അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് നടി അഞ്ജലി പോലീസ് സ്റ്റേഷനില്‍ ഹാജരായി.

ഏതാനും ദിവസം മുമ്പ് കാണാതായ തെന്നിന്ത്യന്‍ നടി അഞ്ജലി ഹൈദരാബാദ് പോലീസ് സ്റ്റേഷനില്‍ നേരിട്ട് ഹാജരായി. ഡിസിപിക്ക് മുമ്പാകെയാണ് അഞ്ജലി ഹാജരായത്. ഷൂട്ടിങ്ങ് തിരക്ക് മൂലം മാനസികസമ്മര്‍ദ്ദത്തെ തുടര്‍ന്ന് താന്‍ മുംബൈലേക്ക് പോയതാണെന്ന് അഞ്ജലി പോലീസിന് മൊഴി നല്‍കി. കഴിഞ്ഞ തിങ്കളാഴ്ചയാണ് അഞ്ജലിയെ ഹൈദരാബാദിലെ ജൂബിലി ഹോട്ടലില്‍ നിന്ന് കാണാതായത്.

അഞ്ജലിയെ കാണാനില്ലെന്ന് അവരുടെ സഹോദരന്‍ രവിശങ്കര്‍ ജൂബില്‍ ഹില്‍സ് പോലീസില്‍ പരാതി നല്‍കിയിരുന്നു. അതേസമയം തനിക്ക് കുഴപ്പമൊന്നുമില്ലെന്ന് അമ്മയെ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്ന് സഹോദരന്‍ പോലീസിന് നല്‍കിയ കേസ് പിന്‍വലിച്ചിരുന്നു.

എന്നാല്‍ അഞ്ജലിയുടെ വളര്‍ത്തമ്മയായ ഭാരതി ദേവി അഞ്ജലിയെ എത്രയും പെട്ടെന്ന് കണ്ടെത്തണമെന്ന് പറഞ്ഞ് ഹേബിയസ് കോര്‍പ്പസ് ഹരജി സമര്‍പ്പിച്ചുരുന്നു. ഇതേ തുടര്‍ന്ന് അഞ്ജലിയെ രണ്ടാഴ്ച്ചക്കകം കണ്ടെത്തി ഹാജരാക്കണമെന്ന് മദ്രാസ് ഹൈക്കോടതി ചെന്നൈ പോലീസ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്കിയിരുന്നു. തുടര്‍ന്നാണ് അഞ്ജലി പൊലീസ് സ്റ്റേഷനിലെത്തിയത്.

വളര്‍ത്തമ്മയായ ഭാരതിദേവിയും സംവിധയകന്‍ കലഞ്ജിയവും തന്നെ സാമ്പത്തികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായും അഞ്ജലി പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് അഞ്ജലിയെ കാണാതായത്. 15 വയസ്സ് മുതല്‍ അഞ്ജലിയെ ദത്തെടുത്ത് വളര്‍ത്തിയതായിരുന്നു ഭാരതി ദേവി. തന്റെ അച്ചനും അമ്മയും ആന്ധ്രയിലുണ്ടെന്നും അവരും ഭാരതി ദേവിയുടെ ഭീഷണിയെ ഭയന്ന് കഴിയുകയാണെന്നും അഞ്ജലി പറഞ്ഞു. താന്‍ ഇനി ഒരിക്കലും ചെന്നൈലേക്ക് ഇല്ലെന്നും, തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദികള്‍ ഭാരതി ദേവിയും സംവിധായകന്‍ കലഞ്ജിയവും ആയിരിക്കുമെന്നും പോലീസിന് നല്‍കിയ പരാതിയില്‍ അഞ്ജലി പറയുന്നുണ്ട്.

അഞ്ജലിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് ഡിസിപി ജി സുധീര്‍ ബാബു അറിയിച്ചിരിക്കുന്നത്.

ബോല്‍ ബച്ചന്‍ എന്ന ഹിന്ദി സിനിമയുടെ തെലുങ്ക് റിമേക്കില്‍ അഭിനയിക്കാനാണ് അഞ്ജലി ഹൈദരാബാദില്‍ എത്തിയത്.

Share news
error: Content is protected !!
Scroll to Top