മലപ്പുറം: ജില്ലയില്‍ അനധികൃത മണല്‍കടത്ത് തടയുന്നതിനായി രൂപവത്കരിച്ച സ്ക്വാഡുകളുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കിയതായി ജില്ലാ കലക്റ്റര്‍ എം.സി മോഹന്‍ദാസ് അറിയിച്ചു. കലക്റ്ററുടെ നേതൃത്വത്തിലുള്ള ജില്ലാതല മണല്‍ സ്ക്വാഡ് 175 വാഹനങ്ങളാണ് കഴിഞ്ഞ ഒരു മാസത്തിനകം പിടിച്ചെടുത്തത്. ഇത്തരത്തില്‍ പിടിച്ചെടുത്ത ഏകദേശം 100 ലോഡ് മണല്‍ ‘കലവറ’ യില്‍ ശേഖരിച്ചിട്ടുണ്ട്. ഇത് മുന്‍ഗണന പ്രകാരം അര്‍ഹരായ ബി.പി.എല്‍ വിഭാഗങ്ങളിലുള്ളവര്‍ക്ക് വിതരണം ചെയ്യുന്നുണ്ട്. ജില്ലാതല സ്ക്വാഡിന് പുറമെ താലൂക്ക് തല സ്ക്വാഡുകളും സജീവമാണ്.
പറപ്പൂര്, ഒതുക്കുങ്ങല്‍, ആനക്കയം കൂട്ടിലങ്ങാടി പഞ്ചായത്തുകളുടെ വിവിധ കേന്ദ്രങ്ങളില്‍ നിന്നുമാണ് നൂറ് മണല്‍ പിടിച്ചെടുത്തത്. ആനക്കയം പഞ്ചായത്തിലെ ചെക്ക് പോസ്റ്റ് കടവ്, കാഞ്ഞമണ്ണ, ചിറ്റത്തുപാറ, അമക്കാട്, പന്തല്ലൂര്‍, ഒതുക്കുങ്ങല്‍, പറപ്പൂര് പഞ്ചായത്തുകളിലെ അനധികൃത കടവുകള്‍ എന്നിവടങ്ങളില്‍ രാത്രികാലങ്ങളിലും റെയ്ഡ് തുടരുന്നുണ്ട്. അനധികൃത മണലെടുപ്പ് തടയുന്നതിനായി തുടര്‍ന്നും ഊര്‍ജിത നടപടി സ്വീകരിക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ജില്ലാ കലക്റ്റര്‍ അറിയിച്ചു.




