കടലുണ്ടി: കടലുണ്ടി പ്രബോധിനിയില്‍ ബൈക്കും ബസും കൂട്ടിയിടിച്ച് ഇരു വാഹനങ്ങളും കത്തിയമര്‍ന്ന അപകടത്തില്‍ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു. മൂന്നിയൂര്‍ പാറക്കടവ് അരീപ്പാറ സ്വദേശി മുണ്ടുങ്ങല്‍ മൊയ്തീന്‍ കുട്ടിയുടെ മകന്‍ ബഷീര്‍(32) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരുന്ന ഇയാളുടെ മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാളെ തിരൂരങ്ങാടി പോലീസ് അന്വേഷിച്ചു വരികയായിരുന്നു. അപകടം നടന്ന വാഹനത്തിന്റെ നമ്പര്‍ വ്യാജമായതും ഇയാളുടെ കൈയ്യില്‍ നിന്ന് ആസമയത്ത് മൂന്ന് പേഴ്‌സും 18 സിം കാര്‍ഡുകളും മറ്റൊരാളുടെ തിരിച്ചറിയല്‍ കാര്‍ഡും കണ്ടെത്തിയതോടെ അപകടത്തിന് ദുരൂഹതയേറിയിരുന്നു. തിരിച്ചറിയല്‍ കാര്‍ഡിലെ വിലാസമനുസരിച്ച് ആദ്യം എആര്‍ നഗര്‍ സ്വദേശി ഷാജിയാണ് മരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഷാജി ജീവിച്ചിരിക്കുന്നയാളാണെന്ന് കണ്ടെത്തിയിരുന്നു.
മോഷണവും സ്ത്രീകളെ വഞ്ചിച്ച് പണംതട്ടല്‍ തുടങ്ങിയ നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണ്. അപകടത്തില്‍പെട്ട ബൈക്ക് മോഷ്ടിച്ചതാണോ എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. ഇയാള്‍ ഒളവണ്ണയിലെ ഒരു വീട്ടില്‍ നിന്നും ആഭരണം വാങ്ങി വഞ്ചിച്ചതായും പോലീസിന് പരാതി ലഭിച്ചിട്ടുണ്ട്.




