Section

malabari-logo-mobile

കൊടിഞ്ഞി റോഡിന്റെ ശോചനീയാവസ്ഥ- നാട്ടുകാര്‍ പ്രക്ഷോഭത്തിന്

HIGHLIGHTS : തിരൂരങ്ങാടി:

തിരൂരങ്ങാടി: ചെമ്മാട് കൊടിഞ്ഞി റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. റോഡ് പൂര്‍ണ്ണമായും തകര്‍ന്ന് ഇരുചക്ര വാഹനങ്ങള്‍ക്ക് പോലും പോകാന്‍ പറ്റാത്ത അവസ്ഥയാണ്. റോഡില്‍ വലിയ കുഴികള്‍ നിറഞ്ഞത് അപകടങ്ങള്‍ക്കും കാരണമാകുന്നു. രണ്ടാഴ്ച്ചക്കുള്ളില്‍ രണ്ട് ബസ്സുകളാണ് റോഡിന്റെ തകര്‍ക്ക കാരണം അപകടത്തില്‍ പെട്ടത്. കുണ്ടില്‍ ചാടിയതിനെ തുടര്‍ന്ന് സ്റ്റിയറിംഗ് എന്റ് പൊട്ടിയാണ് ബസ്സുകള്‍ അപകടത്തില്‍ പെട്ടത്. രണ്ട് അപകടങ്ങളിലും തലനാരിഴക്ക് ദുരന്തം വഴി മാറുകയായിരുന്നു. കുണ്ടില്‍ ചാടാതിരിക്കാന്‍ വെട്ടിക്കുമ്പോഴാണ് പല വാഹനങ്ങളും അപകടത്തില്‍ പെടുന്നത്. റോഡിലൂടെ യാത്ര ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്. റോഡിന്റെ തകര്‍ച്ച വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഒരു പോലെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഓട്ടോകളൊന്നും കൊടിഞ്ഞിയിലേക്ക് ട്രിപ്പ് വരാത്ത അവസ്ഥയാണ്. ഏതാനും മാസം മുമ്പ് 13 ലക്ഷം രൂപ ഉപയോഗിച്ച് റോഡ് അറ്റകുറ്റ പണി നടത്തിയതാണ് പൂര്‍ണ്ണമായും തകര്‍ന്നിരിക്കുന്നത്. മുഴുവന്‍ കുണ്ടും അടക്കാതെ പേരിന് മാത്രം നടത്തിയ പോലെയായിരുന്നു അന്നത്തെ പ്രവൃത്തി. അന്നു തന്നെ ഈ പ്രവൃത്തിക്കെതിരെ പൗര സമിതി പി ഡബ്ല്യു ഡി അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. റോളര്‍ കേടുവന്നത് കാരണം നിര്‍ത്തിയതാണെന്നും ഉടനെ വീണ്ടും പ്രവൃത്തി നടത്തുമെന്നും അന്നു അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും പിന്നീടിതു വരെ പ്രവൃത്തി നടത്തിയിട്ടില്ല. അതാണ് റോഡ് കൂടുതല്‍ തകരാന്‍ കാരണം.

ഇപ്പോള്‍ 9.30 കോടി രൂപ റോഡ് ബി ആന്റ് ബി സി ചെയ്യുന്നതിന് അനുവദിക്കുകയും ഇതിന് എസ്റ്റിമേറ്റ് തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ മഴക്കാലം കഴിഞ്ഞാലെ അതിന്റെ പ്രവൃത്തി നടത്താന്‍ കഴിയൂ എന്നതാണ് പ്രശ്‌നം. ഇപ്പോള്‍ റോഡിലൂള്ള കുണ്ടും കുഴിയും അടക്കുന്നതിനുള്ള പരിഹാരമെങ്കിലും കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

sameeksha-malabarinews

റോഡിന്റെ ശോചനീയാവസ്ഥക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നും ഇല്ലെങ്കില്‍ റോഡ് ഉപരോധിക്കുമെന്ന് കൊടിഞ്ഞി പൗരസമിതി യോഗം മുന്നറിയിപ്പ് നല്‍കി. സി കുഞ്ഞു, കെ വി സിദ്ധീഖ്, പി സാദിഖ്, പി മുഹമ്മദലി, അലി പാലക്കാട്ട്, പി റഷീദ്, പി മുസ്ഥഫ, പി മുനീര്‍, കെ മനാഫ്, പി റഫീഖ്, എം അയ്യൂബ്, യു വി നൗഷാദ്, രജ്‌സ്ഖാന്‍ മാളിയാട്ട് എന്നിവര്‍ സംസാരിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!