പുളിക്കലില്‍ ബീഹാര്‍ സ്വദേശിയെ തലയ്ക്കടിച്ച് കൊന്ന കേസ്: പ്രതി ഒഡീഷ സ്വദേശി അറസ്റ്റില്‍

തേഞ്ഞിപ്പലം: ഒഡീഷ സ്വദേശിയെ കൈക്കോട്ട് കൊണ്ട് തലക്കടിച്ച് കൊന്ന കേസില്‍ ഒഡീഷ സ്വദേശിയായ പ്രതി അറസ്റ്റില്‍. ഒഡീഷ നവരംഗ്പൂര്‍ സ്വദേശി സൈനാസിയുടെ മകന്‍ ഹൊഗ്ഗാര്‍ദോ (20) നെയാണ് ജില്ലാ പോലിസ് മേധാവി ദേബേശ്കുമാര്‍ ബഹ്‌റയുടെ നേത്യത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഒഡീഷ സ്വദേശിയായ നവരംഗ്പൂര്‍ നിവാസി ദിവാകറുടെ മകന്‍ പാര്‍ത്തോ മജി (22) നെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്.

2016 ഡിസംബര്‍ 18നായിരുന്നു കൊലപാതകം. പുളിക്കല്‍ സൂപ്പര്‍ബസാറിന് അടുത്തുള്ള മൂച്ചിക്കലില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ വെച്ച് തലക്കടിയേറ്റാണ് പാര്‍ത്തോ മജി കൊല്ലപ്പെട്ടത്. ഹൊഗ്ഗാദോ ഗൗഡ പാര്‍ത്തോ മജിയില്‍ നിന്ന് കടം വാങ്ങിയ 2000 രൂപ തിരിച്ചുചോദിച്ചതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കത്തിനിടെ ക്വാര്‍ട്ടേഴ്‌സിലുണ്ടായിരുന്ന പണി ആയുധമായ കൈക്കോട്ടെടുത്ത് പാര്‍ത്തോ മജിയുടെ തലക്കടിക്കുകയായിരുന്നുവെന്നും സംഭവത്തിന് ശേഷം ഒന്നുമറിയാത്ത മട്ടില്‍ സമീപത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളായ സഹപ്രവര്‍ത്തകര്‍ക്കൊപ്പം പ്രതി ചീട്ടുകളിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും സൈന്റിഫിക്ക് വിദഗ്ധരുടെ കണ്ടെത്തലുകളുമാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. ജില്ലാ പോലീസ് മേധാവിയായ ദേബേഷ്‌കുമാര്‍ ബഹ്‌റ ഒഡീഷാ പോലീസുമായി നിരന്തരം ബന്ധപ്പെട്ടാണ് അന്വേഷണം നടത്തിയത്. പ്രതിയ്ക്ക് ഒഡിയ ഭാഷ മാത്രം അറിയാവുന്നതിനാല്‍ ചോദ്യം ചെയ്യലും മറ്റ് അന്വേഷണ നടപടികളും കേരളാ പോലീസിന് ബുദ്ധിമുട്ടുണ്ടാക്കി.

ഇതിനെ മറികടക്കാന്‍ ഒഡിഷ ഭാഷ അറിയാവുന്ന പെരുവള്ളൂര്‍ സ്വദേശികളായ കെ.ടി ഉസ്മാന്‍, പി.സി കബീര്‍, ബഷീര്‍ ചേളാരി എന്നിവരുടെ സഹായത്തോടെയായിരുന്നു പോലീസ് കേസന്വേഷണം മുന്നോട്ടുകൊണ്ടുപോയത്. കെ.ടി ഉസ്മാനാണ് പ്രതിയുടെ മൊഴി പോലീസിന് തര്‍ജ്ജമ ചെയ്ത് നല്‍കിയത്. പാര്‍ത്തോ മജി വാടക ക്വാര്‍ട്ടേഴ്‌സില്‍ തലക്കടിയേറ്റ് രക്തത്തില്‍ കുളിച്ചുകിടക്കുന്നത് കണ്ട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയെലത്തിച്ചപ്പോഴും അതിന് ശേഷവും ഹൊഗ്ഗാര്‍ദോ ഗൗഡ പിന്‍മാറി നിന്നിരുന്നു. ഇതു തന്നെ പോലീസില്‍ സംശയം ജനപ്പിച്ചിരുന്നു. ഇക്കാര്യവും സാഹചര്യതെളിവുകളും സഹതൊഴിലാളികളുടെ മൊഴിയും അടിസ്ഥാനമാക്കിയായിരുന്നു അന്വേഷണം. ഡിസംബര്‍ 18ന് തലക്കടിയേറ്റ് മാരകമായി പരിക്കേറ്റ് അബോധാവസ്ഥയിലായ പാര്‍ത്തോ മാജി പത്ത് ദിവസത്തിന് ശേഷമാണ് ചികിത്സയിലിരിക്കെ മരിച്ചത്.ദേബേഷ്‌കുമാര്‍ ബഹ്‌റയുടെ നിര്‍ദേശ പ്രകാരം മലപ്പുറം ഡി.വൈ.എസ്.പി പി.എം പ്രദീപ്, തിരൂരങ്ങാടി സി.ഐ വി. ബാബുരാജ് എന്നിവരുടെ നേത്യത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് തെളിവുകളില്ലാത്ത ഘട്ടത്തില്‍ കേസന്വേഷണം ഊര്‍ജ്ജിതമാക്കിയത്. അന്വേഷണത്തിന്റെ ഭാഗമായി നിരവധി ഇതര സംസ്ഥാന തൊഴിലാളികളെയും നാട്ടുകാരെയും ചോദ്യം ചെയ്തിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയും മറ്റ് ശാസ്ത്രീയ രീതിയിലുള്ള അന്വേഷണത്തിലൂടെയുമാണ് കേസിന് തുമ്പുണ്ടാക്കിയത്. കേസന്വേഷണ വേളയില്‍ അന്വേഷണ സംഘം രണ്ടു തവണ ഒഡീഷയില്‍ പോയി പലരെയും ചോദ്യം ചെയ്ത് തെളിവെടുത്തിരുന്നു. സംസ്ഥാനത്തിന്റെ ഇതര ജില്ലകളിലും തെളിവെടുപ്പ് നടത്തി. തേഞ്ഞിപ്പലം എസ്.ഐ എം അഭിലാഷ്, ജി.എസ്.ഐ അബ്ദുല്‍ അസീസ്, എ.എസ്.ഐമാരായ അഹമ്മദ്കുട്ടി, എം. വിജയന്‍, വല്‍സന്‍, അബ്ദുല്‍ അസീസ്, സത്യനാഥന്‍, ശശി കുണ്ടറക്കാട്, പ്രശോഭ്, സിവില്‍ പോലീസ് ഓഫീസര്‍ വി. ഹരിദാസന്‍, ഹോംഗാര്‍ഡ് അപ്പു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Related Articles