കണ്ണൂര്‍ : ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍മന്ത്രിയും സിഎംപി ജനറല്‍ സെക്രട്ടറിയുമായ എം വി രാഘവന്റെ നില ഗുരുതരമായി തുടരുന്നു. ബോധനിലയില്‍ നേരിയ പുരോഗതിയുണ്ടെങ്കിലും ആരോഗ്യനില തൃപ്തികരമായിട്ടില്ലെന്ന് മെഡിക്കല്‍ കോളേജ് ബുള്ളറ്റിനില്‍ ആശുപത്രി സൂപ്രണ്ട് ഡോ. എം കെ ബാലചന്ദ്രന്‍ അറിയിച്ചു. അതീവ ഗുരുതരാവസ്ഥയില്‍ ചൊവ്വാഴ്ചയാണ് അദ്ദേഹത്തെ മെഡിക്കല്‍ കോളേജ് തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.
ബുധനാഴ്ച ബന്ധുക്കളെ തിരിച്ചറിഞ്ഞു. പ്രമേഹവും രക്തസമ്മര്‍ദവും നിയന്ത്രണ വിധേയമാണ്. സംസാരശേഷി വീണ്ടെടുത്തിട്ടില്ല. ശ്വാസ കോശത്തിന്റെ പ്രവര്‍ത്തനം തൃപ്തികരമല്ല. വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാണ്. നേരിയ ഹൃദയാഘാതവുമുണ്ടായി. മരുന്നുകളോട് നേരിയതോതിലേ പ്രതികരിക്കുന്നുള്ളൂവെന്നും അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ പറഞ്ഞു.
പാര്‍ക്കിന്‍സണ്‍ രോഗത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന അദ്ദേഹത്തിന്റെ മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനം മന്ദീഭവിച്ചതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി. മെഡിക്കല്‍ സൂപ്രണ്ടിനു പുറമെ ഡോ. എസ് എം അഷറഫ്, ഡോ. കെ സുധീപ് , ഡോ. കെ ജി സാബു, ഡോ. ഡി കെ മനോജ്, ഡോ. സി ജയകൃഷ്ണന്‍ എന്നിവരടങ്ങിയ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് എം വി രാഘവനെ ചികില്‍സിക്കുന്നത്.
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി കരുണാകരന്‍, പരിയാരം മെഡിക്കല്‍ കോളേജ് ചെയര്‍മാന്‍ എം വി ജയരാജന്‍, സിഎംപി നേതാവ് സിപി ജോണ്‍ തുടങ്ങിയവര്‍ ആശുപത്രിയില്‍ എം വി രാഘവനെ സന്ദര്‍ശിച്ചു.




