കോഴിക്കോട് : ശക്തമായ കാലവര്‍ഷത്തില്‍ തകര്‍ന്ന ജില്ലയിലെ റോഡുകളുടെ നവീകരണത്തിന് 72.77 കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് അറിയിച്ചു. തകര്‍ന്ന റോഡുകളുടെ നവീകരണം സംബന്ധിച്ച് ജില്ലയിലെ എം.എല്‍.എ മാരുമായി പി.ഡബ്‌ളിയു.ഡി റസ്റ്റ് ഹൗസില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയില്‍ 979 കി.മീറ്റര്‍ റോഡ് തകര്‍ന്നതായി കണക്കാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇതില്‍ മുക്കാല്‍ ഭാഗം റോഡുകളും ഇതിനകം അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബി.എസ്.എന്‍.എല്‍, കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി എന്നിവയുടെ പ്രവര്‍ത്തനം മൂലവും റോഡുകള്‍ തകര്‍ന്നിട്ടുണ്ട്. പി.ഡബ്ല്യൂ.ഡി അല്ലാതെ മറ്റ് ഏജന്‍സികള്‍ റോഡുകള്‍ വെട്ടിപ്പൊളിക്കുന്ന കാര്യത്തില്‍ കര്‍ശന നിയന്ത്രണം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്.
ദേശീയ പാതകളില്‍ 42 കിലോമീറ്ററോളം അറ്റകുറ്റപ്പണികള്‍ നടത്തി ഗതാഗത യോഗ്യമാക്കിയിട്ടുണ്ട്. ദേശീയപാത 66 ലെ വടകര അയനിക്കാട് മുതല്‍ നന്തി വരെയുളള റോഡ് പുനരുദ്ധാരണം നടത്തുന്നതിന് കരാറുകാരനെ ഏല്‍പ്പിച്ചിട്ടുണ്ട്. കോഴിക്കോട് ബൈപ്പാസില്‍ തൊണ്ടയാട് മുതല്‍ പന്തീരാങ്കാവ് വരെയുളള ഭാഗത്ത് ഉടന്‍തന്നെ നവീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. ഇവിടുത്തെ അറ്റകുറ്റപ്പണികള്‍ കരാറുകാര്‍ തന്നെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ദേശീയപാത 766 (പഴയ എന്‍.എച്ച് 212) ല്‍ മലാപ്പറമ്പ് മുതല്‍ മണ്ണില്‍ക്കടവ് വരെയുളള ഭാഗത്ത് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.
നിര്‍മ്മിച്ച് ഒരു വര്‍ഷത്തിനകം റോഡ് തകര്‍ന്നാല്‍ കരാറുകാര്‍തന്നെ റിപ്പയര്‍ ചെയ്യണമെന്ന് തീരുമാനിച്ചിട്ടുണ്ട്. ഇത് ചെയ്യാത്ത കരാറുകാരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തും. ബന്ധപ്പെട്ട എഞ്ചിനീയര്‍മാരും മറുപടി നല്‍കേണ്ടിവരും.
മാനാഞ്ചിറ – വെളളിമാട്കുന്ന് റോഡ് പ്രവര്‍ത്തിക്ക് 600 കോടി രൂപയുടെ പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ട്. കോരപ്പുഴ, മൂരാട് പാലങ്ങള്‍ക്കായുളള ഭൂമി ഏറ്റെടുക്കല്‍ നടപടി ഉടനെ ആരംഭിക്കും. മന്ത്രി പറഞ്ഞു.
ചര്‍ച്ചയില്‍ പഞ്ചായത്ത് -സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.എം.കെ മുനീര്‍, എം.എല്‍.എ മാരായ സി.മോയിന്‍കുട്ടി, സി.കെ നാണു, എ.പ്രദീപ്കുമാര്‍, കെ.കെ ലതിക, എ.കെ ശശീന്ദ്രന്‍, വി.എം ഉമ്മര്‍മാസ്റ്റര്‍, പുരുഷന്‍ കടലുണ്ടി, കെ.കുഞ്ഞമ്മദ് മാസ്റ്റര്‍, ഇ.കെ വിജയന്‍, പി.ടി.എ റഹീം,കെ.ദാസന്‍ പൊതുമരാമത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.ഒ സൂരജ്, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ശശികുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.



