Section

malabari-logo-mobile

അരങ്ങുണര്‍ത്തി അഭിനയ; മേധാവിത്വ സംസ്‌കാരം ചോദ്യം ചെയ്ത് നാടകം

HIGHLIGHTS : ഇരവല്‍ക്കരണം വ്യവസായ കാലത്ത് കാഴ്ചയിലും മനസിലും കലാപം തീര്‍ക്കുന്ന ഇടപെടലായി

കോഴിക്കോട്: ഇരവല്‍ക്കരണം വ്യവസായ കാലത്ത് കാഴ്ചയിലും മനസിലും കലാപം തീര്‍ക്കുന്ന ഇടപെടലായി പുതിയ നാടകം അരങ്ങേറി. ആര്‍ജ്ജവം നിറഞ്ഞ രംഗഭാഷയൊരുക്കിയ നാടകമായി ‘ഇരകളോടു മാത്രമല്ല സംസാരിക്കേണ്ടത്’ മാറിയത് പ്രേക്ഷകര്‍ക്ക് പുതിയ അനുഭവം തീര്‍ത്തു. സംസ്ഥാന സാമൂഹ്യനീതി വകുപ്പ്, വനിതാ വികസന കോര്‍പ്പറേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ശനിയാഴ്ച 7 ന് കോഴിക്കോട് ന്യൂ നളന്ദ ഓഡിറ്റോറിയത്തിലാണ് മേധാവിത്വ പുരുഷപക്ഷം വിചാരണ നേരിട്ടത്.


അമ്മയും ഭാര്യയും മകളും ഇരകളായി മാറിയ നേര്‍സാക്ഷ്യങ്ങള്‍ അടയാളപ്പെടുത്തുക കൂടിയാണ് അഭിനയ നാടക പഠനകേന്ദ്രത്തിന്റെ പുതിയ ആവിഷ്‌ക്കാരം.

sameeksha-malabarinews

ഗൃഹാന്തരീക്ഷങ്ങളില്‍ വ്യാജ സ്‌നേഹമായി ആള്‍മാറാട്ടം നടത്തുന്ന രക്ഷിതാക്കളുടെ ജീര്‍ണതയെ തുറന്ന് കാണിക്കുകയും പ്രത്യക്ഷമായ കപടവ്യാകുലതകള്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്യുന്ന നാടകം, പുതിയ സമരങ്ങള്‍ക്ക് ആഹ്വാനം ചെയ്യുന്നു എന്നതും പ്രത്യേകതയാണ്. നെരിപ്പോടായി എരിയുന്ന വീടുകളും അമിതമായ മതവല്‍ക്കരണത്തിന്റെ അരക്ഷിതത്വത്തില്‍ നീറുന്ന സ്ത്രീ ഹൃദയവും കാഴ്ചക്കാരനെ വേട്ടയാടുന്നു.

അച്ഛന്‍ കടിച്ചുകീറിയ ശരീരവുമായി ജീവിക്കുന്ന മകളും ജീവിതത്തിന്റെ അനുഭൂതികളെല്ലാം ഭര്‍ത്താവിനാല്‍ നശിപ്പിക്കപ്പെടുന്ന വീട്ടമ്മയും പുരുഷ വൈകൃതത്തിന്റെ ദുരന്തം ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട ഗര്‍ഭിണിയായ വിവാഹമോചിതയും തുടങ്ങി ഇരകളുടെ സമഗ്രമായ സംവാദമായി മാറുകയാണ് നാടകം.

ഇന്ത്യയിലെ സ്ത്രീ ജനതയുടെ പ്രതിഷേധങ്ങളും പ്രതിബന്ധങ്ങളും അനാവരണം ചെയ്ത ദൃശ്യങ്ങള്‍ നാടകത്തിനിടയില്‍ കാണിക്കുന്നതോടൊപ്പം വേട്ടക്കാരുടെ ഒത്തുചേരലും വിഷയീഭവിക്കുന്നുണ്ട്.

ആരോഗ്യപരമായ സ്ത്രീപുരുഷ സൗഹൃദത്തിന് ആഹ്വാനം ചെയ്താണ് നാടകം അവസാനിക്കുന്നത്.

കാഴ്ചയുടെ തീവ്രത വിഗിരണം ചെയ്യപ്പെട്ട രണ്ട് മണിക്കൂറില്‍ പ്രൗഢമായ സദസ്സ് സ്ത്രീ സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥം തിരയുകയായിരുന്നു. നാടകത്തിന് ശേഷം നടന്ന ഗൗരവമായ ചര്‍ച്ചകളും ശ്രദ്ധേയമായി. അനീതി അരങ്ങേറുമ്പോള്‍ നിക്ഷ്പക്ഷത നടിക്കുന്നവര്‍ക്കെതിരെ സമരം മുഴക്കിയാണ് ചര്‍ച്ച അവസാനിച്ചത്. സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ.എം കെ മുനീര്‍, കെ അജിത, സത്യന്‍ അന്ത്ിക്കാട്, ജയപ്രകാശ് കുളൂര്‍, ഷഹബാസ് അമന്‍, ദീദി ദാമോധരന്‍, ജില്ലാ കലക്ടര്‍ എം മോഹന്‍ കുമാര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ഡി. രഘുത്തമന്‍, എംജി ജ്യോതിഷ് ചേര്‍ന്ന് നാടകം സംവിധാനം ചെയ്തത്. സാമൂഹ്യ പ്രവര്‍ത്തകയും മനശാസ്ത്രജ്ഞയുമായ പാര്‍വ്വതിയാണ് ആശയാവിഷ്‌ക്കാരം. അരങ്ങില്‍ ഷൈലജ പി അമ്പു, സുജാത ജനനേത്രി, ബബില ഉമര്‍ഖാന്‍ തുടങ്ങിയവര്‍ കുറ്റമറ്റ കഥാപാത്രങ്ങളായി ജീവിക്കുന്നു.

photo’s : Janil Mithra 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!