Section

malabari-logo-mobile

ഇന്ന് ചമ്രവട്ടം പദ്ധതി നാടിന് സമര്‍പ്പിക്കും

HIGHLIGHTS : തിരൂര്‍ : മലബാറിന്റെ വികസന മുന്നേറ്റത്തിന് വന്‍ പ്രതീക്ഷകളുമായി നാടിന്റെ സ്വപ്‌നപദ്ധതി ചമ്രവട്ടം

തിരൂര്‍ : മലബാറിന്റെ വികസന മുന്നേറ്റത്തിന് വന്‍ പ്രതീക്ഷകളുമായി നാടിന്റെ സ്വപ്‌നപദ്ധതി ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിജ് യാഥാര്‍ത്ഥ്യമാകുന്നു.
കേരളത്തിലെ ഏറ്റവും വലിയ റഗുലേറ്റര്‍ കം ബ്രിജായ ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിജ് ഇന്ന് വൈകീട്ട് 5മണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാടിന് സമര്‍പ്പിക്കും. ജലവിഭവ വകുപ്പ് മന്ത്രി പി.ജെ.ജോസഫ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കേന്ദ്ര-വിദേശ-മാനവ വിഭവ വകുപ്പ് സഹമന്ത്രി ഇ.അഹമ്മദ്, വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി, വെദ്യുത-ഗതാഗത വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ്, ടുറിസം വകുപ്പ് മന്ത്രി എ.പി.അനില്‍കുമാര്‍, വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ്, നഗരവികസന വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി, എം.പി. ഇ.ടി.മുഹമ്മദ് ബഷീര്‍, മുന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി പാലോളി മുഹമ്മദ്കുട്ടി, എം.എല്‍.എമാരായ കെ.ടി.ജലീല്‍, പി.ശ്രീരാമകൃഷ്ണന്‍, സി.മമ്മുട്ടി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്, മുന്‍ എം.എല്‍.എ പി.പി.അബ്ദുള്ളക്കുട്ടി, ജില്ലാ കലക്ടര്‍ എം.സി.മോഹന്‍ദാസ്, നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ ആര്‍.അമലോര്‍ പവനാഥന്‍, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പൊന്നാനി-തിരൂര്‍ താലൂക്കുകളെ ബന്ധിപ്പിച്ച് ഭാരതപ്പുഴയ്ക്ക് കുറുകെ ചമ്രവട്ടത്ത് 978 മീറ്റര്‍ നീളവും 7.50 മീറ്റര്‍ വീതിയില്‍ പാലവും, 70 ഷട്ടറുകള്‍ ഉപയോഗിച്ച് സമുദ്ര നിരപ്പില്‍ നിന്നും 6 മീറ്റര്‍ ഉയരത്തില്‍ ഭാരതപ്പുഴയില്‍ 13 കിലോമീറ്റര്‍ നീളത്തില്‍ ജലം സംഭരിക്കാനും സഹായിക്കുന്നതാണ് പദ്ധതി.

സാധ്യതാ പഠനത്തിന് 1977 ഫെബ്രുവരി 24 ന് 1.42 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. 1983 ഡിസംബറില്‍ 15.81 കോടി രൂപയുടെ പദ്ധതി റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചു. .1998 ഒക്‌ടോബറില്‍ ഐ.ഡി.ആര്‍.ബിയുടെ അംഗീകാരവും
1999 ഫെബ്രുവരിയില്‍ 70 കോടി രുപയുടെ ഭരണാനുമതിയും ലഭിച്ചു. 2000 സെപ്തംബറില്‍ പ്രവൃത്തി ഏറ്റെടുത്തു നടത്താന്‍ ചമ്രവട്ടം റഗുലേറ്റര്‍ അതോറിറ്റിക്ക് രൂപം നല്‍കി. 2009 ആഗസ്റ്റ് 13 ന് പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ നിര്‍വഹിച്ചു.
ഈ പദ്ധതിയിലൂടെ തിരൂര്‍ പൊന്നാനി താലൂക്കുകളിലെ 4344 ഹെക്ടര്‍ സ്ഥലത്ത് ജലസേചന സൗകര്യം ലഭിക്കും. ഒമ്പത് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ക്കും ജലം ലഭ്യമാകും. പദ്ധതി പ്രദേശത്തും സമീപ പ്രദേശങ്ങളിലും 63.50 എം.എല്‍.ഡി കുടിവെള്ളം ലഭ്യമാക്കാന്‍ സാധിക്കും. പ്രധാന നഗരങ്ങളായ കൊച്ചി-കോഴിക്കോട്, പൊന്നാനി – തിരൂര്‍, പൊന്നാനി-മലപ്പുറം ദൂരം യഥാക്രമം 40, 20, 10 കി.മീറ്റര്‍ കുറയും. ഇത് സമയ-ഇന്ധന ലാഭത്തിന് പുറമെ ഗതാഗത രംഗത്ത് വന്‍ പുരോഗതിയുണ്ടാക്കും.
ചമ്രവട്ടം അയ്യപ്പക്ഷേത്രം, തിരുനാവായ നാവാ മുകുന്ദക്ഷേത്രം, വൈരങ്കോട് ക്ഷേത്രം, തൃപ്രങ്ങോട് മഹാശിവക്ഷേത്രം, ഹനുമാന്‍കാവ്, ഗരുഡന്‍കാവ്, തിരൂര്‍ തുഞ്ചന്‍പറമ്പ്, പൊന്നാനി മഖ്ദൂം മസ്ജിദ്, ഉമര്‍ഖാസി മഖ്ബറ, പുതുപൊന്നാനി ബീവി ജാറം തുടങ്ങിയ പ്രധാന ആരാധനാലയങ്ങളേയും തീര്‍ഥാടന കേന്ദ്രങ്ങളേയും ഈ പദ്ധതിയുമായി ബന്ധിപ്പിക്കുന്നത് ടൂറിസം മേഖലയില്‍ മുന്നേറ്റമുണ്ടാക്കാന്‍ സഹായിക്കും.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!