Section

malabari-logo-mobile

കാലിക്കറ്റ് വിസിയുടെ പീഡനം; രജിസ്ട്രാര്‍ രാജിവെച്ചു.

HIGHLIGHTS : തേഞ്ഞിപ്പാലം:

തേഞ്ഞിപ്പാലം: കാലിക്കറ്റ് സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ. ഐ പി അബ്ദുള്‍ റസാഖ് രാജിവെച്ചു. തിങ്കളാഴ്ച രാവിലെ 10.30 നാണ് ഡോ. എം അബ്ദുള്‍ സലാമിന് രാജികത്ത് നല്‍കിയത്. രജിസ്ട്രാര്‍ പദവിയില്‍ പ്രവേശിച്ച് ഒരു മാസം തികഞ്ഞ് തൊട്ടടുത്ത ദിവസമാണ് രാജി. മഞ്ചേരി യൂണിറ്റി വിമന്‍സ് കോളേജ് സുവോളജി പഠന വിഭാഗം തലവനായിരുന്ന ഡോ. ഐ പി അബ്ദുള്‍ റസാഖ് ജൂണ്‍ 21 നാണ് നിയമിതനായത്.

വിസിയില്‍ നിന്നുണ്ടായ ദുരനുഭവങ്ങളും സമ്മര്‍ദവുമാണ് രാജിക്ക് ഇടയാക്കിയതെങ്കിലും വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട് സ്ഥാനം ഒഴിയുന്നുവെന്നായിരുന്നു കത്തിലുള്ളത്. വിസി, പിവിസി എന്നിവരുടെ നേതൃത്വത്തിലുള്ള ഉദേ്യാഗസ്ഥ വൃന്ദത്തിന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് നില്‍ക്കാത്തതാണ് രാജിയിലെത്തിയത്.

sameeksha-malabarinews

പരീക്ഷാ കണ്‍ട്രോളറുടെ ചുമതലയിലുണ്ടായിരുന്ന സര്‍വ്വകലാശാല അറബിക് പഠനവിഭാഗം മേധാവി ഡോ. എ എന്‍ എ അബ്ദുള്‍ഖാദര്‍ സ്ഥാനം ഒഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് രജിസ്ട്രാര്‍ ഡോ. ഐ പി അബ്ദുള്‍ റസാഖിന്റെ രാജിയുണ്ടായത്.

സമ്മര്‍ദം ചെലുത്തി ചട്ടവിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിക്കുകയും അവഹേളിക്കുകയും ചെയ്ത സംഭവത്തില്‍ ബന്ധപ്പെട്ട സര്‍വ്വകലാശാലാ അധികൃതര്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ നടപടിയെടുക്കണമെന്നാവശ്യപെട്ട് എംഎസ്എഫ് സംസ്ഥാന കമ്മറ്റിയും വിസിക്കെതിരെ ജുഡീഷ്യല്‍ അനേ്വഷണം നടത്തണമെന്നാവശ്യപെട്ട് ഇടത് അധ്യാപക സംഘടനയായ അസോസിയേഷന്‍ ഓഫ് കാലിക്കറ്റ് യുണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് (ആക്ട്) രംഗത്തെത്തി. വിഷയത്തില്‍ ലീഗ് നേതൃത്വം വിസിയോട് വിശദീകരണം തേടും. ഇതു സംബന്ധിച്ച കാര്യങ്ങള്‍ അടിയന്തിരമായി ചര്‍ച്ച ചെയ്യാന്‍ ലീഗ് നേതൃത്വം തീരുമാനിച്ചു.

രജിസ്ട്രാറായിരുന്ന ഡോ. പി പി മുഹമ്മദ് വിരമിച്ച ഒഴിവിലാണ് അബ്ദുള്‍ റസാഖിനെ നിയമിച്ചത്. എന്നാല്‍ ഇദ്ദേഹത്തെ നിയമിക്കുന്നതില്‍ വിസിക്ക് താല്‍പര്യമുണ്ടായിരുന്നില്ല. താല്‍ക്കാലിക രജിസ്ട്രാറായിരുന്ന ഡോ. എം വി ജോസഫ് പദവിയില്‍ തുടരുന്നതിലായിരുന്നു വിസിക്ക് താല്‍പര്യം. അതിനായി രജിസ്ട്രാര്‍ നിയമന പ്രക്രിയ മനഃപൂര്‍വം നീട്ടി കൊണ്ടു പോയി.

വിസിയുടെ ഡ്രൈവര്‍ക്ക് വഴിവിട്ട് ഉദേ്യാഗ കയറ്റം കാസ്‌ലാബ് നിര്‍മാണത്തിന് ഫണ്ട് ചെലവഴിക്കുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം രജിസ്ട്രാറുടെ മേല്‍ കെട്ടി വെക്കാനുള്ള ശ്രമം എന്നീ വിഷയങ്ങളിലാണ് പ്രധാനമായും ഇരുവരും ഉടക്കിയത്. തനിക്ക് അനഭിമതനായ രജിസ്ട്രാറെ ഓഫീസില്‍ നിന്ന് ഇറക്കിവിട്ട് പോലും വിസി അവഹേളിച്ചതായാണ് വിവരം. ഇതെല്ലാമാണ് രാജിയില്‍ കലാശിച്ചത്. രാജിക്കുള്ള കാരണം വിശദമാക്കി മുസ്ലീം ലീഗ് നേതൃത്വത്തിന് ഡോ. ഐ പി അബ്ദുള്‍റസാഖ് പരാതി നല്‍കിയിട്ടുണ്ട്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!