സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെച്ച് ജ്യുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് 30 മണിക്കൂറോളം തലസ്ഥാനത്തെ നിശ്ചലമാക്കി നടന്നുവന്ന ഉപരോധ സമരം അവസാനിപ്പിക്കാന്‍ ഇടതുപക്ഷവുമായി യുഡിഎഫ് ഇന്ന് അനുരജ്ഞന സംഭാഷണം നടത്തിയതായി സൂചന. ഇതിന് നേതൃത്വം നല്കിയതാകട്ടെ മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടിയും ഷിബു ബേബിജോണും.
ആരോപണം വിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കും വരെ സമരം നടത്തുമെന്ന് പ്രഖ്യാപിച്ചാണ് ഇടതുമുന്നണി സെക്രട്ടറിയേറ്റ് ഉപരോധം ആരംഭിച്ചത്.
എന്നാല്‍ സമരം തുടര്‍ന്നുപോയാല്‍ തലസ്ഥാനത്ത് ഉണ്ടാകാന്‍ ഇടയുള്ള സാമൂഹ്യ പ്രശ്നങ്ങളും ഏതെങ്കിലും തരത്തിലുണ്ടാകുന്ന പ്രകോപനങ്ങളും ഇരു വിഭാഗത്തിന്റെയും നിയന്ത്രണത്തില്‍ നില്‍ക്കാനാകുമോ എന്നുള്ള ആശങ്കയുമാണ് സന്ധിസംഭാഷണങ്ങളില്‍ പ്രധാനമായും ഉയര്‍ത്തിയത്. ഇതെ തുടര്‍ന്ന് ജ്യുഡീഷ്യല്‍ അന്വേഷണം എന്ന ഒരാവശ്യം മുഖ്യമന്ത്രിയെ കൊണ്ട് പ്രഖ്യാപിക്കാമെന്നും ജ്യുഡീഷ്യല്‍ അന്വേഷണത്തിന്റെ ടേംസ് ആന്റ് കണ്ടീഷന്‍സ് നിശ്ചയിക്കാന്‍ പ്രതിപക്ഷവുമായി ചര്‍ച്ച നടത്താമെന്നുമുള്ള കാര്യങ്ങളാണ് തീരുമാനമായത്. എന്നാല്‍ ഇത്തരമൊരു ധാരണയില്ലെന്നാണ് ഇടതുപക്ഷവും മുഖ്യമന്ത്രിയും പുറത്തുപറയുന്നത്.
ഇതിനിടെ സ്വാതന്ത്ര്യ ദിന ആഘോഷങ്ങള്‍ക്ക് ശേഷം മുഖ്യമന്ത്രി രാജിവെക്കാനുള്ള സാധ്യതയുണ്ടെന്ന അഭ്യൂഹവും തലസ്ഥാനത്ത് പരക്കെയുണ്ട്.




