Section

malabari-logo-mobile

കോഴിക്കോട് മോണോറെയില്‍ പ്രൊജക്റ്റ് ഓഫീസ് തുറന്നു

HIGHLIGHTS : കോഴിക്കോട്:

കോഴിക്കോട്:മലബാറിന്റെ സ്വപ്ന പദ്ധതിയായ കോഴിക്കോട് മോണോറെയില്‍ പദ്ധതിയുടെ പ്രൊജക്റ്റ് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു. സിവില്‍ സ്റ്റേഷന്‍ ബി. ബ്ലോക്കില്‍ നടന്ന ചടങ്ങില്‍ വ്യവസായ -ഐ.ടി വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ചു. മോണോറെയില്‍ കോര്‍പ്പറേഷന്‍ വൈസ് ചെയര്‍മാന്‍ കൂടിയായ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ്, പഞ്ചായത്ത് -സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.എം.കെ മുനീര്‍, എം.കെ രാഘവന്‍ എം.പി, ജില്ലാ കളക്ടര്‍ സി.എ ലത, എ.ഡി.എം കെ.പി രമാദേവി, മോണോറെയില്‍ കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ പി.സി ഹരികേഷ്, ചീഫ് ജനറല്‍ മാനേജര്‍ എസ്.മാധവന്‍പിളള, കോഴിക്കോട് പ്രൊജക്റ്റ് മാനേജര്‍ ആനന്ദ് ഇളമണ്‍ സംബന്ധിച്ചു.
ഉദ്ഘാടനത്തിനുശേഷം സംസാരിക്കവെ കോഴിക്കോട് മോണോ റെയിലിന്റെ പ്രവൃത്തി 2014 ജനുവരിയില്‍ തുടങ്ങുമെന്ന് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് അറിയിച്ചു. ഈ വര്‍ഷം ഡിസംബറോടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാകും. പദ്ധതിക്കെതിരെ വ്യാപാരികള്‍ പ്രതിഷേധിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഒന്നാം ഘട്ടമായ മെഡിക്കല്‍ കോളേജ് മുതല്‍ മാനാഞ്ചിറ വരെ വ്യാപാരികളെ ബാധിക്കുന്ന പ്രശ്‌നങ്ങളൊന്നുമില്ലെന്നും രണ്ടാം ഘട്ടത്തില്‍ അവരുടെ ആശങ്കകള്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിയുടെ ജനറല്‍ കണ്‍സള്‍ട്ടന്‍സിയായി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനെ അംഗീകരിക്കുന്ന കരാറിന് ഈ വര്‍ഷം ജൂണ്‍ 19 ന് ഒപ്പുവെച്ചിരുന്നു. ഡി.എം.ആര്‍.സി തയ്യാറാക്കിയ പ്രൊജക്റ്റ് റിപ്പോര്‍ട്ട് പ്രകാരം കോഴിക്കോട് മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ മുതല്‍ മീഞ്ചന്ത വരെയുളള 14.2 കി.മീറ്റര്‍ ദൈര്‍ഘ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. നിര്‍മ്മാണ ചെലവ് 1832 കോടി രൂപയാണ്. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ മൊത്തം ചെലവ് 1991 കോടി രൂപയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആദ്യഘട്ടത്തില്‍ മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കഴിഞ്ഞാല്‍ മെഡിക്കല്‍ കോളേജ്, ചേവായൂര്‍, തൊണ്ടയാട്, കോട്ടൂളി, മൊഫ്യൂസില്‍ ബസ്സ്റ്റാന്റ്, കെ.എസ്.ആര്‍.ടി.സി, മാനാഞ്ചിറ എന്നിവിടങ്ങളിലാണ് സ്റ്റേഷനുകള്‍ ഉണ്ടാവുക. രണ്ടാം ഘട്ടത്തില്‍ പാളയം, റെയില്‍വേ സ്റ്റേഷന്‍, പുഷ്പ ജംഗ്ഷന്‍, കല്ലായി, പന്നിയങ്കര, വട്ടക്കിണര്‍, മീഞ്ചന്ത എന്നിവിടങ്ങളിലും സ്റ്റോപ്പുണ്ടാകും.
നിലവിലുളള പൊതുമരാമത്ത് വകുപ്പ് റോഡിന്റെ മധ്യത്തില്‍ ഉയരത്തിലാണ് മോണോറെയിലിന്റെ അലൈന്‍മെന്റ്. സ്റ്റേഷനുകളും പ്ലാറ്റ്‌ഫോമുകളും ഉയരത്തിലായിരിക്കും. എല്ലാ സ്റ്റേഷനുകളിലും ലിഫ്റ്റ് ഏര്‍പ്പെടുത്തും. മെഡിക്കല്‍ കോളേജിലും മാനാഞ്ചിറയിലും റെയില്‍വേ സ്റ്റേഷനിലും എസ്‌കലേറ്റര്‍ സംവിധാനവുമൊരുക്കും.
525 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഓരോ ട്രെയിനിലും മൂന്ന് കാറുകള്‍ വീതമാണ് ഉണ്ടാവുക. തിരക്ക് കൂടിയ സമയങ്ങളില്‍ അഞ്ചര മിനിറ്റ് ഇടവിട്ട് ട്രെയിന്‍ ഓടിക്കാനാണ് ഉദ്ദേശിക്കുന്നത്. ട്രെയിനില്‍ ഡ്രൈവര്‍ ഉണ്ടാകില്ല.
പദ്ധതി നടപ്പാക്കുന്നതിന് 10.654 ഹെക്ടര്‍ സ്ഥലമാണ് ആവശ്യമായി വരിക. ഇതില്‍ 8.554 ഹെക്ടര്‍ സ്ഥലം സര്‍ക്കാര്‍ ഭൂമിയും 0.5188 ഹെക്ടര്‍ റെയില്‍വേ ഭൂമിയും 1.582 ഹെക്ടര്‍ സ്വകാര്യ ഭൂമിയുമാണ്. പദ്ധതി ചെലവിന്റെ 20 ശതമാനം കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഗ്രാന്റായും 20 ശതമാനം സംസ്ഥാന സര്‍ക്കാരില്‍ നിന്നും സ്വരൂപിക്കണമെന്നാണ് ഡി.എം.ആര്‍.സി യുടെ നിര്‍ദ്ദേശം. പദ്ധതിയുടെ ഗ്ലോബല്‍ ടെണ്ടര്‍ നടപടിക്ക് ഡി.എം.ആര്‍.സി ക്ക് കൈമാറി കഴിഞ്ഞു. ടെണ്ടര്‍ നോട്ടീസ് ജൂലൈ രണ്ടിനാണ് പ്രസിദ്ധപ്പെടുത്തിയത്. ആഗസ്റ്റ് 29 ന് പ്രീ -ബിഡ് മീറ്റിംഗ് നടക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!