ഖത്തറില്‍ ശൈത്യത്തിന് പിറകെ ഇന്നുമുതല്‍ ശക്തമായ കാറ്റും

ദോഹ: രാജ്യത്ത് തുടരുന്ന ശൈത്യന്ന് പിറകെ ഇന്നുമുതല്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കുറച്ചു നാള്‍ നീണ്ടുനില്‍ക്കുന്നതായിരിക്കും ഈ പ്രതിഭാസം. ഈ മാസം 14 വരെയാണ് കൊടുങ്കാറ്റടിക്കാനുള്ള സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു.

അന്തരീക്ഷപാളിയുടെ രണ്ട് തലങ്ങളിലുണ്ടാകുന്ന കുറഞ്ഞ മര്‍ദ്ദം മൂലമാണ് ഇന്നുമുതല്‍ ചൊവ്വാഴ്ച വരെയുള്ള കാലാവസ്ഥയെ അസ്ഥിരമാക്കുക. അന്തരീക്ഷപാളിയുടെ രണ്ട് തലങ്ങളിലുണ്ടാകുന്ന കുറഞ്ഞ മര്‍ദ്ദത്തിന് കാരണം, സൗദി അറേബ്യയുടെ വടക്കന്‍ മേഖലയിലെ കുറഞ്ഞ മര്‍ദ്ദത്തിന്‍െറ കാഠിന്യമാണന്നും അറബ്യന്‍ കടല്‍തീരത്തിന് മീതെയുള്ള സുഡാന്‍ കുറഞ്ഞ മര്‍ദത്തിന്‍െറയും പരിണിതഫലമാണന്നും കാലാവസ്ഥാ വകുപ്പ് വിശദമാക്കുന്നു. ഇന്നുമുതലുള്ള ആറ് ദിവസങ്ങളില്‍ ചാറ്റല്‍ മഴക്കും സാദ്ധ്യതയുണ്ട്. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ കാറ്റ് കൂടുതല്‍ ശക്തമാകുമെന്നും വേഗം മണിക്കൂറില്‍ 18നും 25 നോട്ടിക്കല്‍ മൈലിനുമിടയിലാകുമെന്നും അറിയിപ്പില്‍ പറയുന്നുണ്ട്.
കാറ്റിന് 35 നോട്ടിക്കല്‍ മൈല്‍ വേഗം കൂടാനുള്ള സാദ്ധ്യതയുമുണ്ട്.
ശക്തമായ കാറ്റ് വീശുന്ന നേരം കടല്‍ത്തിരമാല 15 അടി ഉയരാനും സാദ്ധ്യതയുള്ളതിനാല്‍ കടലില്‍ പോകുന്നവര്‍ അതീവ ജാഗ്രത പാലിക്കണം.

കാലാവസ്ഥ വകുപ്പിന്‍െറ മുന്നറിയിപ്പുകളെ കുറിച്ച് ജനങ്ങള്‍ കരുതിയിരിക്കണമെന്നും വകുപ്പ് അറിയിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top