യൂത്ത് ഫോറം യൂത്ത് ഐക്കണ്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.

 

ദോഹ: യൂത്ത് ഫോറം സംഘടിപ്പിച്ച ‘യൂത്ത് ലൈവ് ആവിഷ്‌കാരങ്ങളുടെ ആഘോഷത്തിന്റെ’ ഭാഗമായി വിവിധ മേഖലകളില്‍ മികവ് തെളിയിച്ച 10 യുവ പ്രതിഭകള്‍ക്കുള്ള ”യൂത്ത് ഫോറം യൂത്ത് ഐക്കണ്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഖത്തര്‍ കമ്മ്യൂണിറ്റി കോളജില്‍ നടന്ന അവാര്‍ഡ് ദാന സമ്മേളനം ദോഹ അന്താരാഷ്ട്ര മതാന്തര സംവാദ കേന്ദ്രം ചെയര്‍മാന്‍ ഡോ. ഇബ്രാഹീം അല്‍ നുഐമി ഉദ്ഘാടനം ചെയ്തു.

ഏതൊരു സമൂഹത്തിന്റെയും നില നില്‍പ്പിന്നും പുരോഗതിക്കും വ്യത്യസ്ത മത സമൂഹങ്ങള്‍ തമ്മിലുള്ള പരസ്പര ബഹുമാനവും ആശയ സംവാദങ്ങളും ആവശ്യമാണ്. ഈയൊരു ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് ദോഹ മതാന്തര സംവാദ കേന്ദ്രം പ്രവര്‍ത്തിക്കുന്നതെന്ന് ഡോ: ഇബ്രാഹീം അല്‍ നുഐമി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ദോഹയിലെ ഇന്ത്യന്‍ സമൂഹം സാമൂഹിക സൗഹാര്‍ദ്ദം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ കാണിക്കുന്ന പ്രവര്‍ത്തനങ്ങള്‍ മഹത്തരവും അഭിനന്ദനാര്‍ഹവുമാണ്. ഡി.ഐ.സി.ഐ.ഡി ഉയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങള്‍ ‘ഒരു ലോകം, ഒരു സ്‌നേഹം’ എന്ന ശീര്‍ഷകത്തില്‍ യൂത്ത് ഫോറം കലാപരമായി ആവിഷ്‌കരിച്ച് ഇന്ത്യന്‍ പ്രവാസികളിലെക്ക് എത്തിച്ചത് അഭിനന്ദനാര്‍ഹമാണ്. സമൂഹിക സംസ്‌കരണത്തില്‍ യുവാക്കളുടെ പങ്ക് അനിഷേധ്യമാണ്. ഇത്തരം പരിപാടികള്‍ അതിന് വലിയ മുതല്‍ക്കൂട്ടാവുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

നാദിര്‍ അബ്ദുല്‍ സലാം (അറബ് സംഗീതം), മനീഷ് സാരംഗി (നാടകം), മുഹമ്മദ് ശാക്കിര്‍ (ശാസ്ത്രം), ഫൈസല്‍ ഹുദവി (സാമൂഹിക പ്രവര്‍ത്തനം), അബ്ദുല്‍ കരീം (കലിഗ്രഫി), രജീഷ് രവി (ആര്‍ട്ട് ), സാന്ദ്ര രാമചന്ദ്രന്‍ (ഡിബേറ്റ്), അബ്ബാസ് ഒഎം (എഴുത്ത്), ശ്രീദേവി ജോയ് (പത്രപ്രവര്‍ത്തനം), ഷിയാസ് കൊട്ടാരം (കായിക സംഘാടനം, യുവ സംരഭകത്വം) തുടങ്ങിയവരാണ് യൂത്ത് ഐക്കണ്‍ പുരസ്‌കാരത്തിനര്‍ഹരായത്. 26 ഫൈനലിസ്റ്റുകളില്‍ നിന്നാണ് പുരസ്‌കാര അര്‍ഹരെ കണ്ടെത്തിയത്.
ഫൈനലിസ്റ്റുകളായ റിയാസ് കരിയാട്, കൃഷ്ണനുണ്ണി, തന്‍സീം കുറ്റ്യാടി, സഫീര്‍ ചേന്ദമംഗല്ലൂര്‍, ഷിറാസ് സിത്താര, ഷിഹാര്‍ ഹംസ, ഷെജി വലിയകത്ത്, സീന ആനന്ദ്, ആര്‍. ജെ. സൂരജ്, നൌഫല്‍ കെ.വി, നൗഫല്‍ ഈസ, മുഹ്‌സിന്‍ തളിക്കുളം, ഇജാസ് മുഹമ്മദ്, ഹംദാന്‍ ഹംസ, അഷ്ടമിജിത്ത്, അക്ബര്‍ ചാവക്കാട് എന്നിവര്‍ക്കുള്ള പ്രശസ്തി പത്രവും പരിപാടിയില്‍ വിതരണം ചെയ്തു.

DICID ചെയര്‍മാന്‍ ഡോ. ഇബ്രാഹിം സാലിഹ് അല്‍നുഐമി ഖത്തര്‍ മ്യൂസിക് അകാദമി ഡയറക്ടര്‍ ഡോ: അബ്ദുല്‍ ഗഫൂര്‍ അല്‍ ഹീത്തി, അല്‍ ദഖീറ യൂത്ത് സെന്റര്‍ അസിസ്റ്റന്റ്‌റ് ഡയറക്ടര്‍ ഈസ സാലിഹ് അല്‍ മുഹന്നദി തുടങ്ങിവര്‍ യൂത്ത് ഐക്കണ്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡണ്ട് ടി. ശാക്കിര്‍, യുവ സിനിമാ സംവിധായകന്‍ മുഹ്‌സിന്‍ പരാരി, യൂത്ത്‌ഫോറം പ്രസിഡണ്ട് എസ്.എ. ഫിറോസ്, മുന്‍ പ്രസിഡണ്ട് സാജിദ് റഹ്മാന്‍, യൂത്ത് ലൈവ് ജനറല്‍ കണ്‍വീനര്‍ സലീല്‍ ഇബ്രാഹീം, യൂത്ത് ഐക്കണ്‍ അവാര്‍ഡ് ജൂറി ചെയര്‍മാന്‍ ഡോക്ടര്‍ യാസിര്‍, യൂത്ത് ഫോറം ഉപദേശക സമിതിയംഗം കെ.സി അബ്ദുല്‍ ലത്തീഫ്, വൈസ് പ്രസിഡണ്ട് ഷാനവാസ് ഖാലിദ്, ജനറല്‍ സെക്രട്ടറി ബിലാല്‍ ഹരിപ്പാട് തുടങ്ങിയവരും പങ്കെടുത്തു. യൂത്ത് ഫോറം രൂപീകരണത്തിന്റെ അഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി ‘സ്നേഹത്തിന്, സൗഹാര്‍ദത്തിന്, യുവതയുടെ കര്‍മസാക്ഷ്യം’ എന്ന തലക്കെട്ടില്‍ നടത്തി വന്ന കാമ്പയിനിന്റെ സമാപനം ആയിട്ടാണ് യൂത്ത് ലൈവ് സംഘടിപ്പിച്ചത്.

Related Articles