Section

malabari-logo-mobile

ക്യു പോസ്റ്റ് സേവനം ഇനി മുതല്‍ വീടുകളിലേക്ക്

HIGHLIGHTS : ദോഹ: ഖത്തറിലെ താമസക്കാര്‍ക്ക് ക്യു പോസ്റ്റ് വഴിയെത്തുന്ന കത്തുകളും മറ്റു സാധനങ്ങളും ഇനിമുതല്‍ വീടുകളിലെത്തും.

ദോഹ: ഖത്തറിലെ താമസക്കാര്‍ക്ക് ക്യു പോസ്റ്റ് വഴിയെത്തുന്ന കത്തുകളും മറ്റു സാധനങ്ങളും ഇനിമുതല്‍ വീടുകളിലെത്തും.
കത്തുകള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വീടുകളില്‍ നേരിട്ടെത്തിക്കുന്ന പദ്ധതിക്ക് ഖത്തര്‍ പോസ്റ്റല്‍ സര്‍വീസ് തുടക്കം കുറിച്ചതായി അധികൃതര്‍ അറിയിച്ചു. പോസ്റ്റല്‍ ഉരുപ്പടികള്‍ വീടുകളിലെത്തിക്കുന്നതിന് താല്‍പര്യമുള്ള കൊരിയര്‍ കമ്പനികളില്‍ നിന്ന് ക്യൂ പോസ്റ്റ് അപേക്ഷ ക്ഷണിച്ചിരുന്നു. ഇതിന് നല്ല പ്രതികരണമാണ് ലഭിച്ചതെന്നും ദോഹ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നിരവധി കൊരിയര്‍ സ്ഥാപനങ്ങള്‍ പദ്ധതിയുമായി സഹകരിക്കാമെന്നു പറഞ്ഞു മുന്നോട്ടുവന്നിട്ടുണ്ടെന്നും ക്യു പോസ്റ്റ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ മുഹമ്മദ് അന്‍സാരി അറിയിച്ചു.
ഇപ്പോഴത്തെ പോസ്റ്റ് ബോക്‌സ് സമ്പ്രദായത്തില്‍ നിന്നുള്ള വന്‍ കുതിച്ചുചാട്ടമായിരിക്കും പുതിയ പദ്ധതി വരുന്നതോടെ സാധ്യമാകുകയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഖത്തര്‍ മുനിസിപ്പാലിറ്റി ആന്റ് അര്‍ബന്‍ മന്ത്രാലയം നടപ്പിലാക്കുന്ന ഏരിയ റഫറന്‍സിംഗ് സിസ്റ്റം (ക്യു.എ.ആര്‍.എസ്) പദ്ധതിപ്രകാരം ഖത്തറിലെ ഏത് വീടുകളും കെട്ടിടങ്ങളും എളുപ്പത്തില്‍ കണ്ടെത്താനാകുമെന്നും അദ്ദേഹം വിശദീകരിച്ചു. ക്യൂ പോസ്റ്റ് ബ്രാഞ്ചുകളില്‍ വാടക നിരക്കില്‍ സ്ഥാപിക്കുന്ന പോസ്റ്റ് ബോക്‌സ് വഴിയാണ് നിലവില്‍ വീട്ടുകാര്‍ക്കും കമ്പനികള്‍ക്കും പോസ്റ്റല്‍ ഉരുപ്പടികള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. വീട്ടുകാര്‍ക്ക് 300 റിയാലും കമ്പനികള്‍ക്ക് 500 റിയാലുമാണ് ഇതിന് വര്‍ഷത്തില്‍ ഈടാക്കുന്നത്. ആളുകള്‍ നേരിട്ടെത്തി പോസ്റ്റ് ബോക്‌സില്‍ നിന്ന് സാധനങ്ങള്‍ ശേഖരിക്കുകയും വേണം.
പോസ്റ്റല്‍ ഉരുപ്പടികള്‍ വീടുകളിലെത്തിക്കുന്ന പുതിയ സമ്പ്രദായം നിലവില്‍ വരുന്ന തിയ്യതി ക്യു പോസ്റ്റ് പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ഈ വര്‍ഷാവസാനത്തോടെ നിലവില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഒരു ഇംഗ്ലീഷ് പത്രം റിപ്പോര്‍ട്ട് ചെയ്തു. വീടുകളിലും മറ്റും അഡ്രസ് പ്ലേറ്റ് സ്ഥാപിക്കുന്ന ക്യു.എ.ആര്‍.എസ് നടപടി പൂര്‍ത്തിയാകാത്തതാണ് പദ്ധതി വൈകാന്‍ കാരണം. രാജ്യത്താകമാനം 90,000 അഡ്രസ് പ്ലേറ്റുകള്‍ ഇതുവരെ സ്ഥാപിച്ചു കഴിഞ്ഞിട്ടുണ്ട്.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!