പരപ്പനങ്ങാടി: പരപ്പനങ്ങാടി പൂരപ്പൂഴയ്ക്കടുത്ത്വെച്ച് വാഹനപരിശോധനയ്ക്കിടെ കെഎസ്ആര്‍ടിസി ബസ്സില്‍ നിന്ന് എക്സൈസ് സംഘം ഒമ്പത് ലക്ഷത്തി എഴപത്തിയേഴായിരം രൂപ പിടികൂടി. ഉടമസ്ഥനില്ലാത്ത നിലയില്‍ കണ്ട ഒരു ബാഗില്‍ നിന്നാണ് പണം കണ്ടത്. രാത്രി 8 മണിയോടെയാണ് സംഭവം. കോഴിക്കോട് നിന്ന് ഗുരുവായൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് പൂരപ്പുഴ പാലത്തിന് സമീപത്തുവെച്ചാണ് പരിശോധിച്ചത്.
ബസിന്റെ ലഗേജ് വെക്കുന്ന ക്യാരിയറില്‍ ഉണ്ടായിരുന്ന നീലനിറമുള്ള ബാഗിലാണ് രൂപയുണ്ടായിരുന്നത്. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കെട്ടുകളായാണ് പണം സൂക്ഷിച്ചിരുന്നത്. ഇത് കുഴല്‍പണമാണെന്ന് സംശയിക്കുന്നതായി ഉദ്യാഗസ്ഥര്‍ പറഞ്ഞു.
മലപ്പുറം ഡപ്യൂട്ടി എക്സൈസ്് കമ്മീഷണറുടെ നിര്‍ദേശ പ്രകാരം ജില്ലയില്‍ നടത്തിയ കോമ്പിങ് വാഹനപരിശോധനയുടെ ഭാഗമായി രാത്രി 6 മണി മുതല്‍ 9 മണിവരെ വാഹനപരിശോധന നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി തിരൂര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ പി.ജുനൈദിന്റെ നേതൃത്വത്തിലുള്ള സംഘം പരപ്പനങ്ങാടിയില്‍ നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്.
പൊന്നാനി ഡിപ്പോയില്‍ നിന്ന് സര്‍വ്വീസ് നടത്തുന്ന ഈ ബസും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പണം കണ്ടെടുത്ത ബാഗില്‍ നിന്ന് എഞ്ചിനിയറിങ് വിദ്യാര്‍ത്ഥികളുടെ ഒരു ഗൈഡും ലഭിച്ചിട്ടുണ്ട്. വാഹനപരിശോധന നടത്തിയ സംഘത്തില്‍ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ബാബുരാജ് കെ എം , മൊയ്തീന് കോയ, എ അജു എന്നിവരും ഉണ്ടായിരുന്നു.





