിരൂപങ്ങളുടെ പിന്‍തുടര്‍ച്ചക്കാരാണ്.

മലപ്പുറത്തെ തീരദേശഗ്രാമങ്ങളില്‍ ഒന്നായ പരപ്പനങ്ങാടിയിലെ ഫുട്‌ബോള്‍ ചരിതവും മുന്‍മാതൃകകളോട് സദൃശ്യമായിരിക്കാം. പ്രാദേശികമായ സവിശേശതകളും ഉണ്ടായിരിക്കാം. മറക്കാനാവാത്ത, എന്നാല്‍ കുറ്റകരമായ മറവിയിലേക്ക് തള്ളിവിടപ്പെട്ട എണ്ണപ്പെട്ട ഫുഡ്‌ബോള്‍ രത്‌നങ്ങളാല്‍ സമ്പന്നമാണിവിടം.

ചിറമംഗലം മനയ്ക്കാര്‍ BEM സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കളിക്കാന്‍ ദാനമായി കൊടുത്ത റെയിലിനോട് ചേര്‍ന്ന ഒരു മൈതാനമാണ് ചുടലപറമ്പ് ഈ ആവശ്യത്തിനൊഴികെ മറ്റൊന്നിനും ഈ ഭൂമി ഉപയോഗിക്കരുത് എന്ന ഉപാധിയും കൈമാറ്റരേഖയിലുണ്ട്.

ബ്രിട്ടീഷ് ഫുട്‌ബോളിന്റെ ആള്‍ധാരാളിത്തത്തിന് വഴങ്ങുന്നവയായിരുന്നില്ല മലബാറിലെ ചെറു നാട്ടുമൈതാനങ്ങള്‍. സെവന്‍സ് എന്ന സവിശേഷമായ ഒരു കേളീശൈലിക്ക് രൂപം നല്‍കാന്‍ ഇതും ഒരു നിമിത്തമായിരുന്നിരിക്കാം. ചുടലപറമ്പില്‍ ആദ്യത്തെ സെവന്‍സ് കളക്ഷന്‍ ടൂര്‍ണ്ണമെന്റ് നടന്നത് 1965 ല്‍ മുസ്ലിം അനാഥ സംരക്ഷണസംഘത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു. മൈതാനത്തിനു പുറത്തേക്കും നന്‍മയുടെ മിന്നലൊളികള്‍  പ്രദര്‍ശിപ്പിച്ച പ്രസ്തുത ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്യാന്‍ അന്ന് പ്രശസ്ത സിനിമാതാരം KT ഉമ്മര്‍ എത്തി… പിന്നീട് നവജീവന്‍ വായനശാല, റെഡ്‌വേവ്‌സ്, ചന്ദ്രശേഖര്‍, സോക്കര്‍ ക്ലബ് തുടങ്ങി നിരവധി ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ നടന്ന വിവിധ ടൂര്‍ണ്ണമെന്റുകളില്‍ കാല്‍പന്തിന്റെ ചടുലതാളങ്ങളും, ചുടലനൃത്തച്ചുവടുകളും കാണികളെ ഹരം കൊള്ളിച്ചു. കാണികള്‍ തന്നെ റഫറികളായി കളി നിര്‍ത്തേണ്ടി വന്ന അനുഭവങ്ങളും അപൂര്‍വ്വമല്ല.

സ്‌ട്രെക്കേഴ്‌സ് പരപ്പനങ്ങാടി 1977 ഇരിക്കുന്നവര്‍ ഹസ്സന്‍കോയ, യു.വി ശ്രീധരന്‍, ടി. അരവിന്ദന്‍, പി. ഇസ്‌മൈല്‍, പി. വി സെയ്തു. നില്‍ക്കുന്നവര്‍ ഇ. ഹംസകോയ, കെ.പി സേതു, ജി.കെ ദിനേശന്‍, സി. പി അബ്ദുറഹ്മാന്‍, യു. വി ചന്ദ്രന്‍.

ഒരു കിലോമീറ്ററിനുള്ളിലുള്ള നാട്ടുതാരങ്ങളെ മാത്രമണിനിരത്തി ചുടലപറമ്പിന്റെ ചുണക്കുട്ടികള്‍ വളപട്ടണം മുതല്‍ മൂവാറ്റുപുഴ വരെയുള്ള കളക്ഷന്‍ ടൂര്‍ണ്ണമെന്റുകളില്‍ ‘സ്‌ട്രൈക്കേഴ്‌സ്’ എന്ന പേര് ഫുട്‌ബോള്‍ പ്രേമികളുടെ മനസ്സില്‍ കൊത്തിവച്ചത് ദേശത്തിന്റെ ഫുട്‌ബോള്‍ ചരിത്രത്തിന്റെ ആവേശകരമായ മറ്റൊരു അധ്യായം. ഈ മണ്ണിന്റെ മണവും, മധുരവും, കയ്പ്പും പകുത്തെടുത്താണ് പ്രധിഭാധനരായ നിരവധി ഫുട്േബാള്‍ താരങ്ങള്‍ക്ക് ഈ നാട് ജന്മം നല്‍കിയത്.

1960 ല്‍ കോഴിക്കോട് വച്ച് നടന്ന സന്തോഷ് ട്രോഫിയില്‍ പരപ്പനങ്ങാടിയുടെ വിയര്‍പ്പുമണമുള്ള ഒരു കേരള ജേഴ്‌സിയുണ്ടായിരുന്നു. കേരള ടീമിനെ പ്രധിനിധീകരിച്ച് ആ ജേഴ്‌സിയണിഞ്ഞ സി.പി.അബ്ദുമാഷ്. സന്തോഷ് ട്രോഫിയിലെ മിന്നുന്ന പ്രകടനം അദ്ദേഹത്തെ ഇന്ത്യന്‍ ക്യാമ്പ് വരെ എത്തിച്ചെങ്കിലും ഫുട്‌ബോളിലെ സ്ഥിരസാനിധ്യമായ യാദൃശ്ചികതകള്‍ ഈ കളിക്കാരനെ കായികപരിശീലകന്റെയും സംഘാടകന്റെയും വഴികളിലേക്ക് പറിച്ചു നടുകയായിരുന്നു. ഫാറൂഖ് കോളേജിലെ കായിക വകുപ്പ് മേധാവി, KDFA സെക്രട്ടറി, 1977 ല്‍ സന്തോഷ് ട്രോഫി ഓര്‍ഗനൈസിംഗ് കമ്മറ്റി സെക്രട്ടറി എന്നീ നിലകള്‍ ഫുട്‌ബോള്‍ ലോകത്തു തന്നെ.

ടി. അരവിന്ദന്‍

ഒരു പരപ്പനങ്ങാടിക്കാരന്‍ ഗ്രൗണ്ട് ഷൂട്ടേഴ്‌സിനു വേണ്ടി ‘നാഗ്ജി’ കളിക്കാന്‍ 1973 ല്‍ പരപ്പനങഅങാടി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കോഴിക്കോട്ടേക്ക് കരിവണ്ടി കയറുന്നു. യാദൃശ്ചികമായാണ് എതിര്‍ടീമായ പഞ്ചാബ് പോലീസ് ടീമിനെ അതേ വണ്ടിയില്‍ വച്ച് കണ്ടുമുട്ടുന്നത്. ആജാനുബാഹുക്കളായ പഞ്ചാബി ടീമംഗങ്ങളെ കണ്ടപ്പോള്‍ മീശ കുരുത്തു തുടങ്ങിയ ആ ചെറുപ്പക്കാരന് പരിഭ്രമം തോന്നിയത് സ്വാഭാവികം. ഗ്രൗണ്ടിലിറങ്ങിയപ്പോള്‍ ആ കുട്ടി അദ്ഭുതകരമായ ഒരു വിപരിണാമമെന്നോണം മലബാറില ഇരമ്പിമറിയുന്ന ഫുട്‌ബോള്‍ ഗ്യാലറികളുടെ അരവിന്ദനായി… പഞ്ചാബ് സിംഹങ്ങള്‍ ഗ്രൗണ്ട് ഷൂട്ടേഴ്‌സിനു മുന്നില്‍ അപ്രതീക്ഷിത സമനിലക്ക് വഴങ്ങി. കല്‍ക്കട്ടയില്‍ നടന്ന സിവില്‍സര്‍വീസ് മീീറ്റ്, കോയമ്പത്തൂര്‍ TFA ഷീല്‍ഡ്, കൗമുദി തുടങ്ങി നിരവധി ടൂര്‍ണ്ണമെന്റുകളില്‍ മൈതാനത്തിന്റെ മധ്യനിര ജനറലായി.

1978. കോഴിക്കോട് സേടഠ് നാഗ്ജി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കല്ലായി യൂത്ത്‌സ് പഞ്ചാബിലെ ജലന്തര്‍ ടീമുമായി ഒരുഗോള്‍ പിന്നില്‍ നില്‍ക്കുന്നു കളിതീരാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ യൂത്ത്‌സിന് അനുകൂലമായി ഒരു കോര്‍ണര്‍ കിക്കെടുക്കാനായി ഒരു താടികാരന്‍ കോര്‍ട്ടിന്റെ വലത് മൂലയിലേക്ക് നടന്നടുക്കുന്നു. റഫറിയുടെ കൊടിയുയരുന്നതോടെ അയാളുടെ ബൂട്ടില്‍നിന്നും പറന്നുയര്‍ന്ന പന്ത് ഒരുമഴവില്ലുപോലെ വളഞ്ഞ് പഞ്ചാബുകാരുടെ ഗോള്‍ വലയത്തിലേക്ക് ചെത്തിയിറങ്ങി. ഒരു നിമിഷത്തെ അവിശ്വസനീയതയില്‍നിന്നും ഉയര്‍ത്തെണീറ്റ ഗാലറികള്‍….. ആ താടിക്കാരന്‍ പരപ്പനങ്ങാടിക്കാരന്‍  കാലിക്കറ്റ്

യു.വി ശ്രീധരന്‍

യൂണിവേഴ്‌സിറ്റി താരം യു. വി. ശ്രീധരനായിരുന്നു.  ജീവിരാജ ചാക്കോള, കൗമുദി തുടങ്ങി അക്കാലത്തെ മികച്ച ടൂര്‍ണ്ണമെന്റുകളില്‍ ഗ്യാലറികളുടെ ആവേശമായി. പരിക്കും നിര്‍ഭാഗ്യവും വിടാതെ പിന്‍തുടര്‍ന്ന ഈ മുന്‍കാല ഫുട്‌ബോള്‍ താരം ഇന്ന് കടലിനപ്പുറം പ്രവാസ ജീവിതം നയിക്കുന്നു. പരപ്പനങ്ങാടിക്കാരുടെ ഓര്‍മ്മകളില്‍ ഫുട്‌ബോള്‍ താരം, വോളിബോളിലെ മിന്നല്‍ സ്മാഷുകള്‍, നാടകവേദികളിലെ ഉജ്ജ്വല നടന്‍ എന്നിങ്ങനെ ബഹുതലങ്ങളില്‍ ജീവിക്കുന്നു.

കോഴിക്കോട് സര്‍വ്വകലാശാല ടീമിന് വേണ്ടി കളിച്ചുകൊണ്ടിരിക്കെയാണ് വെസ്റ്റേണ്‍ റെയില്‍വേ ഇളയേടത്ത് ഹംസക്കോയയെ റാഞ്ചുന്നത്. ഗന്തോഷ് ട്രോഫിയില്‍ അഞ്ചു തവണ അന്നത്തെ പ്രബലരായിരുന്ന മഹാരാഷ്ട്ര ടീമിനെ 7തവണ  പ്രതിനിധീകരിക്കാന്‍ ഈ പറിച്ചുനടല്‍ അദ്ദേഹത്തിന് വാതില്‍ തുറന്നു കൊടുത്തു. യൂണിയന്‍ ബാങ്ക്, ടാറ്റാസ്, ഒര്‍ക്കേമില്‍സ് തുടങ്ങിയ പ്രമുഖ ക്ലബ്ബുകള്‍ക്ക് വേണ്ടി ഇന്ത്യ മുഴുവന്‍ ഈ പരപ്പനങ്ങാടിക്കാരന്‍ പന്തു തട്ടി. ടൈറ്റാനിയമടക്കം കേരളത്തിലെ നിരവധി ടീമുകള്‍ അദ്ദേഹത്തെ തിരിച്ചു വിളിക്കാന്‍ ശ്രമിച്ചുവെങ്കിലും അവയെല്ലാം തന്നെ നിരസിക്കാന്‍ തക്ക ഒരു കാരണം ആ കളിക്കാരനുണ്ടായിരുന്നു.

ഇ. ഹംസകോയ

ഇന്ത്യന്‍ ടീമിനു വേണ്ടി ഒരു പരപ്പനങ്ങാടിക്കാരന്‍ പന്തു തട്ടുക എന്ന മഹത്തായ സ്വപ്നം. ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമറഞ്ഞു വരുന്ന ഫുട്‌ബോള്‍ എന്ന മാന്ത്രിക വിനോദം ആ സ്വപ്നത്തെ കപ്പിനും ചുണ്ടിനുമിടക്കു വച്ച് രണ്ടു തവണ തട്ടിമാറ്റി. 1983 ല്‍ സാഫ്‌ഗെയ്ഡിനുള്ള ഇന്ത്യന്‍ ടീമിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടെങ്കിലും, അത്തവണ ടൂര്‍ണ്ണമെന്റിന് ഇന്ത്യ ടീമിനെ അയക്കാത്തതിനാല്‍ കളിക്കാനായില്ല. 84 ല്‍ മറ്റു പലതിലുമെന്ന പോലെ കായികരംഗത്തും നടക്കുന്ന ലോബിയിംങിന്റെ  ഇരയായി ഇന്ത്യന്‍ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ടീം സെലക്ഷനില്‍ തഴയപ്പെട്ടു. അദ്ദേഹത്തിന്റെ മകനായ ലിഹാസ് കോയ ചരിത്രത്തിന്റെ ഒരു കാവ്യനീതി എന്നോണം ഇന്ത്യന്‍ സ്‌കൂള്‍ ടീമിനു വേണ്ടി ചൈനയില്‍ നടന്ന ഏഷ്യന്‍ സ്‌കൂള്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ ഇന്ത്യന്‍ ഗോള്‍വലയം കാത്തപ്പോള്‍ വൈകിയാണെങ്കിലും മറ്റൊരു രൂപത്തില്‍ സ്വപനം സാക്ഷാത്കരിക്കപ്പെടുകയായിരുന്നു. ഇന്നും പരപ്പനങ്ങാടിയിലെ ഫുട്‌ബോള്‍ കാരണവന്‍മാരും ചുടലപറമ്പുമാണ് എന്നെവളര്‍ത്തിയതെന്ന് വിനയത്തോടെ അഭിമാനത്തോടെ പറയുന്ന കോയാക്ക പുത്തന്‍ തലമുറയ്ക്ക മാതൃകയാണ്.

കോഴിക്കോട് കല്ലായ് യൂത്ത്‌സിന്റെ ക്യാപ്റ്റനായിരുന്ന നജീബ്, സെവന്‍സ് കളങ്ങളില്‍ അക്ഷരാര്‍ത്ഥത്തില്‍ പ്രതിരോധ

കെ.ടി നജീബ്

നിരയുടെ സര്‍വ്വ സൈന്യാധിപനായി. ഇരമ്പി വരുന്ന മുന്നേറ്റങ്ങളെ നെഞ്ചുയര്‍ത്തി തടുത്തുനിര്‍ത്തി. രണ്ടു തവണ കൗമുദി ട്രോഫി കളിച്ചു.

ചുടലപറമ്പിലെ ഫുട്‌ബോള്‍ പുഷ്പങ്ങള്‍ പാടുന്ന ഒരു വരണ്ട ഇടക്കാലം പിന്നാലെ വന്നു. ഉജ്ജ്വലമായൊരു പാരമ്പര്യത്തെ നെഞ്ചേറ്റേണ്ടവര്‍ ഇത്തിരി വെട്ടം മാത്രം കാണുന്ന, ഇത്തിരി വെട്ടം മാത്രം ചിന്തിക്കുന്ന തന്‍പോരിമക്കാരായിപ്പോയതാകാം ഇതിന് കാരണം. പിന്നീട് വസന്തത്തിന്റെ വാഹകനായി മൈതാനത്തെത്തിയത് കമര്‍ ബാബു. തീരദേശത്തിന്റെ തിരമാല…… പ്രതിരോധത്തിന്റെ കടല്‍ഭിത്തികളെ നൃത്തച്ചുവടുകള്‍ വച്ച് മുറിച്ച് കടക്കുന്ന സെവന്‍സ്

ലിഹാസ് കോയ

താരം തൃശൂര്‍, ജിംവാന, KFC കാളിക്കാവ്, സൂപ്പര്‍ സ്റ്റുഡിയ തുടങ്ങിയ ടീമുകള്‍ ഗ്രൗണ്ടിലിറങ്ങുമ്പോള്‍ ഗ്യാലറിയില്‍ ബാബുവിനെ കാത്തിരുന്നിരുന്നു. മലപ്പുറം എ ഡിവിഷന്‍ ചാമ്പ്യന്‍മാരായിരുന്ന സോക്കറിന്റെ മധ്യനിരയിലെ തന്ത്രം മെനയുന്ന മാന്ത്രികന്‍ ഫൈസല്‍ ഷാജഹാനും ഈ കാലത്തിന്റെ പ്രതിനിധി തന്നെ.

പഴങ്കഥകള്‍ കൊണ്ട് ഏറെക്കാലം ആശ്വസിക്കാനാവില്ല. കളിക്കളങ്ങള്‍ വീണ്ടും ഒഴിഞ്ഞു തുടങ്ങിയിരിക്കുന്നു. പരപ്പനങ്ങാടി കാത്തിരിക്കുകയാണ് പുല്‍മൈതാനങ്ങളിലെ പുതുദൈവങ്ങള്‍ക്കായി…

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!