HIGHLIGHTS : Dr.സേതുനാഥ്.ടി ഓണവും വിഷുവും പോലെ വര്‍ഷാവര്‍ഷം വിരുന്നെത്തുന്ന എലിപ്പനിയേയും, ചിക്കന്‍ ഗുനിയയേയുമെല്ലാം വരവേല്‍ക്കാന്‍ നമ്മള്‍ മലയാളികള്‍ ശീലിച്ചിര...
Dr.സേതുനാഥ്.ടി
ഓണവും വിഷുവും പോലെ വര്‍ഷാവര്‍ഷം വിരുന്നെത്തുന്ന എലിപ്പനിയേയും, ചിക്കന്‍ ഗുനിയയേയുമെല്ലാം വരവേല്‍ക്കാന്‍ നമ്മള്‍ മലയാളികള്‍ ശീലിച്ചിരിക്കുന്നു.മനസ്സിലും മുറ്റത്തുമുള്ള മാലിന്യങ്ങള്‍ മൂടിവച്ച്‌നാം സൃഷ്ടിച്ച “ശുചിത്വ കേരളം സുന്ദര കേരളം” പകര്‍ച്ചപ്പനിക്കാര്‍ നിറഞ്ഞ, വലിയൊരു ആശുപത്രി വാര്‍ഡായി, ആരോഗ്യരംഗത്തെ ‘കേരളമോഡല്‍’ സങ്കല്‍പ്പത്തിന് മങ്ങലേല്‍ക്കുന്നു.
മരുന്നുകളുടെ ഉപയോഗത്തില്‍ ഇന്ത്യന്‍ ശരാശരിക്ക് മുകളില്‍ നില്‍ക്കുന്ന മലയാളിക്ക് ആരോഗ്യസംരക്ഷണത്തില്‍ പിഴയ്ക്കുന്നത് എവിടെയാണ്? ആധുനിക ഉപഭോഗ സംസ്‌കാരത്തില്‍ ‘ആരോഗ്യം’ ഏറ്റവും വിപണന സാധ്യതയുള്ള കച്ചവടച്ചരക്കാണ്. വന്‍കിട ആശുപത്രികളും, മരുന്ന് കമ്പനികളും, ഡോക്ടര്‍മാരും, ഡയഗ്‌ണോസ്റ്റിക് കേന്ദ്രങ്ങളും, ഇടനിലക്കാരുമെല്ലാം ചേര്‍ന്ന് ഒരു വലിയ കമ്പോളമായി ആരോഗ്യരംഗത്തെ മാറ്റിയിരിക്കുന്നു.വന്‍കിട ആശുപത്രികള്‍ ഹൃദ്രോഗ പാക്കേജുകളും, വൃക്കരോഗചികിത്സാ പാക്കേജുകളുമെല്ലാം ഒരുക്കി ‘ഇരകളെ’ കാത്തിരിക്കുന്നു. ആതുര ‘സേവനം’ ഈ രംഗത്തുനിന്ന് ഏറെക്കുറെ അപ്രത്യക്ഷമായിരിക്കുന്നു. മനസ്സില്‍ അനുകമ്പയും, നന്മയും കാത്തുസൂക്ഷിക്കുന്ന ചെറിയൊരു വിഭാഗം വൈദ്യശാസ്ത്രരംഗത്ത് വംശനാശഭീഷണിയിലാണ്. പുരോഗമനപരമായ സര്‍ക്കാര്‍ ഇടപെടലുകള്‍ പലപ്പോഴും സംഘടിത നീക്കങ്ങളിലൂടെ അട്ടിമറിക്കപ്പെടുന്നു. വന്‍തുക ചെലവഴിച്ച് ബിരുദവും ബിരുദാനന്ദര ബിരുദവും നേടിവരുന്ന പുതിയ വൈദ്യസമൂഹം ഈ വിപണിയുടെ അനന്ത സാധ്യതകള്‍ വരുംനാളുകളില്‍ കൂടുതല്‍ കൂടുതല്‍ ചൂഷണം ചെയ്യുമെന്നതുറപ്പാണ്.


ആയുര്‍വേദരംഗത്തും സ്ഥിതി വ്യത്യസ്തമല്ല. കൊളോണിയന്‍ ഭരണത്തിന്റെ അടിച്ചമര്‍ത്തലുകള്‍ അതിജീവിച്ച ആയുര്‍വേദത്തിന്റെ വിപണനവത്കരിക്കപ്പെട്ട പുതിയ മുഖമാണ് ഇന്ന് നാം കാണുന്നത്. കിടപ്പറയില്‍ കുതിരശക്തി കിട്ടാനുള്ള ഗുളികകളും, കുടവയര്‍ കുറയ്ക്കുവാനുള്ള തൈലങ്ങളും, നിറം വെയ്ക്കാനും മുടി കൂട്ടുവാനുമെല്ലാമുള്ള എണ്ണകളും മസാജ് പാര്‍ലറുകളുമെല്ലാം ചേര്‍ന്നതാണ് ആയുര്‍വ്വേദത്തിന്റെ യഥാര്‍ത്ഥ മുഖമെന്ന് കച്ചവടതാത്പര്യങ്ങള്‍ നമ്മെ തെറ്റിദ്ധരിപ്പിക്കുന്നു.
ഒരു തിരിച്ചുപോക്ക് അനിവാര്യമാണ്. രോഗചികിത്സയ്‌ക്കൊപ്പം ആരോഗ്യസംരക്ഷണത്തിനും പ്രാധാന്യം നല്‍കണം. ഫാസ്റ്റ്ഫുഡ് സംസ്‌കാരവും തന്തൂരിഹട്ടുകളുമെല്ലാം ചേര്‍ന്ന് രോഗാതുരമാക്കിയ നമ്മുടെ ഭക്ഷണരീതികളില്‍ നിന്ന് ആ തിരിച്ചുപോക്ക് ആരംഭിക്കണം. പാരമ്പര്യ………. പ്രായോഗികമായ ഒരു സമീപനമാണ് ഇക്കാര്യത്തില്‍ ഇന്നാവശ്യം. നാട്ടറിവുകളില്‍ ചിതറിക്കിടക്കുന്ന ശാസ്ത്രജ്ഞാനങ്ങള്‍ ഡിക്കോഡ് ചെയ്യുമ്പോള്‍ തുമ്പയും, മുക്കുറ്റിയും, തുളസിയും തഴുതാമയുമെല്ലാം നമ്മുടെ ജീവിതങ്ങളിലേക്ക് ആരോഗ്യത്തിന്റെ നറുംതേന്‍ വര്‍ത്ഥിക്കും. ആധുനിക വൈദ്യശാസ്ത്രത്തിന്റെ അപാരമായ ചികിത്സാപുരോഗതി കുറഞ്ഞ ചിലവില്‍ സാധാരണക്കാര്‍ക്ക് ലഭ്യമാക്കാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയണം. അതോടൊപ്പം ഇതരവൈദ്യശാസ്ത്രങ്ങളുടെ അമൂല്യമായ കഴിവുകളും പരമാവധി പ്രയോജനപ്പെടുത്തുന്ന ഒരു ആരോഗ്യനയം നമുക്കുണ്ടാവണം. എന്നാല്‍ മാത്രമോ ആരോഗ്യരംഗത്തെ ‘കേരളമോഡല്‍’ സാര്‍ത്ഥകമാകൂ. അന്നേ എല്ലാവര്‍ക്കും ആരോഗ്യം എന്ന നമ്മുടെ സ്വപ്നം പൂവണിയൂ.
MORE IN ആരോഗ്യം
