HIGHLIGHTS : തിരു: യുഡിഎഫ് സര്‍ക്കാറിനെതിരെ കേന്ദ്ര പ്രതിരോധമന്ത്രി എകെ ആന്റണിയുടെ രൂക്ഷ

തിരു: യുഡിഎഫ് സര്‍ക്കാറിനെതിരെ കേന്ദ്ര പ്രതിരോധമന്ത്രി എകെ ആന്റണിയുടെ രൂക്ഷ വിമര്‍ശനം. കഴിഞ്ഞ ഇടത് സര്‍ക്കാരിനെ ആന്റണി പ്രകീര്‍ത്തിച്ചു. കേരളത്തിലേക്ക് പദ്ധതികള്‍ കൊണ്ടുവരാന്‍ തനിക്ക് ധൈര്യമില്ലെന്നും ഇടതുസര്‍ക്കാറിന്റെ കാലത്ത് വിഎസ്സും എളമരം കരീമും തന്റെ വകുപ്പിന് കേരളത്തില്‍ നിന്ന് അകമഴിഞ്ഞ് പിന്തുണ നല്‍കുകയും ചെയ്‌തെന്നും ആന്റണി തുറന്നടിച്ചു.
എന്നാല്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി ആ സാഹചര്യമില്ലെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരത്ത് ബ്രഹ്മോസ് പദ്ധതിയുടെ നിര്‍മാണ യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ആന്റണി.
വിഎസ്സും എളമരം കരീമും തനിക്ക് തന്ന പിന്‍തുണയുടെ ഭാഗമായി ആറ് സ്ഥാപനങ്ങള്‍ സംസ്ഥാനത്ത് എത്തിക്കാനായി. എന്നാല്‍, കഴിഞ്ഞ ഒന്നര വര്‍ഷത്തില്‍ ഇതിനുള്ള ധൈര്യം തനിക്ക് നഷ്ടപ്പെടുകയായിരുന്നു. ഹൈദരാബാദില്‍ മാത്രമുള്ള ബ്രഹ്മോസിന്റെ യൂണിറ്റ് കേരളത്തില്‍ തുടങ്ങാന്‍ മുന്‍കൈയ്യടുത്തപ്പോള്‍ ദേശീയ പത്രങ്ങളടക്കം പ്രതിരോധ മന്ത്രിക്ക് പ്രദേശിക വാദമെന്ന് മുഖപ്രസംഗംവരെ എഴുതി. കേന്ദ്ര പ്രതിരോധ വകുപ്പിന്റെ ഒരു സ്ഥാപനം കേരളത്തില്‍ കിട്ടാന്‍ സ്വാതന്ത്ര്യം കിട്ടി 60 വര്‍ഷ കാത്തിരിക്കേണ്ടിവന്നു എന്നതും വിസ്മരിക്കരുത്. ബ്രഹ്മോസ് സ്വകാര്യ സ്വത്താണെന്നാണ് ചിലര്‍ പറയുന്നത്. ഇത് രാജ്യത്തിന്റെ പൊതുസ്വത്താണ്. അതുകൊണ്ടാണ് പാര്‍ലമന്റിന്റെ പ്രതിരോധ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍ തിരുവനന്തപുരത്തുമെത്തി കാര്യങ്ങള്‍ അന്വേഷിക്കുന്നത്. ബ്രഹ്മോസ് മിസൈല്‍ രാജ്യത്തിന്റെ ബ്രഹ്മാസ്ത്രമാണ്. അതിനാലാണ് ലോക രാജ്യങ്ങള്‍ തങ്ങള്‍ക്കും ഇതു വേണമെന്ന ആവശ്യമുന്നയിച്ച് നമ്മെ സമീപിക്കുന്നത്.
തനിക്ക് പിന്തുണ നല്‍കാതെ എന്തു ധൈര്യത്തിലാണ് കേന്ദ്ര പദ്ധതികള്‍ കേരളത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുക എന്ന് സദസിനോട് ചോദിച്ച ആന്റണി താന്‍ നല്ലൊരു ഭാഷാ പണ്ഡിതനായിരുന്നെങ്കില്‍ മുന്‍ ഇടത് സര്‍ക്കാറിനെ ഇതിലും നന്നായി പ്രകീര്‍ത്തിച്ചേനേ എന്ന് ആന്റണി വെട്ടിത്തുറന്ന് പറഞ്ഞു.