പേരാമ്പ്ര: ഒഴുക്കില്‍പ്പെട്ട് വിദ്യാര്‍ത്ഥി പുഴയ്ക്കു കുറുകെയുള്ള ബണ്ടിനടിയിലെ പൈപ്പിനുള്ളില്‍ കുടുങ്ങി മരിച്ചു. നെച്ചാട് ഹയര്‍സെക്കണ്ടറി സ്കൂള്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥി എക്കാട്ടൂര് കാഞ്ഞിരോട്ടുമീത്തല് മൂഹമ്മദ് ജാനിഫ്(15) ആണ് മരിച്ചത്.
കിഴക്കന്‍ പേരാമ്പ്രയിലെ താന്നിക്കണ്ടിപ്പുഴയില് ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം നടന്നത്. പരീക്ഷ കഴിഞ്ഞ് ഉച്ചയ്ക്ക് ജാനിഫ് സുഹൃത്തായ ഫായിസിന്റെ വീട്ടിലെത്തുകയും ഇവിടെ നിന്ന് താന്നിക്കണ്ടി പുഴയിലേക്ക് പോവുകയുമായിരുന്നു. ഈ പുഴയില്‍ പാലം നിര്‍മ്മിക്കുന്നു മുമ്പ് വാഹനങ്ങള്‍ക്ക് പുഴകടക്കാന്‍ കൂറ്റന്‍ പൈപ്പുകളിട്ട് നിര്‍മ്മിച്ചതാണ് ബണ്ട് റോഡ്. ഇതിന്റെ മുകള്‍ഭാഗത്ത് കുളിക്കാനിറങ്ങിയപ്പോള്‍ ജാനിഫ് ഒഴുക്കില്‍പ്പെടുകയും മരക്കൊമ്പുകളും മറ്റും കുടുങ്ങിക്കിടക്കുന്ന പൈപ്പിനുള്ളില്‍ അകപ്പെടുകയുമായിരുന്നു.
ഫായിസ് ബഹളം വച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ നാട്ടുകാരും പിന്നീട് സ്ഥലത്തെത്തിയ ഫര്‍ഫോഴ്സും സംയുക്തമായി മണിക്കൂറുകളോളം തെരച്ചില്‍ നടത്തിയതിന് ശേഷമാണ് മൃതദേഹം പുറത്തെടുത്തത്.
കാഞ്ഞിരക്കോട്ടുമീത്തല് ബഷീറിന്റെയും സെക്കീനയുടെയും മകനാണ്. സഹോദരങ്ങള്‍: ജസീദ, ആയിഷ.



