Section

malabari-logo-mobile

കണ്‍സഷന്‍ : കെഎസ്ആര്‍ടിസിക്കെതിരായ പരാതി അന്വേഷിക്കാന്‍ നിര്‍ദ്ദേശം

HIGHLIGHTS : തൃശൂര്‍: വിദ്യാര്‍ത്ഥികള്‍ക്ക് കെഎസ്ആര്‍ടിസി

തൃശൂര്‍: വിദ്യാര്‍ത്ഥികള്‍ക്ക് കെഎസ്ആര്‍ടിസി എല്ലാ റൂട്ടിലും കണ്‍സഷന്‍ അനുവദിക്കുന്നില്ല എന്ന പരാതി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ല കളക്ടര്‍ പി.വേണുഗോപാല്‍ ആര്‍ടിഒയ്ക്ക് നിര്‍ദ്ദേശം നല്‍കി. വിദ്യാര്‍ത്ഥികളുടെ യാത്രാസൌകര്യം സംബന്ധിച്ച സമിതിയോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. ഇതു സംബന്ധിച്ച് ആര്‍ടിഒ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് അടുത്ത ആര്‍ടിഎ ബോര്‍ഡില്‍ വയ്ക്കുകയും കെഎസ്ആര്‍ടിസിയില്‍ നിന്നു വിശദീകരണം തേടിയ ശേഷം നടപടി സ്വീകരിക്കുകയും ചെയ്യും.

 

മൂന്നു റൂട്ടുകളില്‍ മാത്രമേ കെഎസ്ആര്‍ടിസി കണ്‍സഷന്‍ അനുവദിക്കുന്നുള്ളൂവെന്ന് വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികള്‍ പരാതിപ്പെട്ടു. ഇതേ സമയം അഞ്ചു റൂട്ടുകളില്‍ കണ്‍സഷന്‍ നല്‍കുന്നുണ്ടെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ പിന്നീട് അറിയിച്ചു. കെഎസ്ആര്‍ടിസി ഓര്‍ഡിനറി സര്‍വ്വീസുള്ള എല്ലാ റൂട്ടിലും കണ്‍സഷന്‍ അനുവദിക്കണമെന്ന് വിദ്യാര്‍ത്ഥിസംഘടനാ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. കണ്‍സഷന്‍ ഭാരം സ്വകാര്യ ബസുകള്‍ മാത്രം സഹിക്കേണ്ടിവരികയാണെന്നും ഇതിനു പരിഹാരമുണ്ടാകണമെന്നും ബസ് ഉടമ പ്രതിനിധികള്‍ പറഞ്ഞു. ഇതേത്തുടര്‍ന്നാണ് കെഎസ്ആര്‍ടിസി എല്ലാ റൂട്ടിലും കണ്‍സഷന്‍ അനുവദിക്കുന്നില്ല എന്ന പരാതിയെപ്പറ്റി അന്വേഷിക്കാന്‍ ആര്‍ടിഒയ്ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്.

sameeksha-malabarinews

 

കെഎസ്ആര്‍ടിസിയ്ക്ക് നല്‍കിയ കണ്‍സഷന്‍ അപേക്ഷ നിരസിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ രേഖാമൂലം അറിയിക്കണമെന്ന് കളക്ടര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളും സ്വകാര്യ ബസുകാരും സമരവും മിന്നല്‍ പണിമുടക്കും നടത്തുന്നതിനു മുമ്പ് പ്രശ്നകാരണം പോലീസിന്റേയും ആര്‍ടിഒയുടെയും ശ്രദ്ധയില്‍പ്പെടുത്തണം. കണ്‍സഷന്‍ ഔദാര്യമല്ലെന്നും വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറാന്‍ ആരെയും അനുവദിക്കില്ലെന്നും കളക്ടര്‍ പറഞ്ഞു. സ്കൂള്‍ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് പോലീസ്, ആര്‍ടിഒ, വിദ്യാഭ്യാസ വകുപ്പ് പ്രതിനിധികളെ ഉള്‍പ്പെടുത്തി മൂന്ന് സ്ക്വാഡുകള്‍ രൂപീകരിക്കാന്‍ യോഗം തീരുമാനിച്ചു.

 

സ്ക്വാഡുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച റിപ്പോര്‍ട്ട് റോഡ് സുരക്ഷാ കൌണ്‍സിലില്‍ വയ്ക്കണമെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചു. യോഗത്തില്‍ എഡിഎം എച്ച്.സലിംരാജ്, ഡിവൈഎസ്പി രഘുവരന്‍ നായര്‍, ജോയിന്റ് ആര്‍ടിഒ പ്രകാശ് ബാബു, വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികള്‍, സ്വകാര്യ ബസ് ഉടമ പ്രതിനിധികള്‍, പാരലല്‍ കോളേജ് അസോസിയേഷന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!