പ്രധാനമന്ത്രിയുടേയും ദില്ലി മുഖ്യമന്ത്രിയുടേയും വസതികളില്‍ വ്യാജ ബോംബ്ഭീഷണി

sibal_remark_1728962fദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും വ്യാജ ബോംബ് ഭീഷണി. ഇരുവരുടേയും ഒൗദ്യോഗിക വസതികളില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഒരു അജ്ഞാതനാണ് വ്യാജ ഫോണ്‍ സന്ദേശം നല്‍കിയത്. ഇന്ന് ഉച്ചയ്ക്കാണ് ദേശീയ അന്വേഷണ ഏജന്‍സിക്ക് ഫോണ്‍ സന്ദേശം ലഭിച്ചത്.

ഉച്ചയ്ക്ക് 12.30 ഓടെയാണ് ദില്ലിയിലെ എന്‍ഐഎ ആസ്ഥാനത്ത് ഫോണ്‍ സന്ദേശം ലഭിച്ചത്. തുടര്‍ന്ന് എന്‍ഐഎ നടത്തിയ അന്വേഷണത്തില്‍ ഫോണ്‍ സന്ദേശം വ്യാജമാണെന്ന് തെളിഞ്ഞു. ബോംബ് നിര്‍വീര്യമാക്കല്‍ സേനയുള്‍പ്പെട്ട സംഘം പ്രധാനമന്ത്രിയുടെ സെവന്‍ റെയ്‌സ് കോഴ്‌സ് റോഡിലേയും ദില്ലി മുഖ്യമന്ത്രിയുടെ ഫ്‌ലാഗ്സ്റ്റാഫ് റോഡിലെയും വസതികളില്‍ വിശദമായ പരിശോധന നടത്തി. പക്ഷെ സംശകരമായ ഒന്നും കണ്ടെത്താനായില്ല. ഇതോടെയാണ് ഭീഷണി വ്യാജമാണെന്ന് ബോധ്യപ്പെട്ടത്.

വിഒഐപി (വോയിസ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കള്‍) വഴിയാണ് അജ്ഞാതന്‍ സന്ദേശം നല്‍കിയത്. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ എന്‍ഐഎ തുടരുകയാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പും സമാനമായ രീതിയിലുള്ള വ്യാജ ഫോണ്‍സന്ദേശങ്ങള്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചിരുന്നു. രാഷ്ട്രപതി ഭവനിലും സെന്‍ട്രല്‍ ദില്ലിയിലെ ചിലസ്ഥലങ്ങളിലും ബോംബുകള്‍ വെച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ട് ഈ ആഴ്ച ആദ്യമാണ് ഫോണ്‍ എത്തിയത്. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Related Articles