Section

malabari-logo-mobile

രചനാസ്തംഭനത്തിന്റെ സാഹചര്യങ്ങള്‍

HIGHLIGHTS : 1947-ല്‍ അമേരിക്കന്‍ സൈക്കോ അനലിസ്റ്റ് എഡ്മണ്ട് ബര്‍ഗ്ലര്‍ (1899-1962) ആണ് രചനാ സ്തംഭനം

ഡോ. എം. ഷാജഹാന്‍

1947-ല്‍ അമേരിക്കന്‍ സൈക്കോ അനലിസ്റ്റ് എഡ്മണ്ട് ബര്‍ഗ്ലര്‍ (1899-1962) ആണ് രചനാ സ്തംഭനം (WRITERS BLOCK) എന്ന വിഷയത്തെ ആദ്യമായി പ്രതിപാദിച്ചത്. പുതിയൊരു രചന തുടങ്ങാനോ, എഴുതിത്തുടങ്ങിയത് തുടരാനോ അല്ലെങ്കില്‍ പൂര്‍ത്തീകരിക്കാനോ കഴിയാതെ വിഷമിക്കുന്ന അവസ്ഥ-രചനാസ്തംഭനം- ഒരു ഘട്ടത്തിലല്ലെങ്കില്‍ മറ്റൊരു ഘട്ടത്തില്‍ എല്ലാ എഴുത്തുകാരും അഭിമുഖീകരിക്കുന്നതാണ്. ടോള്‍സ്റ്റോയ്, ഏണസ്റ്റ് ഹെമിംഗ് വേ, വിര്‍ജീനിയ വൂള്‍ഫ്, കാതെറിന്‍ മാന്‍സ്ഫീല്‍ഡ്, ജോണ്‍ കോണ്‍റാഡ് തുടങ്ങിയ പ്രമുഖരെല്ലാം അവരുടെരചനാ സപര്യയില്‍ചില വേളകളില്‍ തികച്ചും നിശ്ചേതനരായി ഇരുന്നിട്ടുണ്ട് . ചിലര്‍ക്കിത് നിസ്സാരവും ഹ്രസ്വവുമായ ഒരു സ്തംഭനാവസ്ഥ മാത്രമായിരിക്കാം. എന്നാല്‍ മറ്റുചിലരില്‍ രചനാസ്തംഭനം ഏറ്റവും ഗുരുതരമാവുകയും രചനയെന്നത് എന്നെന്നേക്കുമായി ഉപേക്ഷിക്കേണ്ടി വരികയും ചെയ്യാറുണ്ട്. അടിസ്ഥാനപ്രതിഭയുടെയോ , ആത്മാര്‍ത്ഥതയുടെയോ അര്‍പ്പണബോധത്തിന്റെയോ പോരായ്മയല്ല ഇതിന്റെ കാരണം. ഒരാള്‍ എഴുത്തിലേക്ക് പ്രവേശിക്കാന്‍ എന്തെല്ലാം കാരണങ്ങളുണ്ടോ അതിലുമെത്രയോ വൈപുല്യവും വൈവിധ്യവുമാര്‍ന്നതാണ്

sameeksha-malabarinews

രചനാസ്തംഭനത്തിന്റെ കാരണങ്ങള്‍.
രചനാസ്തംഭനത്തിന്റെ സാഹചര്യങ്ങള്‍
(1) എന്തിനെഴുതുന്നു എന്ന അടിസ്ഥാനപ്രശ്‌നം.
രചനാജീവിതത്തിലെപ്പോഴെങ്കിലും താന്‍ എന്തിനെഴുതുന്നു എന്നതിന്റെ ഉത്തരം എഴുത്തുകാരനെ അസ്വസ്ഥനാക്കാന്‍ തുടങ്ങിയാല്‍ അവിടെ സ്തംഭനത്തിന്റെ ആദ്യ സാധ്യതകള്‍ ജനിക്കുന്നു. ഭക്ഷണത്തിനുവേണ്ടി ജീവിക്കുന്ന ഒരു ജൈവമനുഷ്യന്‍ മാത്രമാണ് താനെന്ന ആത്യന്തിക തിരിച്ചറിവ് സര്‍ഗ്ഗാത്മകതയെ മണ്ണാങ്കട്ടയായും സര്‍ഗ്ഗപ്രവര്‍ത്തനത്തെ വൃഥാവ്യായാമമായും പരിഹസിക്കാന്‍ അവനെ പ്രേരിപ്പിക്കുന്നു. രചനാസ്തംഭനത്തിന്റെ കാരണങ്ങളില്‍ ഏറ്റവും ഗുരുതരവും പരിഹാരക്ലിഷ്ടവുമാണ് ഈ ആദര്‍ശാത്മകപ്രഹേളിക. പേന താഴെവച്ച് ശൂന്യമായ കണ്ണുകളോടെ വിശാലമായ ജീവിതപ്പരപ്പിലേക്ക് അന്നുമുതല്‍ കഥാകാരന്‍ നോക്കാന്‍ തുടങ്ങുന്നു.
(2) ചോദനകള്‍ നിലക്കുന്നത്.
ആശയങ്ങളും സര്‍ഗ്ഗചിന്തയും ഒരു നൈസര്‍ഗ്ഗിക പ്രവാഹമാണ്. ഭൗതിക സാഹചര്യങ്ങള്‍ അതിന്റെ നിരന്തര പ്രചോദനവും. ഈ പ്രവാഹത്തിലും അതിന്റെ പ്രചോദനത്തിലും താല്‍ക്കാലികമായ ഒരു വിരാമം എന്നത് സ്വാഭാവിക പ്രതിഭാസം മാത്രം. കൂടുതല്‍ വ്യത്യസ്തമായ സാഹചര്യങ്ങളില്‍ കൂടുതല്‍ തെളിമയോടെ ആ പ്രവാഹം വീണ്ടുമുണ്ടാവും. എഴുത്തുകാരന്റെ അവധാനതയെയും ഇടപെടലിനെയും അടിയന്തിരമായി ആവശ്യപ്പെടുന്ന സംഗതികളില്‍നിന്നും വ്യതിചലനങ്ങളില്‍ നിന്നും സ്വതന്ത്രമായി മനസ്സ് വീണ്ടും സര്‍ഗ്ഗാത്മകമായി മാറുമെന്നതും സ്വാഭാവികം.

(3) പ്രതിഭയുടെ പരിധികള്‍
ഒരെഴുത്തുകാരന്റെ കഴിവിനും അനുഭവജ്ഞാനത്തിനും അപ്പുറത്തുള്ള ഒരു ദൗത്യം അയാള്‍ ഏറ്റെടുക്കുന്നതുമൂലവും രചനാസ്തംഭനം സംഭവിക്കാം. ജോര്‍ജ് ഓര്‍വലിന്റെ ‘കീപ് ദ ആസ്പിസ്ട്ര ഫ്‌ളയിംഗ്’ എന്ന നോവലില്‍ ഗോര്‍ഡന്‍ കോംസ്റ്റോക്ക് എന്ന കഥാപാത്രം ലണ്ടന്‍ നഗരത്തിലെ ഒരു ദിവസം എന്ന വിഷയത്തില്‍ ഒരു കവിതയെഴുതാന്‍ ശ്രമിച്ച് പരാജയപ്പെടുന്ന ഒരു ഭാഗമുണ്ട്. അത് അയാള്‍ക്ക് കഴിയുന്നതിനേക്കാള്‍ വലിയ ഒരു സംരംഭമായിരുന്നു എന്നതാണ് ആ പരാജയത്തിന്റെ കാരണം . സ്വന്തം സര്‍ഗ്ഗമേഖലയും രചനാപരിധികളും തിരിച്ചറിയുന്നത് പരിധികള്‍ ലംഘിക്കുവാനുള്ള തിടുക്കത്തേക്കാള്‍ പ്രഥമവും അഭികാമ്യവും ഒപ്പം രചനാസ്തംഭനം ഒഴിവാക്കാനുള്ള തന്ത്രങ്ങളില്‍ പ്രധാനവുമാണ്. ആകാശത്തിന്റെ വിദൂരനീലിമയില്‍ അലസം വട്ടമിടുന്ന പരുന്തിനും ഉണക്കയിലകളില്‍ തുള്ളിച്ചാടിനടക്കുന്ന കുരുവിക്കും സ്വന്തമായ മണ്ഡലങ്ങളുണ്ടല്ലോ.

(4) സമ്മര്‍ദ്ദങ്ങള്‍
ഇഷ്ടപ്പെടാത്ത വിഷയത്തിലും , രീതിയിലും സമയപരിധിക്കുള്ളിലും രചന നടത്താനുള്ള ബാഹ്യസമ്മര്‍ദ്ദങ്ങള്‍ രചനാസ്തംഭനത്തിന് വഴിയൊരുക്കുന്നു. കാരണം മുന്‍പു വിവരിച്ചപോലെ സര്‍ഗ്ഗപ്രക്രിയ തികച്ചും നൈസര്‍ഗ്ഗികം ആണെന്നതുതന്നെ. ഒരു രസത്തിനുവേണ്ടി സ്ഥിരമായി കൊച്ചുകവിതകളെഴുതുന്ന ഒരു ശാസ്ത്രാദ്ധ്യാപകനോട് ഒരു നിശ്ചിത തിയതിക്കകം ഒരു ശാസ്ത്ര കഥ എഴുതണമെന്ന് മേലധികാരികള്‍ എത്ര നിര്‍ബന്ധിച്ചാലും അഭ്യര്‍ത്ഥിച്ചാലും രചനാസ്തംഭനത്തിനുതന്നെയാണ് സാധ്യത. അയാള്‍ കാര്യങ്ങള്‍ ഒട്ടൊക്കെ തുടങ്ങിവയ്ക്കുമെങ്കിലും.

(5) പൂര്‍വവിജയങ്ങളുടെ ഉത്തരവാദിത്തം.
ഏതൊരു മനുഷ്യന്റെ ഉള്ളിലും ഒരു മൗലികകഥ മാത്രമുണ്ട് എന്ന മുഴങ്ങുന്ന വാചകവും രണ്ടാമത്തെ നോവലെഴുതിയാല്‍ നിങ്ങളെ ഒരു നോവലിസ്റ്റായി അംഗീകരിക്കാമെന്ന നിരൂപകരുടെ വെല്ലുവിളിയും തന്റെ സാമാന്യം ഭേദപ്പെട്ട ആദ്യകൃതിക്കുശേഷം എഴുത്തുകാരനെ ഒരു ഭീരുവാക്കിമാറ്റുന്നു. കൈമെയ് മറന്ന് മുന്നിട്ടിറങ്ങാനുള്ള തുടക്കക്കാരന്റെ ആര്‍ജ്ജവം അയാളില്‍ അപ്രത്യക്ഷമാവുന്നു. നഷ്ടപ്പെടാന്‍ പലതുമുള്ളവനെപ്പോലെ അയാള്‍ പശുവിന്റെ മര്‍മ്മങ്ങള്‍ കണ്ട് വടി താഴ്ത്തുന്നു. രചനാസ്തംഭനം പ്രധാനവിഷയമാകി ജോര്‍ജ് ഗിസ്സിംഗ് എഴുതിയ NEW GRUB STREET(1890) എന്ന നോവലില്‍ എഡ്വിന്‍ റിയര്‍ഡണ്‍ എന്ന എഴുത്തുകാരന്‍ ഈ പ്രശ്‌നത്തെ അഭിമുഖീകരിക്കുന്നുണ്ട്.

(6) കയ്യിലിരിപ്പും മനസ്സിലിരിപ്പും.
അന്തകരണത്തില്‍ മറഞ്ഞിരിക്കുന്ന, പറയണമെന്നാഗ്രഹിക്കുന്ന ഒരാശയത്തെ ചിത്രീകരിക്കാനാവശ്യമായ കോപ്പുകള്‍ കൈവശം വന്നുചേരാത്തതും രചനാസ്തംഭനത്തിനു കാരണമാണ്. കഥാന്തരീക്ഷത്തിലേക്ക് ചേരാത്തൊരാശയത്തെ കഥയിലേക്ക് കുത്തിച്ചെലുത്താന്‍ ശ്രമിച്ചാലും രചനാസ്തംഭനമുണ്ടാവുമെന്ന് അമേരിക്കന്‍ ത്രില്ലര്‍ നോവലിസ്റ്റ് ജെഫ്രി ഡീവര്‍ അഭിപ്രായപ്പെടുന്നു.

(7) ആശയങ്ങള്‍ക്കിടയിലെ ആശയകുഴപ്പം.
എഴുത്തുകാരന്റെ മനസ്സില്‍ ധാരാളം ആശയങ്ങള്‍ കെട്ടുപിണഞ്ഞുകിടക്കുന്ന അവസ്ഥയിലും പ്രതിസന്ധി ഉണ്ടാവാം. ആ ആശയങ്ങളില്‍ ഏതൊന്നാണോ തിരസ്‌കരിച്ചിട്ടും വീണ്ടും വീണ്ടും തിരിച്ചുവന്ന് എഴുത്തുകാരനെ അസ്വസ്ഥമാക്കുന്നത് അതിനെ തിരിച്ചറിയാനും കടന്നുപിടിക്കാനുമുള്ള കാലവിളംബം മാത്രമാണ് ഈ സാഹചര്യത്തില്‍ ഒരു സ്തംഭനമായനുഭവപ്പെടുന്നത്.

(8) ജൈവ കാരണങ്ങള്‍.
എഴുത്തുകാരിയും ന്യൂറോളജിസ്റ്റുമായ Alice W Flaherty, മിഡ്‌നൈറ്റ് ഡിസീസ് എന്ന ഗ്രന്ഥത്തില്‍ തലച്ചോറിലെ പ്രത്യേക ഭാഗങ്ങളാണ് സര്‍ഗ്ഗപ്രക്രിയയെ നിയന്ത്രിക്കുന്നതെന്നും സമ്മര്‍ദ്ദങ്ങളില്‍ അതിന്റെ പ്രവര്‍ത്തനം തകരാറിലാവുമെന്നും പറയുന്നുണ്ട്. രോഗം, വിഷാദം, ഭയം, ഉല്‍ക്കണ്ഠ, പരാജയബോധം, ബന്ധങ്ങളുടെ ഉലച്ചില്‍, സാമ്പത്തികതകര്‍ച്ച തുടങ്ങിയ പ്രതികൂല സാഹചര്യങ്ങളില്‍ തലച്ചോറിന്റെ പ്രവര്‍ത്തനം സെറിബ്രല്‍ കോര്‍ട്ടക്‌സില്‍ നിന്നും ലിംബിക്ക് സിസ്റ്റത്തിലേക്ക് മാറുന്നു. ഗുഹാമനുഷ്യന്റേതിനു തുല്യമായ പോരാടുക അല്ലെങ്കില്‍ ഓടുക(Fight or Flight) എന്ന, നിലനില്‍പ്പിന്റെ അടിസ്ഥാന മാനസിക നിലയാണ് ലിംബിക്ക് സിസ്റ്റം നടപ്പിലാക്കുന്നത്. സര്‍ഗ്ഗപ്രക്രിയ തത്കാലം മാറ്റിവയ്ക്കപ്പെടുന്നു. ഇതു തിരിച്ചറിയാത്ത എഴുത്തുകാരന്‍ അതിനെ WRITERS BLOCK എന്നു തെറ്റിദ്ധരിക്കുകയും ചെയ്യുന്നു.

(8) സ്വീകാര്യതയുടെ പ്രശ്‌നങ്ങള്‍

വേദനിക്കുന്ന വിരലുകള്‍ ജീവരക്തത്തില്‍ മുക്കി പ്രതീക്ഷയുടെ മെഴുകുതിരിവെട്ടത്തില്‍ എഴുതിയൊരുക്കുന്ന രചനകള്‍ അച്ചടിച്ചു കാണാനുള്ള കഥാകാരന്റെ സ്വാഭാവികത്വരയെയും ആവേശത്തെയും മുഖമടച്ച് ആട്ടുന്ന തരത്തിലുള്ള എഡിറ്റര്‍ സമീപനങ്ങള്‍ അയാളെ നിശ്ചേതനനും നിരുത്സാഹിയുമാക്കുന്നു. പകല്‍ വെളിച്ചത്തില്‍ കണ്ണുമഞ്ഞളിച്ചവരെപ്പോലെ അവര്‍ ആ പേജുകളിലേക്ക് മിഴിച്ചുനോക്കിയിട്ട് ഒന്നും മനസ്സിലാകാത്തവരെപ്പോലെ നടന്നുനീങ്ങുമ്പോള്‍ തളര്‍ന്ന താളുകളും പിടിച്ച് ആ പാവം വിഷണ്ണനായി നില്ക്കുന്നു. പുസ്തകപ്രസാധനരംഗത്തെ സാമ്പത്തികമാഫിയകളും അയാളെ ഭയചകിതനാക്കുന്നുണ്ട്. ഈ മനം മടുപ്പില്‍ അയാള്‍ എന്നെന്നേക്കുമായി രചന നിര്‍ത്തിവയ്ക്കാനും സാധ്യതയുണ്ട്.

 

തൂടര്‍ച്ച….

രചനാസ്തംഭനത്തിന്റെ സാഹചര്യങ്ങള്‍ 2  part II

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!