ഖത്തര്‍ എയര്‍വേയ്‌സിന്റെ പുതിയ ബാഗേജ് നയം നിലവില്‍ വന്നു

ദോഹ: ഖത്തര്‍ എയര്‍വേയ്‌സിന്റെ വിമാനങ്ങളില്‍ യാത്രക്കാര്‍ക്ക് കൊണ്ടുപോകാവുന്ന ബാഗേജിന്റെ തൂക്കവും അധിക ബാഗേജിന് നല്‍കേണ്ടി വരുന്ന തുകയും വര്‍ധിപ്പിച്ച നടപടി ഇന്നലെ മുതല്‍ പ്രാല്യത്തില്‍ വന്നു.
കഴിഞ്ഞയാഴ്ചയാണ് ബാഗേജ് പരിധിയും അധിക ബാഗേജിനുള്ള തുകയും വര്‍ധിപ്പിക്കുന്നതായി ഖത്തര്‍ എയര്‍വേയ്‌സ് പ്രഖ്യാപിച്ചത്.  ഇക്കോണമി ക്ലാസില്‍ 23 കിലോ ആയിരുന്നത് 30 കിലായായും ബിസിനസ് ക്ലാസില്‍ 30 കിലോയില്‍ നിന്ന് 40 ആയും ഫസ്റ്റ് ക്ലാസില്‍ 40 കിലോയില്‍ നിന്നും 50 കിലോ ആക്കിയുമായാണ് ബാഗേജ് പരിധി വര്‍ധിപ്പിച്ചിരുന്നത്. ഇതാണ് ഇന്നലെ മുതല്‍ യാത്രക്കാര്‍ക്ക് അനുവദിച്ചു തുടങ്ങിയത്. ബിസിനസ് ആവശ്യങ്ങള്‍ക്കും അവധിക്കും വിവിധ നാടുകളിലേക്ക് യാത്രപോകുന്നവരുടെ ആവശ്യം പരിഗണിച്ചാണ് ബാഗേജ് തൂക്കം വര്‍ധിപ്പിക്കുന്നതെന്നാണ് ഖത്തര്‍ എയര്‍വെയ്‌സ് മാനേജ്‌മെന്റ് വ്യക്തമാക്കിയത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇന്ത്യയിലേക്കുള്ള സൗജന്യ ബാഗേജ് പരിധി വെട്ടിക്കുറച്ചെന്ന വാര്‍ത്തകള്‍ പുറത്ത് വന്ന സമയത്ത് തന്നെയാണ് ഖത്തര്‍ എയര്‍വേയ്‌സ് ബാഗേജ് പരിധി വര്‍ധിപ്പിക്കുന്നതായി അറിയിച്ചത്.
അതേസമയം അധിക ബാഗേജ് കൊണ്ടുപോകുന്നവര്‍ക്ക് ഇനിമുതല്‍ നല്‍കേണ്ടി വരിക ഭീമമായ തുകയായിരിക്കും. ദോഹയില്‍ നിന്ന് യൂറോപ്പിലേക്ക് നേരത്തെ ഒരുകിലോ അധിക തൂക്കത്തിന് 40 ഖത്തര്‍ റിയാലായിരുന്നെങ്കില്‍ ഇന്നലെ മുതല്‍ ഇത് 80 റിയാലായാണ് വര്‍ധിപ്പിച്ചത്. അധിക ബാഗേജിന്റെ പണം ഓണ്‍ലൈന്‍ വഴിയും ചെക്ക് ഇന്‍ സമയത്തോ നല്‍കാം. പ്രിവിലേജ് ക്ലബ് അംഗങ്ങള്‍ക്ക് അധിക ബാഗേജിനോടൊപ്പം ഇപ്പോള്‍ ഉയര്‍ത്തിയ ബാഗേജും ലഭ്യമായിരിക്കും.—അധികമുള്ള ബാഗേജുകള്‍ അഞ്ച് കിലോ തൂക്കമുള്ള പെട്ടികളാക്കണമെന്നും കുട്ടികളുടെ ടിക്കറ്റില്‍ അധിക ബാഗേജ് അനുവിദിക്കില്ലെന്നും ഖത്തര്‍ എയര്‍വെയ്‌സ് വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നു. വിവിധ രാജ്യങ്ങളിലേക്കുള്ള നിരക്കുകളും വ്യത്യസ്തമാണ്.
ജി—സി—സി, കിഴക്കന്‍ മെഡിറ്ററേനിയന്‍, ഇറാന്‍, ഇന്ത്യാ ഉപഭൂഖണ്ഡം എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള അധിക നിരക്ക് ഓണ്‍ലൈന്‍ വഴിയാണെങ്കില്‍ കിലോഗ്രാമിന് 12 യു എസ് ഡോളറും ചെക്ക് ഇന്‍ സമയത്താണെങ്കില്‍ 15 യു എസ് ഡോളറുമാണ്.
Share news
error: Content is protected !!
Scroll to Top