സഊദി സ്വദേശിവത്കരണം ആശങ്ക വേണ്ട.:ഇ.അഹമ്മദ് സഊദി സന്ദര്‍ശിക്കും

ദില്ലി: സഊദി അറേബ്യയില്‍ സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നേരിട്ട് മനസ്സിലാക്കാനും ഇന്ത്യക്കാര്‍ക്ക് ആത്മവിശ്വാസം നല്‍കാനും വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് ഈ ആഴ്ച സഊദി സന്ദര്‍ശിക്കും. തജിക്കിസ്ഥാനിലെ ദുഷന്‍ബെയില്‍ ഏഷ്യന്‍ സഹകരണ ഡയലോഗ് (എ.സി.ഡി) ല്‍ പങ്കെടുക്കുന്ന ഇ. അഹമ്മദ് മാര്‍ച്ച് 3ന് ഡല്‍ഹിയില്‍ തിരിച്ചെത്തും. ഏപ്രില്‍ ഒന്നിന് കേന്ദ്ര വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ശിദുമായി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തതിനു ശേഷമാണ് സഊദി സന്ദര്‍ശിക്കുകയെന്ന് മന്ത്രിയുടെ മലപ്പുറത്തെ ഓഫീസിന്റെ ചുമതലയുള്ള പേഴ്‌സനല്‍ സെക്രട്ടറി കോയക്കുട്ടി അറിയിച്ചു.ഇതിനിടെ തജികിസ്ഥാനില്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനെത്തിയിരുന്ന സഊദി വിദേശകാര്യ സഹമന്ത്രി അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ല അല്‍ സഅദ് രാജകുമാരനുമായി കേന്ദ്ര മന്ത്രി ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു. സഊദിയില്‍ സ്വദേശിവത്കരണം മൂലം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയിലും സാമൂഹിക ഘടനയിലുമുണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ച് കേന്ദ്രമന്ത്രി ബോധ്യപ്പെടുത്തി. ഇന്ത്യയുമായുള്ള സൗഹൃദ ബന്ധം വിലപ്പെട്ടതാണെന്നും അതിനാല്‍ സഊദിയില്‍ തിരിച്ചെത്തിയ ഉടന്‍ പ്രശ്‌നപരിഹാരത്തിനായി തൊഴില്‍ മന്ത്രാലയവുമായി ചര്‍ച്ച നടത്തുമെന്നും രാജകുമാരന്‍ ഉറപ്പ് നല്‍കി. യാതൊരുവിധ ആശങ്കയ്ക്കും നിലവില്‍ കാരണമില്ലെന്നും സ്ഥിതിഗതികള്‍ നിരീക്ഷിച്ച് അടിയന്തര സന്ദര്‍ഭങ്ങളില്‍ നയതന്ത്ര ഇടപെടല്‍ നടത്തുന്നതിന് റിയാദിലെ ഇന്ത്യന്‍ എംബസിയെ ചുമതലപ്പെടുത്തിയതായും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top