Section

malabari-logo-mobile

ഒവി വിജയന്റെ പ്രതിമ തകര്‍ക്കല്‍ ജില്ലയില്‍ ശക്തമായ പ്രതിഷേധം

HIGHLIGHTS : മലപ്പുറം: കോട്ടക്കല്‍ രാജാസ് ഹൈസ്‌കൂളില്‍

മലപ്പുറം: കോട്ടക്കല്‍ രാജാസ് ഹൈസ്‌കൂളില്‍ സ്ഥാപിച്ച മലയാളത്തിന്റെ മഹാനായ എഴുത്തുകാരന്‍ ഒവി വിജയന്റെ പ്രതിമ തകര്‍ത്തതില്‍ ജില്ലയില്‍ ശക്തമായ പ്രതിഷേധം. സാസംസ്‌ക്കാരിക രാഷ്ട്രീയ മണഡലത്തിലെ വ്യക്തികളും സംഘടനകളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.

പ്രതിമ നശിപ്പിച്ചവരെ പിടികൂടണം: സിപിഐ എം
മലപ്പുറം: കോട്ടക്കല്‍ രാജാസ് ഹൈസ്‌കൂളില്‍ പൂര്‍വവിദ്യാര്‍ഥിയായിരുന്ന സാഹിത്യ പ്രതിഭ ഒ വി വിജയന്റെ പ്രതിമ നശിപ്പിച്ചവരെ പിടികൂടണമെന്നും പുനര്‍നിര്‍മിക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്നും സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. പ്രതിമ തകര്‍ത്തത് അത്യന്തം പ്രതിഷേധാര്‍ഹവും സാംസ്‌കാരിക കേരളത്തിന് അപമാനവുമാണ്.
ഒ വി വിജയന്റെ വിശ്വപ്രസിദ്ധമായ നോവല്‍ ‘ഖസാക്കിന്റെ ഇതിഹാസം’ ആസ്പദമാക്കിയും അദ്ദേഹത്തിന്റെ സര്‍ഗജീവിതം പുതിയ തലമുറക്ക് പരിചയപ്പെടുത്തുന്നതിനും വേണ്ടിയാണ് രാജാസ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും ‘സ്മൃതിവനം’ ഒരുക്കിയത്.
സര്‍ഗാത്മകത പഠന പ്രക്രിയയുടെ ഭാഗമായി അതിനെ കണ്ട് പ്രോത്സാഹിപ്പിക്കുന്നതിനുപകരം കോട്ടക്കല്‍ നഗരസഭ കാണിച്ച അപക്വ നടപടികളുടെ പരിണത ഫലമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. അല്‍പ്പബുദ്ധികളായ ചില മതഭ്രാന്തന്മാരുടെ സമ്മര്‍ദത്തിന് വഴങ്ങി, ലീഗ് നേതൃത്വത്തിലുള്ള നഗരസഭയാണ് അനാവശ്യമായ ഈ വിവാദത്തിന് തുടക്കംകുറിച്ചതും സ്മൃതിവനവും പ്രതിമാ സ്ഥാപനവും നിര്‍ത്തിവക്കണമെന്ന് ഉത്തരവിട്ടതും.

sameeksha-malabarinews

ഇതിനെ ന്യായീകരിച്ച് ചന്ദ്രിക ദിനപത്രം എഴുതിയ ലേഖന പരമ്പര പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കി. ഒ വി വിജയന്റെ പ്രാമാണ്യത്തെ ചോദ്യം ചെയ്യുകയാണ് ചന്ദ്രികയും അതുവഴി മുസ്ലിംലീഗ് നേതൃത്വവും ചെയ്തത്. ഒ വി വിജയന്‍ ഒരു കമ്യൂണിസ്റ്റല്ല. എങ്കിലും അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകള്‍ അദ്ദേഹത്തിന്റെ പ്രതിഭയെ അംഗീകരിക്കാനുള്ള തടസമായി സിപിഐ എം കണ്ടിട്ടില്ല.

മലപ്പുറത്തിന്റെ പ്രോജ്വലമായ മതനിരപേക്ഷ സംസ്‌കാരത്തിനും സഹിഷ്ണുതക്കും കളങ്കമേല്‍പ്പിച്ച ഈ സംഭവത്തിലേക്ക് കാര്യങ്ങള്‍ എത്താന്‍ പാടില്ലായിരുന്നു. അധികാരത്തിന്റെ ഗര്‍വില്‍ മുസ്ലിംലീഗ് സ്വീകരിക്കുന്ന പല നിലപാടുകളും ആധുനിക സമൂഹത്തിന് യോജിച്ചതല്ലെന്ന് ലീഗ് നേതൃത്വം മനസ്സിലാക്കണം.

ഏതെങ്കിലും സാമൂഹ്യവിരുദ്ധരുടെ ഇച്ഛക്കനുസരിച്ച് രാജാസ് ഹൈസ്‌കൂളിലെ ‘സ്മൃതിവനം’ നശിച്ചുപോകാന്‍ പാടില്ല. വിദ്യാര്‍ഥികള്‍ ആഗ്രഹിച്ച നിലയില്‍ അത് പുനര്‍ജനിക്കപ്പെടണം. അതിന് എല്ലാ പിന്തുണയും സിപിഐ എം വാഗ്ദാനം ചെയ്യുന്നു. കുറ്റവാളികളെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കണം. പ്രതിമ തകര്‍ത്ത കാടന്‍ നീക്കത്തെ അപലപിക്കാന്‍ സാംസ്‌കാരിക സമൂഹം മുന്നോട്ടുവരണമെന്ന് സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ഒ.വി. വിജയന്റെ പ്രതിമ വികൃതമാക്കിയത്  അപലപനീയം: മുസ്‌ലിംലീഗ്
മലപ്പുറം: പ്രശസ്തസാഹിത്യകാരന്‍ ഒ.വി. വിജയന്റെ പ്രതിമ വികൃതമാക്കിയ സാമൂഹ്യവിരുദ്ധരുടെ നടപടിയെ ശക്തമായി അപലപിക്കുന്നതായി മുസ്‌ലിംലീഗ് മലപ്പുറം ജില്ലാ ജനറല്‍സെക്രട്ടറി പി. അബ്ദുല്‍ഹമീദ് പ്രസ്താവിച്ചു. കുറ്റക്കാരെ അടിയന്തിരമായി കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇത് മലപ്പുറത്തിന്റെ മഹിതമായ സാംസ്‌കാരിക പാരമ്പര്യത്തെ ഇകഴത്തിക്കാണിക്കുന്നതിന് ആസൂത്രണം ചെയ്തതാണെന്ന് മനസ്സിലാക്കുന്നു. മഹാന്മാരായ എഴുത്തുകാരെയും സാഹിത്യകാരന്മാരെയും അങ്ങേയറ്റം ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് മലപ്പുറത്തിന്റെ പാരമ്പര്യം.

തിരൂരില്‍ മലയാള ഭാഷാ പിതാവിന്റെ മണ്ണില്‍ മലയാളം സര്‍വ്വകലാശാല ഉയര്‍ന്ന്‌വന്നതും പ്രശസ്തരായ എഴുത്തുകാരുടെ സ്ഥലങ്ങളില്‍ വത്യസ്ത സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് അവസരം ഒരുക്കുന്നതുമെല്ലാം ഈ ജില്ലയുടെ സംസ്‌കാരത്തെ പ്രതിഫലിപ്പിക്കുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒ.വി.വിജയന്റെ പ്രതിമ വികൃതമാക്കിയ ഛിദ്രശക്തികളുടെ നടപടിയില്‍ പ്രതിഷേധിക്കുക – കെ.എസ്.ടി.എ
കോട്ടക്കല്‍ രാജാസ് ഹയര്‍സെക്കന്ററി സ്‌ക്കൂളില്‍ സ്ഥാപിച്ച ഒ.വി.വിജയന്‍ സ്മാരക പാര്‍ക്കിലെ ഒ.വി.വിജയന്റെ പ്രതിമ വികൃതമാക്കിയ ഛിദ്രശക്തികളുടെ നടപടിയില്‍ സാംസ്‌ക്കാരിക സമൂഹം ശക്തമായിപ്രതിഷേധിക്കണമെന്ന് കെ.എസ്.ടി.എ ആവശ്യപ്പെട്ടു.
ശിശുകേന്ദ്രീകൃതമായ പുതിയ പാഠ്യപദ്ധതിയുടെ വളര്‍ച്ചയുടെ ഭാഗമായാണ് വിദ്യാലയങ്ങളില്‍ ബഷീറിനെപ്പോലെയോ ഒ.വി.വിജയനെപ്പോലെയോ ഉള്ള അതുല്യ സാഹിത്യകാരന്‍മാരുടേയും ശാസ്ത്രജ്ഞരുടടേയും പേരില്‍ സ്‌കൂളുകളിലും മറ്റും ഇത്തരം പാര്‍ക്കുകളും കോര്‍ണറുകളും ഉയര്‍ന്ന് വന്നിട്ടുള്ളത്.മുമ്പൊന്നുംതന്നെ ഉയര്‍ന്നുവരാത്ത പ്രതിഷേധമാണ് മഹാനായ സാഹിത്യകാരന്റെ കാര്യത്തില്‍ ഉയര്‍ന്ന വന്നത്.
മനസ്സിലൊളിപ്പിച്ച അജണ്ട വിജയിപ്പിച്ചെടുക്കുന്നതില്‍ പരാജയപ്പെട്ടവര്‍ ഇരുട്ടിന്റെ മറവില്‍ കാണിച്ച ഈ നെറികേടിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവന്നേ മതിയാകു
ഈ പ്രവൃത്തിയേയും മഹാനായ ഒരു എഴുത്തുകാരന്റെ സ്മാരകത്തോടുകാണിക്കുന്ന അനാദരാവായി മാത്രമേ സാംസ്‌കാരിക കേരളത്തിന് കാണാന്‍ കഴിയു.ഇത്തരം നെറികേടിനെതിരെ സാംസ്‌ക്കാരിക സമൂഹം ശക്തമായിപ്രതിഷേധിക്കണമെന്ന് കെ.എസ്.ടി.എ ആവശ്യപ്പെട്ടു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!