Section

malabari-logo-mobile

കോളറ: പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി

HIGHLIGHTS : പുളിക്കല്‍ ഗ്രാമപഞ്ചായത്തിലെ ഒളവട്ടൂര്‍ പുതിയേടത്ത്‌പറമ്പില്‍ കോളറ സ്ഥീരികരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്‌

പുളിക്കല്‍ ഗ്രാമപഞ്ചായത്തിലെ ഒളവട്ടൂര്‍ പുതിയേടത്ത്‌പറമ്പില്‍ കോളറ സ്ഥീരികരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്‌ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അധ്യക്ഷതയില്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരുടെ പ്രത്യേക യോഗം ചേര്‍ന്നു.
തമ്പികണ്ടത്തില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക കുടുംബയോഗങ്ങള്‍ ചെര്‍ന്ന്‌ ബോധവത്‌ക്കരണ ക്ലാസ്‌ നടത്തി. പ്രദേശത്തെ 20 ഓളം കിണറുകള്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തുകയും കുടിവെള്ള സാമ്പിള്‍ പരിശോധനയ്‌ക്കായി പൂക്കോട്‌ വെറ്ററിനെറി യൂനിവേസിറ്റിയിലെ ജല പരിശോധനാ ലാബിലേയ്‌ക്ക്‌ അയക്കുകയും ചെയ്‌തിട്ടുണ്ട്‌. പ്രദേശത്തെ മുഴുവന്‍ വീടുകളിലും നിര്‍ജ്ജലീകരണം തടയുന്നതിനുള്ള ഒ.ആര്‍.എസ്‌. പായ്‌ക്കറ്റുകളും കോളറയ്‌ക്കെതിരെയുള്ള മുന്‍കരുതലുകളടങ്ങിയ ലഘുലേഖകളും ആശ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വിതരണം ചെയ്‌തു. ആശാ പ്രവര്‍ത്തകര്‍ക്ക്‌ പ്രത്യേക പരിശീലനവും നല്‍കിയിട്ടുണ്ട്‌.
പഞ്ചായത്ത്‌ അംഗങ്ങളുടെ നേതൃത്വത്തില്‍ ഗൃഹ സന്ദര്‍ശനം നടത്തി ആരോഗ്യ പ്രവര്‍ത്തകര്‍ സ്ഥിതി വിവരക്കണക്കുകള്‍ ശേഖരിച്ചാണ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്‌. പ്രദേശത്ത്‌ സജീവ രോഗ നിരീക്ഷണത്തിനായി ഫീല്‍ഡ്‌ ജീവനക്കാരെ രണ്ടാഴ്‌ചത്തേക്ക്‌ വിന്യസിച്ചിട്ടുന്നെ്‌ ഡി.എം.ഒ. അറിയിച്ചു. നിലവിലെ സാഹചര്യം കണക്കിലെടുത്ത്‌ അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ജീവനക്കാര്‍ക്ക്‌ അവധി അനുവദിക്കുകയില്ലെന്നും ഡി.എം.ഒ. പറഞ്ഞു.
ജില്ലയില്‍ ഡെങ്കിപ്പനി കൂടുതലായി റിപ്പോര്‍ട്ട്‌ ചെയ്‌ത വണ്ടൂര്‍ ആരോഗ്യ ബ്ലോക്കില്‍ ജന പ്രതിനിധികള്‍, വിവിധ വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ പ്രത്യേക യോഗം അടുത്ത ആഴ്‌ച ചേരും. കരുവാരകുണ്ടില്‍ ഫിവര്‍ കാംപ്‌ നടത്താനും യോഗം തീരുമാനിച്ചു.
ഛര്‍ദിയും വയറിളക്കവുമാണ്‌ കോളറയുടെ പ്രധാന ലക്ഷണങ്ങള്‍. ഭക്ഷണ ശുചിത്വം ഉറപ്പുവരുത്താനും തിളപ്പിച്ചാറിയ വെള്ളം കുടിക്കാനും അരോഗ്യ വകുപ്പ്‌ നിര്‍ദേശം നല്‍കി. ഈച്ചകള്‍ പെരുകുന്നത്‌ തടയുക, പഴങ്ങള്‍- പച്ചക്കറികള്‍ തുടങ്ങിയവ നന്നായി കഴുകിയ ശേഷം ഉപയോഗിക്കുക, ശുചി മുറിയില്‍ പോയ ശേഷം കൈകള്‍ വൃത്തിയായി കഴുകുക, കുത്തിവെയ്‌പ്പിന്‌ ഉപയോഗിക്കുന്ന സിറിഞ്ചുകളും മറ്റും അണുവിമുക്തമാണെന്ന്‌ ഉറപ്പാക്കുക തുടങ്ങിയവയാണ്‌ മറ്റ്‌ പ്രധാന കോളറ പ്രതിരോധ മാര്‍ഗങ്ങള്‍. ഹെല്‍ത്ത്‌ സൂപ്പര്‍വൈസര്‍ പ്രകാശ്‌, ഹെല്‍ത്ത്‌ ഇന്‍സ്‌പെക്ടര്‍ മുഹമ്മദ്‌, ബ്രിജിത്ത്‌ എന്നിവര്‍ ബോധവത്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!