താനൂര്‍: തമിഴ്നാട് ഈറോഡ് സ്വദേശിയായ യുവാവില്‍ ട്രെയിനില്‍ നിന്നും വീണു മരിച്ച നിലയില്‍ കണ്ടെത്തി. ആര് എം പുത്തൂര്‍ 225/എ പെരുമാള്ലൈ വീട്ടില്‍ സതീശന് (25) ആണ് മരിച്ചത്.
കോഴിക്കോട് കേന്ദ്രീകരിച്ചുള്ള നിര്‍മാണ കമ്പനിയില്‍ തൊഴിലാളിയായ സതീശന് നാട്ടിലേക്ക് പോകുന്നതിനിടെ താനൂര്‍ ഓലപ്പീടിക ഭാഗത്ത് വെച്ച് തെന്നി വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. എസ് ഐ സി രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ താനൂര്‍ പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. തുടര്‍ന്ന് പോസ്റ്റ്മാര്‍ട്ടത്തിന് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. സതീശന് ഭാര്യയും ഏഴ് മാസം പ്രായമായ കുഞ്ഞുമുണ്ട്. പിതാവ്: അണ്ണാമല.




