കേരളത്തില്‍ തെരഞ്ഞെടുപ്പ്‌ മെയ്‌ 16 ന്‌

electionദില്ലി: കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഒറ്റദിവസമായി മെയ് 16-നാണ് വോട്ടെടുപ്പ് നടക്കുന്നത്. ബംഗാളില്‍ ആറ് ഘട്ടമായും അസമില്‍ രണ്ട് ഘട്ടമായും തെരഞ്ഞെടുപ്പ് നടക്കും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഇന്ന് തന്നെ നിലവില്‍ വന്നു. ദില്ലിയിലെ ഇലക്ഷന്‍ കമ്മീഷന്റെ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നസിം സെയ്ദിയാണ് തീയതി പ്രഖ്യാപിച്ചത്.

ഏപ്രില്‍ 29 മുതല്‍ കേരളത്തില്‍ തെരഞ്ഞെടുപ്പിനായി സ്ഥാനാര്‍ത്ഥികള്‍ക്ക്‌ നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കാം. ഏപ്രില്‍ 30 വരെ സൂക്ഷ്മപരിശോധന.മെയ് രണ്ടാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. മെയ് 19-ന് വോട്ടെണ്ണല്‍.

പെരുമാറ്റച്ചട്ടം നിലവില്‍ വന്നതോടെ സര്‍ക്കാരിന് ഇനി ക്ഷേമപദ്ധതികളൊന്നും പ്രഖ്യാപിക്കാനാവില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയം ഇതിനകം തന്നെ പാര്‍ട്ടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസിനും സിപിഐഎമ്മിലും ബിജെപിയിലുമുള്‍പ്പെടെ സ്ഥാനാര്‍ത്ഥി നിര്‍ണയം അന്തിമഘട്ടത്തിലുമാണ്. ഏപ്രില്‍ പകുതിയോടെ തെരഞ്ഞെടുപ്പ് നടക്കുമെന്ന സൂചനയിലായിരുന്നു തിടുക്കത്തില്‍ കക്ഷികള്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കിയത്. തെരഞ്ഞെടുപ്പ് ഏപ്രില്‍ പകുതിയോടെ നടത്തണമെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് കേരളത്തിലെ വിവിധ രാഷ്ട്രീയകക്ഷികളും ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പ് തീയതി വളരെ വൈകിപ്പോയെന്ന് കോണ്‍ഗ്രസും സിപിഐഎമ്മും പ്രതികരിച്ചു.

തീയതി പ്രഖ്യാപനത്തോടെ രണ്ടര മാസം നീണ്ടു നില്‍ക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കാകും കേരളം വേദിയാകുന്നത്.

Related Articles